| Wednesday, 5th August 2020, 4:57 pm

സോമനാഥ ക്ഷേത്ര ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിച്ചു; അന്ന് രാഷ്ടപതിയോട് പ്രധാനമന്ത്രി നെഹ്റു പറഞ്ഞു മതേതര ഇന്ത്യയ്ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തോട് അനുബന്ധിച്ച് നടക്കുന്ന ഭൂമിപൂജയില്‍ പ്രധാനമന്ത്രി പദവിയിലിരുന്നുകൊണ്ട് നരേന്ദ്ര മോദി പങ്കെടുത്തത് ചര്‍ച്ചയാകുമ്പോള്‍ ശ്രദ്ധേയമായി നെഹ്റുവിന്റെ വാക്കുകള്‍. കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ ഭൂമി പൂജയ്ക്ക് ക്ഷണിക്കാത്തതില്‍ എതിര്‍പ്പുമായി എത്തുമ്പോഴാണ് നെഹ്റുവിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നത്.

1951ല്‍ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി രാജേന്ദ്ര പ്രസാദിനും ഉപ പ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിനും ക്ഷണം ലഭിച്ചിരുന്നു. ഇതിനെതിരെ വിമര്‍ശനമുന്നയിച്ച് അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നെഹ്റു  ഡോ.രാജേന്ദ്ര പ്രസാദിനെഴുതിയ കത്താണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

”സോമനാഥ് ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് താങ്കള്‍ പങ്കെടുക്കുന്നത് എനിക്ക് ഉചിതമായി തോന്നുന്നില്ല. ഇത് ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കുന്നതിന്റെ വിഷയം മാത്രമല്ല. അത് തീര്‍ച്ചയായും ആര്‍ക്ക് വേണമെങ്കിലും ചെയ്യാം. പക്ഷേ ഇതിന് മറ്റ് അര്‍ത്ഥതലങ്ങള്‍ കൂടിയുണ്ട്. മതേതര ഇന്ത്യയ്ക്ക് അത് തെറ്റായ സന്ദേശം നല്‍കും,’ നെഹ്റു രാജേന്ദ്ര പ്രസാദിനെഴുതിയ കത്തില്‍ പറയുന്നു.

എന്നാല്‍ നെഹ്റുവിന്റെ എതിര്‍പ്പ് വകവെക്കാതെ രാജേന്ദ്ര പ്രസാദ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. ഇത് ഒരു മുസ്ലിം, ക്രിസ്ത്യന്‍ പള്ളിയുടെ കാര്യമാണെങ്കിലും താന്‍ ഇത് തന്നെയായിരിക്കും ചെയ്യുക എന്നായിരുന്നു ഇതിന് രാജേന്ദ്ര പ്രസാദിന്റെ മറുപടി.

ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഒവൈസിയാണ് ആദ്യമായി അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന്റെ ഭാഗമായി നടക്കുന്ന ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുന്നതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രിക്ക് നിശ്ചയമായും ഒരു മതത്തില്‍ വിശ്വസിക്കുന്നതിനുള്ള അധികാരമുണ്ട്. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ഇതിന് അധികാരമുണ്ട്. പക്ഷേ ഇന്ത്യന്‍ ഗവണ്‍മെന്റിന് ഒരു മതവുമായി എന്താണ് ബന്ധമെന്ന് പ്രധാനമന്ത്രിയില്‍ നിന്ന് അറിയാന്‍ താന്‍ താത്പര്യപ്പെടുന്നുവെന്നായിരുന്നു ഒവൈസി പറഞ്ഞത്. എന്തെന്നാല്‍ മതേതരത്വം ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ഇതുകൂടാതെ മറ്റൊരു ട്വീറ്റില്‍ ഒവൈസി പറയുന്നത് പ്രധാനമന്ത്രി സ്ഥാനത്തിരുന്ന് രാമജന്മ ഭൂമിപൂജയ്ക്ക് പങ്കെടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ് എന്നാണ്. 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബരി മസ്ജിദാണ് അയോധ്യയില്‍ ഉണ്ടായിരുന്നതെന്നും അവിടെ ഒരു കൂട്ടം ക്രിമിനലുകളെത്തി പള്ളി പൊളിക്കുകയായിരുന്നു എന്ന ചരിത്ര വസ്തുത നമുക്ക് മറക്കാന്‍ സാധിക്കില്ലല്ലോ എന്നും ഒവൈസി ചോദിച്ചിരുന്നു.

 ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

<iframe width=”668″ height=”380″ src=”https://www.youtube.com/embed/R5S-CHDtDtk” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

Latest Stories

We use cookies to give you the best possible experience. Learn more