ചെയ്ത തെറ്റ് എന്തെന്നറിഞ്ഞാല്‍ മാപ്പ് പറയാമായിരുന്നു; ലളിതചേച്ചിയുടെ നിലപാടുകള്‍ വിഷമിപ്പിച്ചു. സൈബര്‍ ആക്രമണങ്ങളെ സിദ്ദിഖ് അനുകൂലിച്ചത് തെറ്റ് ; പാര്‍വ്വതി തിരുവോത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:ഡബ്ല്യു.സി.സി ഉന്നയിച്ച ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ അതില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് എ.എം.എം.എ ശ്രമിക്കുന്നതെന്ന് നടി പാര്‍വ്വതി തിരുവോത്ത്. എ.എം.എം.എയില്‍ ഭിന്നത ഉണ്ട്. അവരില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്താണ് നിലപാടെന്ന് പോലും മനസ്സിലാകുന്നില്ലെന്നും പാര്‍വ്വതി പറഞ്ഞു.

അമ്മയിലെ അംഗങ്ങളായ ഞാന്‍ അടക്കമുള്ളവര്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് വ്യക്തമാക്കിയാലെ മാപ്പ് പറയാന്‍ എങ്കിലും കഴിയൂവെന്നും നടി കെപിഎസി ലളിതയുടെ നിലപാടില്‍ വേദന ഉണ്ടെന്നും പാര്‍വ്വതി പ്രതികരിച്ചു.

ALSO READ: നടന്‍ അലയന്‍സിയറിനെതിരേ മി ടൂ: തുടര്‍ച്ചയായി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന് യുവനടി

അമ്മയിലെ അംഗമായിരുന്ന നടി അക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് അതേ സംഘടനയിലെ ഒരംഗമെന്ന നിലയിലാണ് പലകാര്യങ്ങളും ചോദിച്ചത്. കുറ്റാരോപിതന്‍ സംഘടനയില്‍ ഉണ്ടോ എന്നതാണ് ചോദ്യം. എന്നാല്‍ ഇതിന് വ്യക്തമായൊരുത്തരം ഇത് വരെ കിട്ടിയിട്ടില്ല. മറിച്ച് ചോദ്യത്തില്‍ നിന്നും ശ്രദ്ധതിരിച്ചു വിടാനാണ് എ.എം.എം.എ ശ്രമിക്കുന്നത് എന്നും നടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.