| Tuesday, 2nd January 2024, 4:20 pm

ജനസംഖ്യയുടെ 40 ശതമാനം ഇന്ത്യൻ വംശജരുള്ള ഗയാന, മൂന്നാം ഭാഷ ഹിന്ദി; ഗയാന-വെനസ്വേല തർക്കം എന്താണ്?

ഷഹാന എം.ടി.

എട്ട് ലക്ഷം വരുന്ന ജനസംഖ്യയിൽ 40 ശത്മാനം ഇന്ത്യൻ വംശജർ. ഇംഗ്ലീഷ് കഴിഞ്ഞാൽ പിന്നെയുള്ള ഭാഷകൾ ഹിന്ദിയും ഭോജ്‌പുരിയും. ലാറ്റിൻ അമേരിക്കയിലെ ഗയാന എന്ന കൊച്ചു രാജ്യത്തെ കുറിച്ചാണ് പറയുന്നത്. വെനസ്വേലയിലെ ഇടത് വിപ്ലവ നായകൻ ഹ്യൂഗോ ഷാവേസിന്റെ പിൻഗാമി നികോളാസ് മഡുറോയും സാമ്രാജ്യത്വ ശക്തികളും തമ്മിലുള്ള പോരാട്ടത്തിൽ ഗയാന കടന്നുവെന്നത് എങ്ങനെയാണ്?

2023 ഡിസംബർ തുടക്കത്തിൽ നടത്തിയ ഹിതപരിശോധനയെ തുടർന്ന് എണ്ണനിക്ഷേപം കൊണ്ട് സമ്പുഷ്ടമായ എസ്‌ക്വിബ പ്രദേശത്തിന് മേൽ വെനസ്വേല അവകാശമുന്നയിച്ചു. എന്നാൽ പ്രദേശത്തിന്റെ മൂന്നിൽ രണ്ടും തങ്ങളുടേതാണെന്ന് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടതാണെന്ന് ഗയാന ചൂണ്ടിക്കാണിച്ചതോടെ രണ്ട് നൂറ്റാണ്ടിലേറെയായി നിലനിൽക്കുന്ന തർക്കം രൂക്ഷമായി. മറ്റ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ ഇടപെടലിനെ തുടർന്ന് ഇരു രാജ്യങ്ങളും ഡിസംബർ 14ന് സമാധാന കരാർ ഒപ്പുവെച്ചിരുന്നു. അപ്പോഴാണ് ഗയാനക്ക് പിന്തുണ അറിയിച്ച് ബ്രിട്ടൻ യുദ്ധക്കപ്പൽ അയക്കുന്നത്. സ്ഥിതി വീണ്ടും വഷളായിരിക്കുകയാണ്.

ലാറ്റിൻ അമേരിക്കയിലെ ഏക ബ്രിട്ടീഷ്‌ കോളനി ആയിരുന്ന ഗയാന. എട്ട്‌ ലക്ഷത്തോളം മാത്രം വരുന്ന അവിടുത്തെ ജനസംഖ്യയുടെ 40 ശതമാനത്തിലധികം ഇന്ത്യൻ വംശജരാണ്. ഇന്ത്യയും സീഷെൽസും മൗറീഷ്യസും കഴിഞ്ഞാൽ ഏറ്റവും അധികം ശതമാനം ഇന്ത്യൻ വംശജർ ഉള്ള രാജ്യം.

ബ്രിട്ടീഷ്‌ കോളനി കാലത്ത്‌ 1838 മുതൽ ഇവിടുത്തെ കരിമ്പു തോട്ടങ്ങളിൽ പണിക്കാരായി എത്തിയ ഉത്തർപ്രദേശ് സ്വദേശികളുടെ പിന്മുറക്കാർ.

ഇംഗ്ലീഷ് കഴിഞ്ഞാൽ ഗയാനയിലെ പ്രമുഖ ഭാഷകൾ ഭോജ്‌പുരിയും ഹിന്ദിയുമാണ്.

ഗയാനയിൽ അടുത്തിടെ കണ്ടെത്തിയ എണ്ണപ്പാടങ്ങൾ രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിൽ രാജ്യത്തെ ഇപ്പോൾ നിർണ്ണായക ശക്തിയായി മാറ്റുകയാണ്. താരതമ്യേന ദരിദ്ര രാജ്യമായിരുന്ന ഗയാന അതിവേഗം കരീബിയൻ മേഖലയിലെ കുവൈറ്റ്‌ ആയി മാറിക്കൊണ്ടിരിക്കുന്നു.

ഗയാനയും വെനസ്വേലയും അതിർത്തി പങ്കിടുന്ന എസ്‌ക്വിബോ എന്ന പ്രദേശത്തിന്റെ നിയന്ത്രണം സംബന്ധിച്ച് രണ്ട് ശതാബ്ദങ്ങളായി തർക്കം നിലനിൽക്കുകയാണ്. കുറച്ച് മാസങ്ങളായി ഇവിടെ നടക്കുന്ന തർക്കം വെടിനിർത്തലിലേക്ക് പോലും നീങ്ങി. പ്രദേശങ്ങൾ ഗയാന, എക്സൺ മൊബൈൽ എന്ന അമേരിക്കൻ കമ്പനിക്ക് ഓയിൽ എക്‌സ്‌പ്ലോർ ചെയ്യാൻ കൊടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം.

ഇരു രാജ്യങ്ങൾക്കുമിടയിലെ തർക്കത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഇടപെടുന്നത് എന്തുകൊണ്ടാണെന്ന് അറിയണമെങ്കിൽ കൊളോണിയൽ കാലത്തേക്ക് പോകണം.

1811ൽ സ്പാനിഷ് അമേരിക്കൻ കോളനികളിൽ നിന്ന് ആദ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്നാണ് വെനസ്വേല. എസ്‌ക്വിബോ നദി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ അടങ്ങുന്നതായിരുന്നു വെനസ്വേല. എന്നാൽ ആദ്യത്തെ റിപബ്ലിക് തകർക്കപ്പെട്ടു. 1821ൽ സൈമൺ ബൊളീവറിന്റെ ലിബറേഷൻ സേന കരാബോബോ യുദ്ധം വിജയിച്ചതിന് ശേഷമാണ് പരമാധികാരം തിരിച്ചുപിടിച്ചത്.

എന്നാൽ പെട്ടെന്ന് വെനസ്വേലൻ അതിർത്തികളിൽ ഗയാനയെ കോളനിയാക്കിയ ബ്രിട്ടന്റെ ഭീഷണിയുണ്ടായി. ലാറ്റിൻ അമേരിക്കയുടെ ഉൾപ്രദേശങ്ങളിലേക്ക് കടന്നുചെല്ലാൻ ഒറിനോകോ നദീതടങ്ങളും എസ്‌ക്വിബോയും ജിയോ പൊളിറ്റിക്കൽ ശക്തി കേന്ദ്രങ്ങളായി മാറുമെന്ന് ബ്രിട്ടൻ മനസ്സിലാക്കി. പ്രദേശത്ത് സ്വർണത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ബ്രിട്ടന്റെ താത്പര്യം കൂടുതൽ വർധിച്ചു. അങ്ങനെ പ്രദേശത്തെ ജനങ്ങൾക്ക് യാതൊരു പരിഗണനയും നൽകാതെ ബ്രിട്ടൻ അതിർത്തി പ്രഖ്യാപിച്ചു.

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ കോളനികളാക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമം നടത്തിയാൽ അത് അധിനിവേശവും ആക്രമണവുമാണെന്നും യു.എസ് ഇടപെടൽ ആവശ്യമായി വരുമെന്നും വ്യക്തമാക്കുന്ന മൺറോ നയം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട് വെനസ്വേല യു.എസിനെ സമീപിച്ചു.

എന്നാൽ 1899ൽ ട്രൈബ്യൂണലിൽ വെനസ്വേലൻ പ്രതിനിധികളെ വിലക്കിയ യു.എസ്, ഒറിനോകോ ഒഴികെയുള്ള 94 ശതമാനം പ്രദേശവും ബ്രിട്ടന് കൈമാറി.

1966ൽ ബ്രിട്ടനിൽ നിന്ന് ഗയാന സ്വാതന്ത്ര്യം നേടി. തർക്കം പരിഹരിക്കാൻ ഇരു രാജ്യങ്ങളും ഉടമ്പടിയിലെത്തി. ഉടമ്പടി പ്രകാരം വിഷയത്തിൽ ഇരു രാജ്യങ്ങളും യു.എൻ ചട്ട പ്രകാരമേ മുന്നോട്ട് പോകാൻ പാടുള്ളൂ.

ഗയാന സ്വാതന്ത്ര്യം നേടിയത് മുതൽ തങ്ങളുടെ താത്പര്യങ്ങൾക്ക് വിധേയമായി രാജ്യത്തെ വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിന് മാറി മാറി ഭരിച്ച രാഷ്ട്രീയ പാർട്ടികളെ ബ്രിട്ടനും യു.എസും പിന്തുണച്ചുകൊണ്ടിരുന്നു. യു.എസ് ഗയാനയിലെ ഏറ്റവും വലിയ നിക്ഷേപകരാണ്.

1999ൽ ഗയാനയിൽ അധികാരത്തിൽ എത്തിയ പീപ്പിൾസ് പ്രോഗ്രസീവ് പാർട്ടി തർക്ക ഭൂമിയിൽ ഓയിൽ പര്യവേക്ഷണം നടത്താൻ എക്സൺ മൊബൈലിന് അനുവാദം നൽകി. യു.എസ്, കാനഡ നിക്ഷേപങ്ങൾക്കും പാർട്ടി രാജ്യം തുറന്നുനൽകി. എന്നാൽ ലാറ്റിൻ അമേരിക്കയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നായി തന്നെ ഗയാന തുടർന്നു.

എസ്‌ക്വിബോയിലെ വിശാലമായ എണ്ണ നിക്ഷേപം വിദേശ കമ്പനികൾ ചൂഷണം ചെയ്യാൻ തുടങ്ങിയപ്പോൾ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിലക്ക് മറികടന്ന്, വെനസ്വേല കഴിഞ്ഞ വർഷം നടത്തിയ ഹിതപരിശോധനയുടെ അടിസ്ഥാനത്തിൽ ആയിരുന്നു എസ്ക്വിബോയെ തങ്ങളുടേതാക്കി മാറ്റിയത്. എന്നാൽ അമേരിക്കയും ബ്രിട്ടനും അവരുടെ ഓയിൽ കമ്പനിക്ക് വേണ്ടി ഗയാനക്ക് അനുകൂലമായി ഇടപെട്ടു. എന്നാൽ തർക്കഭൂമിയിലെ ജനങ്ങൾക്ക് വെനസ്വേലയുടെ കൂടെ ചേരാനാണ് താത്പര്യം.

എസ്‌ക്വിബോയിലെ ജനങ്ങൾക്ക് ഐ.ഡി കാർഡുകൾ നൽകുമെന്നും വെനസ്വേലൻ പ്രസിഡന്റ്‌ നികോളാസ് മഡുറോ പ്രഖ്യാപിച്ചു. എന്നാൽ ബ്രസീലും കരീബിയൻ രാജ്യങ്ങളും തർക്കത്തിൽ മധ്യസ്തത വഹിക്കാൻ സന്നദ്ധ അറിയിച്ചതിനെ തുടർന്ന് വെനസ്വേലയുടെയും പ്രസിഡന്റുമാർ ഡിസംബർ 14ന് സമാധാന കരാറിൽ ഒപ്പു വെച്ചിരുന്നു. വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത ഇരു രാജ്യങ്ങളും തർക്കം ചർച്ച ചെയ്യാൻ സംയുക്ത കമ്മീഷനെ സ്ഥാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇതിനു പിന്നാലെ ഗയാന സന്ദർശിച്ച ബ്രിട്ടന്റെ അണ്ടർ സെക്രട്ടറി രാജ്യത്തിന് പിന്തുണ അറിയിച്ചുകൊണ്ട് HMS ട്രെന്റ് എന്ന യുദ്ധക്കപ്പൽ ഗയാന തീരത്തേക്ക് അയച്ചു.

ഗയാനയുമായി സ്ഥാപിച്ച ചർച്ചകളെയും സമാധാന ധാരണകളെയും ലംഘിക്കുന്ന ലണ്ടനിൽ നിന്നുള്ള സൈനിക ഭീഷണിയാണ് പുതിയ നീക്കം എന്ന് മഡുറോ ആരോപിച്ചു. യു.കെയുടെ നടപടിക്ക് മറുപടിയായി ബൊളിവേറിയൻ നാഷണൽ ആംഡ് ഫോഴ്സിന്റെ സംയുക്ത പ്രതിരോധ നീക്കം നടപ്പാക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും വെനസ്വേല പറഞ്ഞു.

നിലവിൽ ഈ വർഷം ആദ്യം ഇതിൽ ചർച്ച നടത്തി പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഏപ്രിലിൽ ബ്രസീലിൽ ചർച്ച നടക്കുന്നുണ്ട്.

വലിയൊരു ജിയോപോളിറ്റിക്കൽ പ്രശ്നമാകാൻ സാധ്യതയുള്ള വിഷയമാണ് ഇത്. ഗയാനയുടെ എണ്ണ വ്യാപാരം 2027 ഓടെ എഴുപത് ബില്യൺ ഡോളറിലേറെ ആകുമെന്നും അതുവഴി ലോകത്തിലെ ഏറ്റവും അധികം പെർ കാപിറ്റ ഓയിൽ ഉള്ള രാജ്യം ആകുമെന്നുമാണ് കണക്കാക്കുന്നത്.

ഈ ഓയിലിന്റെ നിയന്ത്രണം നിലവിൽ ഷെൽ എക്സൺ മൊബൈൽ, ചൈന ഓയിൽ എന്നീ കമ്പനികളുടേതാണ്. ഗയാനക്ക് തർക്കഭൂമിക്ക് മേലുള്ള അധികാരം നഷ്ടപ്പെട്ടാൽ അത് ബാധിക്കാൻ പോകുന്നത് ആരെയാണ് എന്ന് ഊഹിക്കാമല്ലോ.

Content Highlight: What is Venezuela-Guyana crisis?

ഷഹാന എം.ടി.

ഡൂൾന്യൂസ് സബ് എഡിറ്റർ ട്രെയ്നീ. കേരള സർവകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ പി.ജി. പൂർത്തിയാക്കി.

We use cookies to give you the best possible experience. Learn more