സുനിത വില്യംസിന്റെ മടങ്ങി വരവിൽ ആശങ്ക വേണ്ട, ബഹിരാകാശ നിലയത്തിലുള്ളവരെല്ലാം ഒരു ദിവസം തിരിച്ചെത്തും: ഐ.എസ്.ആർ.ഒ ചെയർമാൻ
national news
സുനിത വില്യംസിന്റെ മടങ്ങി വരവിൽ ആശങ്ക വേണ്ട, ബഹിരാകാശ നിലയത്തിലുള്ളവരെല്ലാം ഒരു ദിവസം തിരിച്ചെത്തും: ഐ.എസ്.ആർ.ഒ ചെയർമാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th June 2024, 1:27 pm

ന്യൂദൽഹി: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ  നിന്ന് ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിൻ്റെ മടങ്ങിവരവ് വൈകുന്നതിൽ ആശങ്ക വേണ്ടെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ജൂൺ അഞ്ചിനാണ് ബഹിരാകാശ യാത്രക്കായി പേടകം ബോയിങ് സ്റ്റാർലൈനർ വിക്ഷേപിച്ചത്.

Also Read: ആ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അയാള്‍ എനിക്ക് ശരീരം വിറ്റ് നടക്കുന്നവനെന്ന പേരിട്ടത്: ടിനി ടോം

പേടകത്തിലുണ്ടായിരുന്ന ബഹിരാകാശ സഞ്ചാരികളായ ബാരി വിൽമോർ, സുനിത വില്യംസ് എന്നിവർ ജൂൺ 14 ന് മടങ്ങിയെത്തേണ്ടതായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്യാൻ ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും സാങ്കേതിക വെല്ലുവിളികളെ തുടർന്ന് പേടകത്തിന്റെ തിരിച്ചു വരവ് വൈകുകയായിരുന്നു.

എന്നാൽ സുനിത വില്യംസിന്റെ തിരിച്ചു വരവിൽ ആശങ്കക്കിടയില്ലെന്നും, അവർ സുരക്ഷിതയാണെന്നും സോമനാഥ് പറഞ്ഞു. എൻ.ഡി.ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘സുനിത വില്യംസ് ബഹിരാകാശ നിലയത്തിനുള്ളിൽ കുടുങ്ങി എന്ന വാർത്ത തെറ്റാണ്. ബഹിരാകാശ നിലയത്തിലുള്ളവരെല്ലാം തിരിച്ചെത്തും. ബോയിങിന്റെ സ്റ്റാർലൈനർ പേടകം എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ ക്രൂ മൊഡ്യൂൾ പരീക്ഷിക്കുന്നതിനെ കുറിച്ച് കൂടി ചിന്തിക്കേണ്ടതുണ്ട്.

അവിടെ പോയി സുരക്ഷിതമായി തിരികെ വരാനുള്ള കഴിവ് ഇപ്പോൾ നിലവിലുണ്ട്. ആളുകൾക്ക് വളരെക്കാലം താമസിക്കാൻ സുരക്ഷിതമായ സ്ഥലം അവിടെ ഉണ്ട്,’ സോമനാഥ് പറഞ്ഞു.

ബഹിരാകാശയാത്രികരുടെ തിരിച്ചുവരവിനെ കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം പുതിയ ക്രൂ മൊഡ്യൂളിൻ്റെ പരീക്ഷണവും ബഹിരാകാശത്തേക്ക് സഞ്ചരിക്കാനുള്ള കഴിവിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും സോമനാഥ് പറഞ്ഞു.

ഒരു പുതിയ ബഹിരാകാശ വാഹനത്തിൻ്റെ ആദ്യ വിമാനത്തിൽ യാത്ര ചെയ്യാനുള്ള വില്യംസിൻ്റെ ധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു. ‘ഞങ്ങൾ എല്ലാവരും വില്ല്യംസിനെക്കുറിച്ച് അഭിമാനിക്കുന്നു. അവരുടെ ക്രെഡിറ്റിൽ നിരവധി ദൗത്യങ്ങളുണ്ട്. ഒരു പുതിയ ബഹിരാകാശ വാഹനത്തിൻ്റെ ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്നത് ധൈര്യമുള്ള കാര്യമാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ കാലാവധി 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് പരിഗണിക്കുന്നതായി നാസയുടെ കൊമേഴ്‌ഷ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് അറിയിച്ചു.

Content Highlight: What ISRO chief S Somanath said on Sunita Williams’ delayed return from space