ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. പെഗാസസ് വിഷയത്തില്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച രാഹുലിന് മറുപടിയായി അദ്ദേഹം ആശയകുഴപ്പത്തിലാണെന്നും ബോധം നഷ്ടപ്പെട്ടുവെന്നുമാണ് പ്രഹ്ലാദ് ജോഷി പറഞ്ഞത്.
കഴിഞ്ഞ ദിവസത്തെ പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ പെഗാസസ്, ഇന്ത്യാ ചൈന അതിര്‍ത്തി തര്‍ക്കം, തൊഴിലില്ലായ്മ, കര്‍ഷക പ്രക്ഷോഭം എന്നീ വിഷയങ്ങളിലൂന്നി കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ആഞ്ഞടിച്ചത്.
ഇതിന് പിന്നാലെ കേന്ദ്രമന്ത്രിമാരുടെ ഭാഗത്ത് നിന്നും അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനമുണ്ടായി.
‘രാഹുല്‍ ഗാന്ധി ആശയകുഴപ്പത്തിലാണ്. അദ്ദേഹം പറയുന്നത് ഇന്ത്യ ഒരു രാജ്യമല്ലെന്നാണ്. അദ്ദേഹം ഇന്ത്യയുടെ ചരിത്രത്തിന്‍ കീഴിലല്ല. രാഹുലിന് ബോധം നഷ്മായിരിക്കുന്നു,’ പ്രഹ്ലാദ് ജോഷി പറഞ്ഞു.
ഭരണഘടന വായിച്ചാല്‍ ഇന്ത്യയെ രാജ്യമായിട്ടല്ല, സംസ്ഥാനങ്ങളുടെ കൂട്ടം എന്നാണ് വിശേഷിപ്പിക്കുന്നതെന്ന രാഹുലിന്റെ പരാമര്‍ശത്തോടായിരുന്നു പ്രഹ്ലാദ് ജോഷിയുടെ പ്രതികരണം. തമിഴ്‌നാട്ടിലെ ഒരു സഹോദരന് മഹാരാഷ്ട്രയിലെ ഒരു സഹോദരനുള്ള അതേ അവകാശങ്ങള്‍ ഉണ്ടെന്നും ജമ്മു കാശ്മീരിലും, മണിപ്പൂരിലും, ലക്ഷദ്വീപിലും അങ്ങനെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് മിനിട്ടുകള്‍ക്കകം അദ്ദേഹം മാപ്പ് പറയണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും രംഗത്തെത്തി.
ഇന്ത്യയുടെ നിയമമന്ത്രി എന്ന നിലയില്‍ മാത്രമല്ല, ഒരു സാധാരണ പൗരന്‍ എന്ന നിലയിലും, ഇന്ത്യയുടെ ജുഡീഷ്യറിയെയും എക്‌സിക്യൂട്ടീവിനെയും കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞതിനെ ഞാന്‍ അപലപിക്കുന്നു. ഇവ നമ്മുടെ ജനാധിപത്യത്തിന്റെ സുപ്രധാന സ്ഥാപനങ്ങളാണ്. ശ്രീ. രാഹുല്‍ ഗാന്ധി ഉടന്‍ ജനങ്ങളോടും, ജുഡീഷ്യറിയോടും, എക്‌സിക്യൂട്ടീവിനോടും മാപ്പ് പറയണം,’ കിരണ്‍ റിജിജു പറഞ്ഞു.
‘രാഹുല്‍ ഗാന്ധി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെന്നും ഭരണഘടനാ അധികാരികളോട് അദ്ദേഹത്തിന് യാതൊരു പരിഗണനയുമില്ലെന്നും ഞങ്ങള്‍ക്കറിയാം. അദ്ദേഹത്തിന്റെ പതിവ് ബുദ്ധിശൂന്യമായ അഭിപ്രായങ്ങള്‍ ഞങ്ങള്‍ ഗൗരവമായി എടുക്കുന്നില്ല, എന്നാല്‍ പാര്‍ലമെന്റ് ഹൗസില്‍ നിന്ന് അദ്ദേഹം ഭരണഘടനാ അധികാരികളെ ദുരുപയോഗം ചെയ്തതിനാല്‍, അദ്ദേഹം നിരുപാധികം മാപ്പ് പറയണം,’ റിജിജു പറഞ്ഞു.
Content Highlight: what-ministers-said-on-rahul-gandhi-speech-history-lessons-to-apology745