| Friday, 26th February 2021, 12:03 pm

ബിരിയാണി വെപ്പ്, കടലില്‍ ചാടല്‍ തുടങ്ങിയ പരമ്പരാഗത നാടകങ്ങള്‍ക്കപ്പുറം അയാള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമെന്താണ്

പ്രമോദ് പുഴങ്കര

എത്ര ലളിതമാണ് കോണ്‍ഗ്രസുകാരുടെ ആവശ്യങ്ങള്‍. ഞങ്ങളെ തോല്‍പ്പിക്കരുത്. തോറ്റാല്‍ ഞങ്ങള്‍ ബി.ജെ.പിയിലേക്ക് പോകും (ജയിച്ചാലും പോകും എന്നാണ് കാണുന്നതൊക്കെ). ഞങ്ങളെ വിജയിപ്പിക്കേണ്ടത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കടമയാണ്. ഞങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധി പല നാടകങ്ങളും കാണിക്കും. അതിനെയൊന്നും വിമര്‍ശിക്കരുത്. രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ തോല്‍പ്പിക്കണമെന്ന് പറയും. അപ്പോഴും ഇടതുപക്ഷം രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കരുത്. ഇങ്ങനെപ്പോകുന്നു കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍.

രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം പാടില്ല, അയാളൊരു ധിഷണാശാലിയാണ്, നല്ല മനുഷ്യനാണ് എന്നൊക്കെയാണല്ലോ. രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ വിമര്‍ശിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാവാണ്. രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ഭീഷണമായ എല്ലാ ഭാവവും കാണിച്ചപ്പോള്‍ അമിത് ഷായ്ക്കും മോദിക്കും മുമ്പേ പരമാവധി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയാല്‍ കോണ്‍ഗ്രസ് ജയിച്ചുകയറി തിരിച്ചുവരും എന്ന രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ കക്ഷിയാണ്.

നോട്ടുനിരോധനം പോലെ ഇന്ത്യന്‍ സമൂഹത്തെ മോദി സര്‍ക്കാര്‍ ആക്രമിച്ച ഒരു ഘട്ടത്തിലും ഈ നാട്ടില്‍ത്തന്നെ ഇല്ലാതിരിക്കാന്‍ അതിസൂക്ഷ്മമായ ശ്രദ്ധ കാണിച്ച വിദ്വാന്‍. സ്വന്തം പാര്‍ട്ടിയെ നേതൃരാഹിത്യത്തിലേക്ക് വലിച്ചിട്ട ധിഷണാശാലി. മഹാരാജാവ് സാധാരണ മനുഷ്യര്‍ക്കിടയില്‍ എന്ന മട്ടിലുള്ള നാടകങ്ങള്‍ക്കൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനം നടത്താമെന്നും പ്രധാനമന്ത്രിയാകാമെന്നും കരുതുന്ന കുടുംബസ്വത്താണ് പാര്‍ട്ടിയും രാജ്യവും എന്ന് വിശ്വസിക്കുന്ന തകര്‍ന്ന കോട്ടയിലെ അലസനായ കിരീടാവകാശി.

കുടുംബാധിപത്യം എന്ന ജീര്‍ണബാക്കിയുടെ ദുര്‍ബല സ്പന്ദനം. എത്രയോ തവണ ജയിച്ചുവന്ന മണ്ഡലത്തില്‍നിന്നും ഓടിപ്പോരേണ്ടിവന്നത്രയും അലസമായ പുച്ഛം ജനത്തോട് പുലര്‍ത്തിയ അധികാരത്തിന്റെ ഔദ്ധത്യം. ഇത്രയും ഗുണവിശേഷങ്ങളുള്ള ഒരാള്‍ കോണ്‍ഗ്രസ് നേതാവായതില്‍ അത്ഭുതമൊന്നുമില്ല. പക്ഷെ അയാളെ നാട്ടുകാരെല്ലാവരും രാഷ്ട്രീയം മറന്നു തലയിലേറ്റണമെന്ന് പറയരുത്.

ഒരു വിനോദപരിപാടിക്കപ്പുറം രാഷ്ട്രീയത്തെയും ജനങ്ങളെയും കാണാന്‍ കഴിയാത്ത ഒരാളാണ് രാഹുല്‍ ഗാന്ധി. അതുകൊണ്ടാണ് രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളുടെ ഒരു ധാരയിലും അയാള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയാതെ പോകുന്നത്. കാലങ്ങളായി കോണ്‍ഗ്രസ് നേതൃത്വം കൊണ്ടുനടക്കുന്ന രാജാവിന്റെ ജനസമ്പര്‍ക്കം പോലുള്ള തട്ടിപ്പുനാടകങ്ങളിലാണ് അയാളുടെയും അഭയം.

കുടിലില്‍ ഊണ്, ആള്‍ക്കൂട്ടത്തെ കണ്ടാല്‍ ചാടിയിറങ്ങി പൂക്കള്‍ കൊടുക്കലും കൈകൊടുക്കലും, ബിരിയാണി വെപ്പ്, കടലില്‍ ചാടല്‍ തുടങ്ങിയ പരമ്പരാഗത നാടകങ്ങള്‍ക്കപ്പുറം അയാള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമെന്താണ്? അയാള്‍ നയിക്കുന്ന രാഷ്ട്രീയ സമരമെന്താണ്? രാജ്യത്തെ രാഷ്ട്രീയ സമരങ്ങളില്‍ ട്രാക്ടറോടിക്കലും രാഹുല്‍ ഗാന്ധിയുടെ ഇടംവലം തിക്കും തിരക്കും കൂട്ടുന്ന നേതാക്കളുമായി അത്തരം സമരങ്ങളുടെ രാഷ്ട്രീയ ശക്തിയെ ചോര്‍ത്തിക്കളയാന്‍ മാത്രമാണ് അയാള്‍ക്ക് കഴിയുന്നത്.

കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ ചരിത്രപരമായ പഠനമാണ് നടക്കുന്നത് രാഹുല്‍ ഗാന്ധി കടലില്‍ച്ചാടി കളിക്കുമ്പോള്‍ തൊട്ടടുത്ത പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സാമാജികര്‍ ഒന്നടങ്കം ബി.ജെ.പിയായി മാറുകയായിരുന്നു. ഫാഷിസ്റ്റ് വിരുദ്ധ, ജനകീയ സമരങ്ങള്‍ പോകട്ടെ, സ്വന്തം പാര്‍ട്ടിയിലെ നേതൃത്വത്തെയും സാമാജികരെയും ബി.ജെ.പിക്കെതിരെ നിര്‍ത്താനുള്ള ശേഷി പോലുമില്ലാത്ത ഇയാളെ വിമര്‍ശിച്ചില്ലെങ്കിലാണ് തെറ്റ്.


രാഷ്ട്രീയ ധിഷണ അളക്കുന്നത് ഒരാളുടെ പത്താം ക്ലാസിലെ മാര്‍ക് വെച്ചിട്ടല്ല. രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളോട് സൈദ്ധാന്തികവും പ്രായോഗികവുമായി അയാള്‍ പുലര്‍ത്തുന്ന സമീപനങ്ങളുടെയും നിലപാടുകളുടെയും പേരിലാണ്. ഒരു പാര്‍ട്ടി എന്ന നിലയില്‍ സാമ്പത്തിക നയങ്ങളില്‍ ബി.ജെ.പിയുമായി യാതൊരു വ്യത്യാസവും കോണ്‍ഗ്രസിനില്ല എന്ന് മാത്രമല്ല ബി.ജെ.പിയുടെ പല നയങ്ങളുടെയും ഉത്ഭവകേന്ദ്രം കോണ്‍ഗ്രസാണ് താനും. മതേതരത്വത്തിന്റെ കാര്യത്തില്‍ സ്വീകരിക്കേണ്ട നിലപാടില്‍പ്പോലും വെള്ളം ചേര്‍ത്താണ് ക്ഷേത്രദര്‍ശനവും ദീപാരാധനയുമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വം തങ്ങളുടെ ആശയപാപ്പരത്വം വെളിവാക്കിയത്.

സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നും, പാര്‍ട്ടിക്ക് ഒരു മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നുമുള്ള ആവശ്യം ഉന്നയിച്ച തന്റെ തന്നെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളെ, തന്റെ സ്തുതിപാഠക വൃന്ദത്തോടൊപ്പം ചേര്‍ന്ന് അടിച്ചമര്‍ത്താനാണ് രാഹുല്‍ ഗാന്ധി ശ്രമിച്ചത്. അയാള്‍ക്ക് കോണ്‍ഗ്രസ് പാര്‍ടിയെന്നാല്‍ മുതുമുത്തച്ഛന്‍ മരിച്ചപ്പോള്‍ അച്ഛമ്മയ്ക്കും അച്ഛമ്മ മരിച്ചപ്പോള്‍ അച്ഛനും ശേഷം വിധവയായ അമ്മയ്ക്കും പിന്നാലെ തനിക്കും കുറച്ചു തന്റെ സഹോദരിക്കുമായി കിട്ടിയ ഒരു കുടുംബസ്വത്താണ്.

ആ കൊട്ടാരത്തിലെ ഭൃത്യരും വിദൂഷകരും സ്തുതിപാഠകരുമൊക്കെയാണ് മറ്റു കോണ്‍ഗ്രസ് നേതാക്കള്‍. അതായത് രാഹുല്‍ ഗാന്ധി മുട്ടിലിഴഞ്ഞു നടക്കുന്ന കാലത്ത് മുഖ്യമന്ത്രിയായ എ.കെ ആന്റണി, രാഹുല്‍ജി എന്ന് വിളിച്ചുകൊണ്ട് ഓച്ഛാനിച്ചു നില്‍ക്കുമ്പോള്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കടലില്‍ ചാടുകയാണ് വേണ്ടതെന്ന് അയാള്‍ക്ക് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു.
ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയത്തിനും ജനകീയ സമരങ്ങള്‍ക്കും രാഹുല്‍ ഗാന്ധിയെപ്പോലൊരു കഥാശൂന്യന്‍ വലിയ ബാധ്യതയാണ്. അയാളുടെ തമ്പുരാന്‍ പുരാണം വിളമ്പി ഇനിയും മലയാളികളെ അപമാനിക്കരുത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: What kind of Politics Rahul Gandhi is trying to put forth

പ്രമോദ് പുഴങ്കര

സുപ്രീംകോടതി അഭിഭാഷകന്‍

We use cookies to give you the best possible experience. Learn more