| Thursday, 21st May 2020, 11:13 am

നിങ്ങള്‍ ഇനിയും യു.പി.ഐ ഉപയോഗിച്ച് തുടങ്ങിയില്ലേ; എന്താണ് യു.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ ഒരു മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുകയും സുരക്ഷിതമായി ഇടപാടുകള്‍ നടത്തുകയും ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് യു.പി.ഐ എന്ന യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫെയ്സ്.

സുഹൃത്തുക്കള്‍ക്കു പണം കൈമാറുന്നതു മുതല്‍ കച്ചവടക്കാര്‍ക്കുള്ള തുക നല്‍കുന്നതുവരെയും ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നതു മുതല്‍ വിവിധ ബില്ലുകള്‍ അടക്കുന്നതു വരെയുമുള്ള നിരവധി ഇടപാടുകള്‍ യു.പി.ഐ വഴി തല്‍സമയം ലളിതവും സുരക്ഷിതവുമായി നടത്താം.

ഇതോടൊപ്പം തന്നെ അതിന്റെ സുരക്ഷിതത്വത്തിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വേണം. നിങ്ങളുടെ യു.പി.ഐ പിന്‍ ആരുമായും പങ്കു വെക്കരുത്. യു.പി.ഐ ഇടപാടുകളില്‍ മാത്രമല്ല, മറ്റ് ഡിജിറ്റല്‍ ഇടപാടുകളിലും ഇത്തരത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

നിങ്ങളുടെ കാര്‍ഡ് നമ്പര്‍, അത് കാലാവധി തീരുന്ന തീയ്യതി, സി.വി.വി, ഒ.ടി.പി തുടങ്ങിയവയും ഒരു കാരണവശാലും ആരുമായും പങ്കു വെക്കരുത്. നിങ്ങളുടെ സാമ്പത്തിക വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നല്‍കുകയും ചെയ്യരുത്.

യു.പി.ഐ പിന്‍ എന്റര്‍ ചെയ്യുമ്പോള്‍ അതീവ ശ്രദ്ധാലുവായിരിക്കുക എന്നതാണ് മറ്റൊന്ന്. യു.പി.ഐ ആപ്പിന്റെ പിന്‍ പേജില്‍ മാത്രമേ അത് എന്റര്‍ ചെയ്യാവു എന്നതും ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. നിങ്ങള്‍ യു.പി.ഐ പിന്‍ എന്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം കുറവു ചെയ്യപ്പെടും.

ഏതെങ്കിലും സംശയകരമായ അക്കൗണ്ട് ശ്രദ്ധയില്‍ പെട്ടാല്‍ ബാങ്കിനെ അറിയിക്കുക, മികച്ച കച്ചവട സ്ഥാപനങ്ങള്‍ വഴി മാത്രം ഓണ്‍ലൈനായുള്ള വാങ്ങലുകള്‍ നടത്തുക, ഇടപാടുകള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ എസ്.എം.എസ് പരിശോധിക്കുക, യു.പി.ഐ ആപ്പുമായി ബന്ധപ്പെട്ട സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ പൊതുവായ കാര്യങ്ങള്‍ കര്‍ശനമായി പിന്തുടരണം.

പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ നിന്ന് യു.പി.ഐ ആപ്പ് ഡൗണ്‍ലോഡു ചെയ്ത് അത് ഉപയോഗിച്ചു തുടങ്ങാം. ബാങ്കിന്റെ പ്രവര്‍ത്തന സമയം കണക്കിലെടുക്കാതെ എല്ലാ ദിവസവും മുഴുവന്‍ സമയവും യു.പി.ഐ ഇടപാടുകള്‍ നടത്തുകയുമാവാം. പ്രതിദിനം ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകളാണ് നിലവില്‍ ഇതിലൂടെ നടത്താനാവുക. എന്നാല്‍ ഇക്കാര്യത്തില്‍ വിവിധ ബാങ്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ടാകും. ഐ.പി.ഒ അപേക്ഷ പോലുള്ളവയ്ക്ക് രണ്ടു ലക്ഷം രൂപ വരെയാണ് പരിധി.

അക്കൗണ്ടുകള്‍ വഴിയുള്ള പണമയക്കലിനു പുറമെ സ്‌ക്കാന്‍ ചെയ്ത് പണം നല്‍കാനും ഇതില്‍ സംവിധാനമുണ്ട്. ഇത്തരം നിരവധി സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.

https://www.upichalega.com/

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more