ന്യൂദല്‍ഹി: കേരളത്തെകുറിച്ചുള്ള സംഘപരിവാര്‍ വാദങ്ങളെ പൊളിച്ചടുക്കിയും കേരളത്തിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറിഞ്ഞും ദേശീയ മാധ്യമങ്ങളുടെ ദല്‍ഹി എഡിഷനുകളില്‍ കേരളാ സര്‍ക്കാരിന്റെ പരസ്യം.
കേരളം വലിയ ഭീതികരമായ അവസ്ഥയിലാണെന്ന പ്രചരണത്തിന് ആക്കം കൂട്ടിക്കൊണ്ടുള്ള കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് കേരളത്തിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട പത്രങ്ങളുടെ ദല്‍ഹി എഡിഷനുകളില്‍ കേരള സര്‍ക്കാര്‍ ഫുള്‍ പേജ് പരസ്യം നല്‍കിയിരിക്കുന്നത്.
സാധാരണഗതിയില്‍ വാര്‍ത്ത സമ്മേളനം വിളിച്ചാണ് കേരളത്തിനെതിരെ ആര്‍.എസ്.എസ് നടത്തുന്ന വ്യാജപ്രചരണങ്ങളെ സി.പി.ഐ.എം പ്രതിരോധിക്കാറ്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തിനായി കേരളത്തെ ഉപയോഗിക്കുന്ന ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വങ്ങള്‍ക്ക് കനത്ത പ്രഹരം നല്‍കിക്കൊണ്ടാണ് ദേശീയ മാധ്യമങ്ങളിലൂടെ തന്നെ കേരളം മറുപടി നല്‍കുന്നത്.
വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുന്നതാണ് പരസ്യം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാങ്ങളെക്കാള്‍ മെച്ചപ്പെട്ടതാണ് കേരളത്തിന്റെ ക്രമസമാധാന പാലനം, സാമൂഹിക, ആരോഗ്യ മേഖലകളെന്നും സെന്‍സസ് ഓഫ് ഇന്ത്യ, ദേശിയ ഹെല്‍ത്ത് സര്‍വേയുടെ കണക്കുകള്‍ ഉദ്ധരിച്ച് കേരളം ചൂണ്ടിക്കാട്ടുന്നു.
എന്താണ് കേരളത്തെ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഒന്നാമത് ആക്കി തീര്‍ക്കുന്നതെന്ന വിശദീകരണത്തോടെയാണ് പരസ്യം. ഇന്ത്യ ടുഡേ സര്‍വേ പ്രകാരം ഏറ്റവും മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനം കേരളമാണെന്നും പരസ്യത്തില്‍ പറയുന്നു.
വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും വരുമാനത്തിലും കേരളം മുന്നിലാണെന്ന് കണക്കുകളുടെ അടിസ്ഥാനത്തിലാണ് വാദം. പരിസ്ഥിതി സൗഹാര്‍ദവും സുരക്ഷിതവുമായ സംസ്ഥാനമാണ് കേരളമെന്നും പരസ്യത്തില്‍ പറയുന്നു.
ഏറ്റവും കുറവ് വര്‍ഗീയ കലാപങ്ങള്‍ നടന്നിട്ടുള്ള സംസ്ഥാനം കേരളമാണെന്നും പരസ്യത്തില്‍ സര്‍ക്കാര്‍ പറയുന്നു. 2017ലെ പബ്ലിക്ക് അഫെയ്‌ഴ്‌സ് ഇന്‍ഡെക്‌സ് പ്രകാരം ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമാണ് കേരളമെന്നും 2017 ലെ ഇന്ത്യന്‍ കറപ്ഷന്‍ സ്റ്റഡി പ്രകരാം അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് ഇതെന്നും പരസ്യത്തിലുണ്ട്.
2017ലെ എ.ഡി.ബി റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും പുരോഗതിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ദല്‍ഹിയെ പിന്തള്ളി കൊച്ചി ഒന്നാമതെത്തിയെന്നും നല്‍കിയിട്ടുണ്ട്.
നടന്‍ കമല്‍ ഹാസന്‍, സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെടി തോമസ്, ശ്രീ എം എന്നിവരുടെ കേരളത്തിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പരസ്യം. സംസ്ഥാനത്തെ ക്രമസമാധാന നില നിലനിര്‍ത്തിപോരുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നതായുള്ള ശ്രീ.എമ്മിന്റെ വാചകങ്ങളാണ് പരസ്യത്തില്‍ കൊടുത്തിട്ടുള്ളത്. ക്രിമിനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായുള്ള ജസ്റ്റിസ് കെ.ടി തോമസിന്റെ വാക്കുകളും കേരള സര്‍ക്കാര്‍ അയല്‍സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നുമുള്ള കമല്‍ഹാസന്റെ വാക്കുകളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വീടില്ലാത്ത എല്ലാവര്‍ക്കും സൗജന്യപാര്‍പ്പിട പദ്ധതി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്നും രാജ്യത്തെ തന്നെ ആദ്യസമ്പൂര്‍ണവൈദ്യൂതീകരണ സംസ്ഥാനംകേരളമെന്നും ട്രാന്‍സ്‌ജെന്റര്‍ പോളിസി നടപ്പാക്കുന്ന ആദ്യസംസ്ഥാനാണ് കേരളമെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേരളം സന്ദര്‍ശിക്കാനും കേരളത്തില്‍ നിക്ഷേപം നടത്താനും ക്ഷണിച്ചാണ് പരസ്യം അവസാനിക്കുന്നത്.
പാര്‍ലമെന്റ് സമ്മേളിക്കുന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എം.പിമാര്‍ ദല്‍ഹിയിലുണ്ട്. ഇവര്‍ക്കും കേരളത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ പരസ്യം സഹായിക്കുമെന്ന വിലയിരുത്തല്‍ കൂടിയാണ് ഇത്തരമൊരു പരസ്യം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍.