|

കാന്തപുരം പറഞ്ഞത് മതപരമായ കാര്യം; സാമുദായിക വിഷയങ്ങളില്‍ യൂത്ത് ലീഗ് വിശ്വാസികള്‍ക്കൊപ്പം: പി.കെ. ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരിന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞത് മതപരമായ കാര്യമാണെന്നും മതപരമായ കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് മത പണ്ഡിതരാണെന്നും പി.കെ. ഫിറോസ് പറഞ്ഞു.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മതപരമായ ചില ചട്ടക്കൂടുകള്‍ ഉണ്ട്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് ഒപ്പമായിരുന്നു ലീഗ് നിലകൊണ്ടത്. സാമുദായിക വിഷയങ്ങളില്‍ യൂത്ത് ലീഗ് വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുമെന്നും ഫിറോസ് പറഞ്ഞു.

കാന്തപുരം മുസ്‌ലിയാരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അവഹേളിച്ചുവെന്നും പി.കെ. ഫിറോസ് പ്രതികരിച്ചു. കാന്തപുരം ഒരു ഇസ്‌ലാമിക പണ്ഡിതനാണെന്നും അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് സ്വന്തന്ത്ര്യമുണ്ടെന്നും അതിനെ വിമര്‍ശിക്കേണ്ടതില്ലെന്നും പി.കെ. ഫിറോസ് പറഞ്ഞു.

നേരത്തെ പൊതുയിടങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്ന് വ്യായാമം ചെയ്യരുതെന്ന കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ പരാമര്‍ശത്തെ പിന്തുണച്ച് നദ്വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂരും രംഗത്തെത്തിയിരുന്നു.

കാന്തപുരം സംസാരിച്ചത് മതവിഷയമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അതില്‍ അഭിപ്രായം പറയേണ്ടതില്ലെന്നുമാണ് ഹുസൈന്‍ മടവൂര്‍ പറഞ്ഞത്. സി.പി.ഐ.എം ചെയ്യുന്നത് ഇസ്‌ലാം വിരുദ്ധതയാണെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞിരുന്നു.

ഇസ്‌ലാമികമായ എന്തിനെയും വിമര്‍ശിക്കുന്ന ഒരു രീതി ഇന്ന് നിലവിലുണ്ട്. അത് കാന്തപുരത്തെ മാത്രമല്ല. യുക്തിവാദികളും മതവിരുദ്ധരായവരും ഫാസിസ്റ്റ് ചിന്താഗതിയുള്ളവരുമെല്ലാം ഇസ്‌ലാമികമായ കാര്യങ്ങളെ വിമര്‍ശിക്കുകയാണെന്നും ഹുസൈന്‍ പറഞ്ഞിരുന്നു. ഈ നിലയ്ക്കാണ് കാന്തപുരത്തിനെതിരായ വിമര്‍ശനത്തെ കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

ശരീരം കാണിച്ചുകൊണ്ടാണ് സ്ത്രീകള്‍ വ്യായാമത്തിന്റെ ഭാഗമാകുന്നതെന്നും ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചുകൂടുന്നതില്‍ പ്രശ്‌നമില്ലെന്നാണ് മെക് സെവന്‍ പഠിപ്പിക്കുന്നതെന്നുമാണ് കാന്തപുരം പറഞ്ഞത്.

അന്യപുരുഷന്മാരുടെ മുമ്പില്‍ സ്ത്രീകള്‍ വ്യായാമം ചെയ്യരുതെന്നും സ്ത്രീകളും പുരുഷന്മാരും തമ്മില്‍ ഇടകലര്‍ന്നുള്ള വ്യായാമം വേണ്ടെന്നും കാന്തപുരം വിഭാഗം നേരത്തെ പറഞ്ഞിരുന്നു. മെക് സേവന പരോക്ഷമായി വിമര്‍ശിച്ചായിരുന്നു കാന്തപുരത്തിന്റെ പരാമര്‍ശം.

എന്നാല്‍ സ്ത്രീകള്‍ പൊതുഇടങ്ങളിലേക്ക് ഇറങ്ങരുതെന്നത് പിന്തിരിപ്പന്‍ നിലപാടാണെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കാന്തപുരത്തിനെതിരെ പരോക്ഷമായി രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ ശാഠ്യം പിടിക്കുന്നവര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നുമാണ് എം.വി. ഗോവിന്ദന്‍ പ്രതികരിച്ചത്.

Content Highlight: What Kanthapuram said was a religious matter: PK Firos

Latest Stories