| Monday, 14th October 2019, 11:25 am

'അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ പോലും അവര്‍ അനുവദിച്ചില്ല; മൃതദേഹത്തോട് പോലും ക്രൂരതകാണിച്ചു'; ശ്രീനഗറില്‍ ടിയര്‍ ഗ്യാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ശ്രീനഗറിലെ ബാരിപോര മേഖയിലെ സേക്കിദാഫര്‍ ടൗണില്‍ സി.ആര്‍.പി.എഫ് നടത്തിയ ടിയര്‍ ഗ്യാസ് ആക്രമണത്തില്‍ പരിക്കേറ്റ് 55 കാരനായ മുഹമ്മദ് അയൂബ് ഖാന്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്നും ഇപ്പോഴും കുടുംബം മോചിതരായിട്ടില്ല.

ഓഗസ്റ്റ് 17നായിരുന്നു സംഭവം. സുരക്ഷാ സേന ഉപയോഗിച്ച രണ്ട് ടിയര്‍ഗാസ് ഷെല്ലുകള്‍ അയൂബിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു.
ടിയര്‍ ഗ്യാസിന്റെ പുക ശ്വസിച്ച ശേഷം അയൂബ് ഖാന്‍ അബോധാവസ്ഥയിലായി, പിന്നീട് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അയൂബ് മരണപ്പെടുന്നത്.

ഓഗസ്റ്റ് 5 മുതല്‍ താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ഇവിടെ സംഭവിച്ച പല മരണങ്ങളും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കുടുംബം പറയുന്നു. അയൂബ് ഖാന്റെ മരണം ബന്ധുക്കളെപ്പോലും അറിയിക്കാന്‍ തങ്ങള്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് 5 മുതല്‍ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു മരണം പോലും ശ്രീനഗറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നായിരുന്നു സുരക്ഷാ സേനയും സര്‍ക്കാരും ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പുറംലോകത്ത് എത്തുകപോലും ചെയ്യാത്ത ഇത്തരം നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സംഭവിച്ചിട്ടുണ്ടെന്നാണ് നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

”വടക്കന്‍ കശ്മീരിലെ പട്ടാനില്‍ കഴിയുന്ന ഞങ്ങളുടെ സഹോദരി ഞങ്ങളുടെ സഹോദരന്റെ മരണം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് വിവരം അറിയുന്നത്. ഒരു ബന്ധുവിനെ ഏറെ ബുദ്ധിമുട്ടി അവിടേക്ക് പറഞ്ഞയക്കുകയായിരുന്നു. അവള്‍ക്ക് ഇത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇതെല്ലാം എങ്ങനെയാണ് ഞങ്ങള്‍ സഹിക്കേണ്ടത്. – അയൂബിന്റെ സഹോദരന്‍ ഷാബിര്‍ അഹമ്മദ് ഖാന്‍ ചോദിക്കുന്നു.

തടിക്കച്ചവടം നടത്തിയാണ് അയ്യൂബ് ഉപജീവനം നടത്തിയത്. ഭാര്യയും മൂന്ന് പെണ്‍മക്കളുമടക്കം കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു അദ്ദേഹം. ഇളയമകള്‍ നാലാം ക്ലാസില്‍ പഠിക്കുന്നു, രണ്ടാമത്തെ മകള്‍ എട്ടാം ക്ലാസിലും മൂത്തമകള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പിതാവിന്റെ മരണത്തെ കുറിച്ച് ഒരുവാക്ക് പോലും സംസാരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.

370 റദ്ദാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെ ചില പ്രതിഷേധ പ്രകടനങ്ങള്‍ പ്രദേശത്ത് നടന്നിരുന്നു. എന്താണെന്ന് അറിയാനായി റോഡില്‍ എത്തിയാതിരുന്നു അദ്ദേഹം. ആളുകളെ ഓടിക്കാനായി സുരക്ഷാ സേന ടിയര്‍ഗ്യാസ് ഉപയോഗിക്കാന്‍ തുടങ്ങി. മൂന്ന് ടിയര്‍ഗ്യാസ് ഷെല്ലുകളാണ് അയ്യൂബിന് മുന്നില്‍ പൊട്ടിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യാതൊരു പ്രകോപനവും പ്രദേശത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ ടിയര്‍ഗ്യാസ് ഉപയോഗിച്ചുകൊണ്ടേയിരുന്നു. വീടിന്റെ ജനല്‍ചില്ലുകളും മറ്റും പൊട്ടിച്ചിതറുകയായിരുന്നു. ഇത് നിര്‍ത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. മൂന്ന് ടിയര്‍ ഷെല്ലുകളില്‍ രണ്ടെണ്ണം അയൂബിന്റെ കാലില്‍ വന്ന് പൊട്ടിത്തെറിച്ചു. പുക ശ്വസിച്ചതോടെ അദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെട്ടു. അദ്ദേഹം ശ്വസിക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.

വായില്‍ നിന്ന് നുരയും മൂക്കില്‍ നിന്നും രക്തവും വന്നു. ഞങ്ങള്‍ക്ക് ആംബുലന്‍സ് വിളിക്കാന്‍ പോലും കഴിഞ്ഞില്ല. ഒടുവില്‍ ഒരു ഓട്ടോയില്‍ അദ്ദേഹത്തെ കയറ്റി ആശുപത്രിയിലേക്ക് പോകും റോഡില്‍ നിലയുറപ്പിച്ച സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ വണ്ടി തടഞ്ഞു. 20 മിനുട്ടാണ് അവര്‍ ഞങ്ങളെ തടഞ്ഞുവെച്ചത്. കേണപേക്ഷിച്ചിട്ടും അവര്‍ ഞങ്ങളെ വിടാന്‍ തയ്യാറായില്ല. ഒടുവില്‍ ഞങ്ങളെ പോകാന്‍ അനുവദിച്ചു. എന്നാല്‍ ഞങ്ങള്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു.- ഖാന്റെ ഇളയ സഹോദരന്‍ മുഹമ്മദ് ഇല്യാസ് ഖാന്‍ പറഞ്ഞു. ആ 20 മിനിറ്റ് അവര്‍ ഞങ്ങളെ റോഡില്‍ നിര്‍ത്തിയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഞങ്ങളുടെ സഹോദരന്റെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നാണ് ഇല്യാസ് പറയുന്നത്.

ആശുപത്രിയില്‍ നിന്നും ലഭിച്ച ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റില്‍ ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്റെ മരണകാരണം എഴുതിയിട്ടില്ല. മരണ സര്‍ട്ടിഫിക്കറ്റും കുടുംബത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. മരിച്ചുവെന്ന് മാത്രമാണ് അവര്‍ എഴുതിയത്. ടിയര്‍ഗാസ് പുക ശ്വസിച്ചാണ് അദ്ദേഹം മരിച്ചതെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. വേണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം നടത്താമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ക്ക് അതിന് തോന്നിയില്ല.

ആംബുലന്‍സില്‍ നിന്നും മൃതദേഹം ആശുപത്രിയില്‍ നിന്ന് തിരികെ കൊണ്ടുവരുമ്പോഴും സുരക്ഷാ സേന ഞങ്ങളുടെ വാഹനം തടഞ്ഞു. ആംബുലന്‍സില്‍ നിന്നും മൃതദേഹം ഇറക്കി ചുമന്ന് കൊണ്ടുപോകുക മാത്രമേ പിന്നീട് വഴിയുണ്ടായിരുന്നുള്ളൂ. മൃതദേഹം സ്വീകരിക്കുന്നതിനായി അവിടെ ഒത്തുകൂടിയ ബന്ധുക്കള്‍ക്കും അയല്‍വാസികളായ മറ്റ് ആളുകള്‍ക്കും നേരെ അവര്‍ (സിആര്‍പിഎഫ് സൈനികര്‍) കണ്ണീര്‍ വാതക ഷെല്ലുകളും പെല്ലറ്റ് ആക്രമണവും നടത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഞങ്ങള്‍ക്ക് നീതി വേണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം, അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണം. സഹോദരന്റെ ഭാര്യയ്ക്കും മക്കള്‍ക്കും നഷ്ടപരിഹാരം നല്‍കണം- അഹമ്മദിന്റെ സഹോദരങ്ങള്‍ പറയുന്നു. മരണത്തില്‍ ഞങ്ങള്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നാണ് കുടുംബം പറയുന്നത്.

ഓഗസ്റ്റ് അഞ്ചിന് ആരംഭിച്ച നിരോധനാജ്ഞയ്ക്ക് പിന്നാലെ കശ്മീര്‍ ശാന്തമാണെന്ന് അവര്‍ പറയുന്നു. ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. പല മാധ്യമങ്ങളും അത് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഞങ്ങളുടെ സഹോദരന്റെ മരണത്തെക്കുറിച്ച് ഞങ്ങളുടെ ബന്ധുക്കളെപ്പോലും അറിയിക്കാന്‍ ഇതുവരെ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല. തെക്കന്‍ കശ്മീരിലെ ഞങ്ങളുടെ ചില ബന്ധുക്കള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ മരണം വിവരം അറിയിച്ചില്ല. ഇതാണോ നിങ്ങള്‍ പറയുന്ന ശാന്തത, ഇതാണോ എല്ലാം സാധാരണ നിലയിലായെന്ന് നിങ്ങള്‍ പറയുന്ന അവസ്ഥ- ഇല്യാസ് ഖാന്‍ ചോദിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more