ന്യൂദല്‍ഹി; മുന്‍ ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസല്‍ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റിന്റെ (ജെ.കെ.പി.എം) അധ്യക്ഷ സ്ഥാനം രാജിവെച്ചതിനെ ചോദ്യം ചെയ്ത് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.
‘ഷായുടെ രാജിയില്‍ കശ്മീര്‍ അസ്വസ്ഥമാണ്. രാഷ്ട്രീയത്തിലൂടെ ജമ്മുകശ്മീര്‍ ജനതയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അഭിനിവേശത്തോടെ മുന്നിട്ടിറങ്ങിയ ആ മനുഷ്യനില്‍ രാജിവെയ്ക്കാനുള്ള തീരുമാനം ഇത്ര പെട്ടെന്ന് എങ്ങനെയുണ്ടായി?’- മുഫ്തിയുടെ ട്വീറ്റില്‍ പറയുന്നു.
യു.പി.എസ്.സി പരീക്ഷയില്‍ ഉന്നതറാങ്ക് നേടിയ വ്യക്തി. ഹാര്‍വാര്‍ഡ് യൂണിവേഴിസിറ്റിയില്‍ നിന്ന് ബിരുദം. ഒരു നല്ല സിവില്‍ ഓഫീസറായി മികവ് പുലര്‍ത്താന്‍ കഴിയുന്ന ധാരാളം കരിയര്‍ ഓപ്ഷനുകളുള്ള വ്യക്തി. എന്നാല്‍ ആഗസ്റ്റ് അഞ്ചിന് അദ്ദേഹം ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ കശ്മീരിനെ പറ്റി പരാമര്‍ശിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലിലാക്കപ്പെട്ടു- മുഫ്തി ട്വീറ്റ് ചെയ്തു.
മറ്റ് മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെപ്പോലെ പാരമ്പര്യമായി ലഭിച്ചതല്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോധമെന്നും മെഹബൂബ പറഞ്ഞു. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയില്‍ ഒരു വിശ്വാസ്യത കെട്ടിപ്പടുക്കാന്‍ സാധിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരിന്റെ ഭരണഘടനാവകാശങ്ങള്‍ക്ക് വേണ്ടിയാണ് ഷാ യും പാര്‍ട്ടിയും നിലകൊണ്ടെതെന്നും അവര്‍ വ്യക്തമാക്കി.
സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞ വര്‍ഷമാണ് ഷാ ഫൈസല്‍ സ്വന്തം പാര്‍ട്ടി ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് രൂപീകരിച്ചത്. താന്‍ രാഷ്ട്രീയചുമതലകളില്‍ നിന്ന് ഒഴിയുന്നുവെന്നാണ് ഷാ ഫൈസല്‍ അറിയിച്ചതായി പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളോട് താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിടുന്നുവെന്ന കാര്യം ഷാ ഫൈസല്‍ അറിയിച്ചിട്ടുണ്ട്. സംഘടനാചുമതലകളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.’
ഷാ ഫൈസലിന്റെ രാജി സ്വീകരിച്ചിട്ടുണ്ടെന്നും ഭാവി കാര്യങ്ങള്‍ അദ്ദേഹത്തിന് തീരുമാനിക്കാമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം ഭാവി എന്താകുമെന്ന് ഷാ സൂചിപ്പിച്ചിട്ടില്ലെങ്കിലും വീണ്ടും സിവില്‍ സര്‍വീസിലേക്ക് തന്നെ മടങ്ങുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2010ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമനായിരുന്നു 37-കാരനായ ഷാ ഫൈസല്‍. കശ്മീരിലെ തുടര്‍ച്ചയായ കൊലപാതകങ്ങള്‍, മുസ്‌ലിങ്ങളോടുള്ള വിവേചനം തുടങ്ങിയവയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് 2019-ല്‍ അദ്ദേഹം സിവില്‍ സര്‍വീസ് വിട്ട് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള നീക്കത്തിനെതിരെയും അദ്ദേഹം കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് പിന്നാലെ ഷാ ഫൈസല്‍ അടക്കമുള്ള കശ്മീരിലെ നൂറോളം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ തടങ്കലിലാക്കിയിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ വിട്ടയച്ചത്.