എംബാപ്പെക്ക് എന്ത് യോഗ്യത, അതിനെക്കാൾ മൂല്യമേറിയ ഒരുത്തൻ ഇവിടെയുള്ളപ്പോൾ; സൂപ്പർതാരത്തെ പുകഴ്ത്തി ഏജന്റ് റഫേല പിമന്റ
Football
എംബാപ്പെക്ക് എന്ത് യോഗ്യത, അതിനെക്കാൾ മൂല്യമേറിയ ഒരുത്തൻ ഇവിടെയുള്ളപ്പോൾ; സൂപ്പർതാരത്തെ പുകഴ്ത്തി ഏജന്റ് റഫേല പിമന്റ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 22nd October 2022, 6:57 pm

ഈ സീസണിൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്യുന്ന താരമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളടി യന്ത്രമായ എർലിങ് ഹാലണ്ട്.

ജർമൻ ബുണ്ടസ് ലിഗ ഫുട്ബോൾ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് കഴിഞ്ഞ സമ്മർ സീസണിലാണ് താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്കെത്തിയത്.

സിറ്റിക്കായി ഇതിനകം 14 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടിയ താരം ലോക ഫുട്‌ബോളിൽ മികച്ച ചുവടുവെപ്പുകളാണ് നടത്തുന്നത്.

നിരവധിയാളുകളാണ് ഈ യുവതാരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോൾ താരത്തിന്റെ ഏജന്റായ റഫേല പിമന്റയും ഹാലണ്ടിനെ പുകഴ്ത്തി അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.

ഫുട്‌ബോൾ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു മില്യൺ പൗണ്ട് വേതനം വാങ്ങുന്ന താരമായി ഹാലണ്ട് മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ ദിവസം സ്‌കൈ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹാലണ്ടിന് ഫുട്‌ബോളിലുള്ള മൂല്യവും ഇമേജിലുള്ള മൂല്യവും സ്‌പോൺസർ മൂല്യവും പരിഗണിക്കുമ്പോൾ തീർച്ചയായും ഒരു ബില്യൺ പൗണ്ട് വരും.

നിങ്ങൾക്ക് വേണമെങ്കിൽ ഹാലണ്ടിനെ എംബാപ്പെയുമായി താരതമ്യം ചെയ്ത് നോക്കാം. അപ്പോൾ നിങ്ങൾക്ക് മാർക്കറ്റിങ് മനസിലാകും.

ഞാൻ മനസിലാക്കുന്നത് ഹാലണ്ടാണ് ഏറ്റവും കൂടുതൽ വേതനം വാങ്ങാൻ അർഹനായ താരം എന്നാണ്,” റഫേല വ്യക്തമാക്കി.

പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനമാണ് സിറ്റി നടത്തിക്കൊണ്ടിരിക്കുന്നത്. പ്രീമിയർ ലീഗിൽ പത്ത് മത്സരം കളിച്ച സിറ്റി ഏഴ് ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

യർഗൻ ക്ലോപ്പിന്റെ ലിവർപൂളിനോട് മാത്രമാണ് സീസണിൽ സിറ്റി പരാജയമേറ്റുവാങ്ങിയത്.

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സ്റ്റാൻഡിങ്സിൽ ഒന്നാമതാണ് സിറ്റി. നാല് മത്സരത്തിൽ നിന്നും മൂന്ന് ജയവും ഒരു സമനിലയുമടക്കം പത്ത് പോയിന്റാണ് സിറ്റിക്കുള്ളത്.

ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ബ്രിഗ്ടണെ നേരിടും.

Content Highlights: What merits Mbappe deserve, when there is someone more valuable than him; Agent Rafaela Pimenta praised the superstar