ന്യൂദല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ കുറ്റവാളികള്‍ക്ക് ശിക്ഷായിളവ് നല്‍കിയ സമയത്ത് ഹിന്ദുത്വ സംഘടനകള്‍ അവരെ മാലയിട്ട് സ്വീകരിച്ചതിനെ സുപ്രീം കോടതിയില്‍ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ജയില്‍ മോചിതരായവരെ മാലയിട്ട് സ്വീകരിച്ചതില്‍ എന്താണ് തെറ്റെന്ന് ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വാദിച്ചു.
പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ബില്‍ക്കിസ് ബാനുവിന്റെ അടക്കമുള്ള
ഹരജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കവെയാണ് എസ്.വി. രാജുവിന്റെ പ്രതികരണം.
വലിയ കുറ്റകൃത്യം ചെയ്തവരെ ഹാരമണിയിച്ചും മധുരം നല്‍കിയും സ്വാഗതം ചെയ്ത രീതിയെക്കുറിച്ച് പൊതുതാല്‍പര്യ ഹരജി നല്‍കിയ അഭിഭാഷക ഇന്ദിര ജയ്‌സിങ് ചോദ്യം ചെയ്തപ്പോഴാണ് കേന്ദ്രത്തിന്റെ വിചിത്ര മറുപടി. ‘കുടുംബാംഗങ്ങള്‍ ജയിലില്‍ നിന്ന് പുറത്തുവരുമ്പോള്‍ ഹാരമണിയിക്കുന്നതില്‍ എന്താണ് തെറ്റ്,’ എസ്.വി. രാജു കോടതിയില്‍ പറഞ്ഞത്. സി.ബി.ഐ അന്വേഷിച്ചിരുന്ന കേസില്‍ കേന്ദ്ര സര്‍ക്കാരും കക്ഷിയാണ്.
ബില്‍ക്കിസ് ബാനുവിനെ കൂടാതെ തൃണമൂല്‍ എം.പി മഹുമ മൊയിത്ര, സി.പി.ഐ.എം നേതാവ് സുഭാഷിണി അലി, ലക്നൗ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ രൂപ് രേഖ വര്‍മ, മാധ്യമപ്രവര്‍ത്തക രേവതി ലൗല്‍ തുടങ്ങിയവരാണ് കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.
ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും മൂന്ന് വയസുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 14 അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ ശിക്ഷാ കാലാവധി തീരുന്നതിന് മുമ്പ് വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജികള്‍. സമര്‍പ്പിച്ചത്.
ശിക്ഷ തീരും മുമ്പ് ഈ കുറ്റവാളികളെ വിട്ടയച്ചാലുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതം കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുത്തില്ലെന്ന് ബില്‍ക്കീസിന്റെ അഭിഭാഷക ശോഭ ഗുപ്ത വാദിച്ചു.
‘കുറ്റബോധവും പ്രായശ്ചിത്തവും പ്രകടിപ്പിക്കാത്ത കുറ്റവാളികള്‍ അടക്കാനുള്ള പിഴ പോലും ഇതുവരെ ഒടുക്കിയിട്ടില്ല. മൂന്ന് കൂട്ടബലാത്സംഗങ്ങളും ബില്‍ക്കീസിന്റെ കണ്‍മുന്നില്‍ അവരുടെ പിഞ്ചുകുഞ്ഞിനെ തറയിലടിച്ച് കൊന്നതടക്കം 14 കൊലപാതകങ്ങളും നടത്തിയ കുറ്റവാളികളാണ് ഇവര്‍. ഇരകളുടെ മതം നോക്കിമാത്രം ചെയ്ത കുറ്റകൃത്യം ചെയ്തവര്‍,’ ശോഭ ഗുപ്ത പറഞ്ഞു.