ലെവന്‍ഡോസ്‌കി പടയുമായി അഗ്നിപരീക്ഷ; ജീവവായുവിനായി മല്ലിട്ട് അര്‍ജന്റീന
Football
ലെവന്‍ഡോസ്‌കി പടയുമായി അഗ്നിപരീക്ഷ; ജീവവായുവിനായി മല്ലിട്ട് അര്‍ജന്റീന
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 30th November 2022, 11:37 am

ഖത്തര്‍ ലോകകപ്പില്‍ നിര്‍ണായക ഘട്ടത്തിലൂടെയാണ് ഗ്രൂപ്പ് സി കടന്നുപോകുന്നത്. ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അര്‍ജന്റീന. നാല് പോയിന്റുമായി പോളണ്ടാണ് ഒന്നാമത്. മൂന്ന് പോയിന്റുമായി സൗദി അറേബ്യ മൂന്നാം സ്ഥാനത്തും ഒരു പോയിന്റോടെ മെക്‌സിക്കോ നാലാം സ്ഥാനത്തുമാണ്.

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ചെറിയ വീഴ്ചകള്‍ സംഭവിച്ചാല്‍ ടീമുകള്‍ക്ക് നഷ്ടമാകുന്നത് ലോകകപ്പ് എന്ന വലിയ സ്വപ്‌നമാണ്. മൂന്ന് വര്‍ഷത്തെ തുടര്‍ച്ചയായ അപരാജിത കുതിപ്പുമായി ഖത്തറിലെത്തിയ അര്‍ജന്റീനക്ക് ആദ്യ മത്സരത്തില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങേണ്ടി വന്നത് വലിയ തിരിച്ചടിയായിരുന്നു.

അവസാന മത്സരത്തില്‍ പോളണ്ടിനെ വീഴ്ത്തിയാല്‍ മാത്രമേ ലോകകപ്പില്‍ അര്‍ജന്റീനക്ക് മുന്നോട്ടൊരു യാത്രയുണ്ടാകൂ. മത്സരത്തില്‍ ജയിച്ചാല്‍ ആറ് പോയിന്റുമായി അര്‍ജന്റീനക്ക് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാം. ഇനി സമനിലയാവുകയാണെങ്കില്‍ പോളണ്ടാണ് മുന്നേറുക.

മാത്രമല്ല മെക്‌സിക്കോയുമായി നടക്കുന്ന ഏറ്റുമുട്ടലില്‍ സൗദി വിജയിക്കാതിരിക്കുകയും വേണം. സൗദി-മെക്‌സിക്കോ മത്സരം സമനിലയില്‍ പിരിയുകയാണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ അര്‍ജന്റീന മുന്നേറും. അതേസമയം മെക്‌സിക്കോയുടെ ജയവും ടീം അര്‍ജന്റീനക്ക് ആശ്വാസമാകും.

സൗദിക്കെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയ അര്‍ജന്റീന മെക്‌സിക്കോക്കെതിരെയും അലസമായ പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ലയണല്‍ മെസിയുടെ സമയോചിതമായ ഇടപെടലില്‍ അര്‍ജന്റീന മെക്‌സിക്കോക്കെതിരെ ആശ്വാസ ഗോള്‍ നേടുകയായിരുന്നു. യുവതാരം എന്‍സോ ഫെര്‍ണാണ്ടസിനും ടീമിനായി ഗോള്‍ നേടാന്‍ സാധിച്ചു.

ഒച്ചോവയുടെ കൈക്കരുത്തിന്റെ ബലത്തില്‍ കഷ്ടിച്ച് മുന്നേറിയ അര്‍ജന്റീനക്ക് പക്ഷെ അടുത്ത മത്സരത്തില്‍ ജയം അത്ര എളുപ്പമായിരിക്കില്ല. പ്രതിരോധ-പ്രത്യാക്രമണ തന്ത്രവുമായി കളത്തിലിറങ്ങുന്ന പോളണ്ടിനെ കീഴ്‌പ്പെടുത്താന്‍ നിലവിലെ പ്രകടനം മതിയാകില്ല അര്‍ജന്റീനക്ക്.

മധ്യ നിരക്ക് നിയന്ത്രണം തിരിച്ചു പിടിക്കേണ്ടത്. രണ്ട് കളിയില്‍ വ്യത്യസ്ത ടീമിനെ പരീക്ഷിച്ച കോച്ച് സ്‌കലോണി മെക്‌സിക്കോക്കെതിരെ എന്തൊക്കെ തന്ത്രങ്ങളാണ് പയറ്റുകയെന്നത് കണ്ടറിയണം.

മെസിയെ പൂട്ടിക്കളിപ്പിക്കുക എന്നതാകും പോളിഷ് പടയുടെ തന്ത്രം. പ്രീക്വാര്‍ട്ടറിലേക്ക് കടക്കാന്‍ സമനില മതിയാകുമെന്നതിനാല്‍ പ്രതിരോധം ശക്തമാക്കിയാവും ലെവന്‍ഡോസ്‌കി പട കളിക്കുക.

Content Highlights: What Lionel Messi’s Argentina Need To Qualify For pre quarter in Qatar World Cup