| Thursday, 8th July 2021, 6:55 pm

എന്താണ് സിക്ക വൈറസ്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡിനിടെ കേരളത്തില്‍ സിക്ക വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ധിക്കുകയാണ്. മരണസാധ്യത വളരെ കുറവാണെങ്കിലും ഗര്‍ഭിണികളാണ് സിക്കയെ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

സിക്കയെക്കുറിച്ച് കൂടുതല്‍ അറിയാം

ഫ്ളാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്ളാവിവൈറസ് ജനുസിലെ ഒരു അംഗമാണ് സിക്ക വൈറസ്. പകല്‍ പറക്കുന്ന ഈഡിസ് ഇനത്തില്‍പ്പെട്ട കൊതുകുകളാണ് ഈ വൈറസ് പകരാന്‍ ഇടയാക്കുന്നത്.

മനുഷ്യരില്‍ സിക്ക പനി എന്നു പേരുള്ള ലഘുപനി വരാന്‍ ഇത് ഇടയാക്കുന്നു. 1950 കള്‍ മുതല്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും ഒരു ചെറിയ മധ്യരേഖാപ്രദേശത്തുമാത്രം ഈ വൈറസ് കാണപ്പെട്ടിരുന്നു. 2014 ആയപ്പോഴേക്കും ഈ വൈറസ് പസഫിക് സമുദ്രത്തിലെ ഫ്രഞ്ച് പോളിനേഷ്യയിലേക്കും പിന്നീട് ഈസ്റ്റര്‍ ദ്വീപ് 2015 ല്‍ മെക്സിക്കോ, മധ്യ അമേരിക്ക, കരീബിയന്‍, തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.

1947ല്‍ ആഫ്രിക്കന്‍ രാജ്യമായ യുഗാണ്ടയിലെ കുരങ്ങുകളിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. 2014ല്‍ ആണ് അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ ഈ വൈറസ് കണ്ടെത്തിയത്.

അടുത്തകാലത്ത് 2015 തുടക്കത്തില്‍ ബ്രസീലിലാണ് സിക്ക രോഗം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്ത് രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗവാഹകര്‍

ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നീ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകള്‍ തന്നെയാണ് സിക്ക രോഗവും പകര്‍ത്തുന്നത്. ചൂടുള്ള കാലാവസ്ഥയില്‍ വളരുന്ന ഈഡിസ് പോലുള്ള കൊതുകുകളുടെ കടിയേല്‍ക്കുന്നതു മൂലമാണ് രോഗം പകരുന്നത്. ശൈത്യകാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ രോഗം പെട്ടെന്നു പടരില്ല.

കൊതുകിന്റെ കടിയേല്‍ക്കുന്നതു കൂടാതെ രോഗിയുമായുള്ള ലൈംഗികബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്. വൈറസ് ബാധിച്ച അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് രോഗം പകരാം.

ലക്ഷണങ്ങള്‍

തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന എന്നിങ്ങനെ ഡെങ്കിപ്പനിയോട് സാദൃശ്യമുള്ള ലക്ഷണങ്ങളാണ് സിക്കയ്ക്കുമുള്ളത്.

ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ വേണ്ടി വരാറില്ല. മരണസാധ്യത തീരെയില്ല. വിശ്രമം, ശരിയായ ഭക്ഷണം, പാനീയങ്ങള്‍ എന്നിവ കൊണ്ടു തന്നെ രോഗശമനമുണ്ടാകുന്നു. രോഗബാധിതന്റെ കോശങ്ങള്‍, രക്തം എന്നിവ പരിശോധിക്കുന്നതിലൂടെ രോഗനിര്‍ണ്ണയം നടത്താം.

രോഗബാധയുള്ള അമ്മമാര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ വലിപ്പം കുറഞ്ഞ തലച്ചോറും ചുരുങ്ങിയ തലയോട്ടിയുമായി ജനിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതയായ മാതാവിന്റെ അമ്നിയോട്ടിക് ദ്രവത്തിലും പ്ലാസെന്റയിലും, ശിശുവിന്റെ തലച്ചോറിലും വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.

ബ്രസീലില്‍ നാലായിരത്തോളം കുഞ്ഞങ്ങള്‍ തലയോട്ടി ചുരുങ്ങിയ അവസ്ഥയില്‍ ജനിച്ചിരുന്നു. കുഞ്ഞുങ്ങളില്‍ മസ്തിഷ്‌കമരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണിത്.

പ്രതിരോധം

രോഗത്തിനെതിരെയുള്ള പ്രതിരോധ മരുന്നുകളൊന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊതുകുനിര്‍മ്മാര്‍ജ്ജനം മാത്രമാണ് ഇപ്പോള്‍ സിക്ക രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം. ഇതിനായി വീടിനും സമീപത്തും വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം.

അസുഖ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ സ്വയംചികിത്സ ചെയ്യാതെ ഉടന്‍ വൈദ്യസഹായം തേടുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: What is Zika Virus Kerala

We use cookies to give you the best possible experience. Learn more