പാലക്കാട്: പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്നും മന്ത്രി എം.ബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും വി.ഡി സതീശൻ ആരോപിച്ചു.
മദ്യനയം മാറിയത് ഒരു സ്വകാര്യ കമ്പനി മാത്രമാണ് അറിഞ്ഞതെന്നും അത് ഒയാസിസ് ആണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ക്ഷണപ്രകാരമാണ് മദ്യ നിർമാണശാല ആരംഭിക്കുന്നതെന്ന് ഒയാസിസ് കമ്പനി വ്യക്തമാക്കിയിട്ടുണ്ടെന്നും ജല അതോറിറ്റിക്ക് നൽകിയ അപേക്ഷയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘മദ്യ നയം മാറുന്നതിന് മുമ്പ് സർക്കാർ കമ്പനിയുമായി ഡീൽ ഉണ്ടാക്കി. ഈ കമ്പനിക്ക് വേണ്ടിയാണ് സർക്കാർ മദ്യം നയം മാറ്റിയത്. സർക്കാർ കമ്പനിയെ ക്ഷണിക്കും മുമ്പ് കമ്പനിക്ക് ഐ. ഒ. സി അനുമതി ലഭിച്ചിട്ടില്ല. 2023ൽ പദ്ധതിക്ക് വെള്ളം ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റിക്ക് കമ്പനി കത്ത് നൽകി. സർക്കാരിന്‍റെ ക്ഷണപ്രകാരമാണ് കമ്പനി ആരംഭിക്കുന്നതെന്ന് കത്തിൽ പറഞ്ഞിരുന്നു.
കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് സർക്കാർ കമ്പനിയെ കേരളത്തിലേക്ക് ക്ഷണിച്ചു. 2023 ജൂണ്‍ 16നാണ് കമ്പനി വാട്ടര്‍ അതോറിറ്റിക്ക് കത്ത് നൽകിയത്. അതേദിവസം തന്നെ വാട്ടർ അതോറിറ്റി മറുപടി നൽകി. 2023ൽ കേരളത്തിൽ മദ്യനിർമാണ ശാല തുടങ്ങാൻ കമ്പനി ഐ.ഒ.സിയിലും അപേക്ഷ നൽകി. കമ്പനിയും എക്സൈസ് മന്ത്രിയുമായി ഡീല്‍ നടന്നു. എം.ബി രാജേഷുമായി കെ. കവിത ചര്‍ച്ച നടത്തിയിട്ടുമുണ്ട്,’ വിഡി സതീശൻ പറഞ്ഞു.
അതോടൊപ്പം കേന്ദ്ര മന്ത്രിമാരായ ജോര്‍ജ് കുര്യന്‍റെയും സുരേഷ് ഗോപിയുടെയും പ്രസ്താവനകള്‍ അപക്വമാണെന്ന് വി.ഡി സതീശൻ കൂട്ടിച്ചേർത്തു. ഉന്നതകുല ജാതൻ പ്രസ്താവന നടത്തിയ സുരേഷ് ഗോപി ഏത് കാലത്താണ് ജീവിക്കുന്നത്? കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ പൈസ തരാമെന്നാണ് ജോര്‍ജ് കുര്യൻ പറയുന്നത്. അവരുടെ തറവാട്ടിൽ നിന്ന് പൈസ എടുത്ത് തരുന്നത് പോലെയാണ് പറയുന്നത്. കേരളത്തോട് ബി.ജെ.പിക്ക് പുച്ഛമാണെന്നതിന് വെറെ തെളിവ് വേണ്ടായെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: What Minister MB Rajesh said was a lie; Only private company Oasis knew about liquor policy change: V.D. Satishan