അതൊക്കെ നിങ്ങളുടെ സമരത്തില്‍, ഇവിടെ വേണ്ട; സമരപന്തലിലേക്ക് മദ്യം എത്തിക്കണമെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവിനോട് കര്‍ഷകര്‍
national news
അതൊക്കെ നിങ്ങളുടെ സമരത്തില്‍, ഇവിടെ വേണ്ട; സമരപന്തലിലേക്ക് മദ്യം എത്തിക്കണമെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവിനോട് കര്‍ഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th February 2021, 10:12 pm

ന്യൂദല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് മദ്യം എത്തിക്കണമെന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. ഇത്തരം പ്രതികരണം നടത്തുന്നവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ടികായത് ചോദിച്ചു.

‘ഇവിടെ മദ്യത്തിന്റെ ആവശ്യമെന്താണ്? എന്തിനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നറിയില്ല. ഇത്തരമാളുകള്‍ക്ക് ഈ മുന്നേറ്റവുമായി ഒരു ബന്ധവുമില്ല. ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ല. അവരുടെ സമരങ്ങളില്‍ അവര്‍ക്ക് ഇഷ്ടമുള്ളത് വിതരണം ചെയ്യാം’, ടികായത് പറഞ്ഞു.

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് സമരം നടത്തുന്ന കര്‍ഷകര്‍ക്കായി പണവും മദ്യവും സംഭാവന ചെയ്യണമെന്നായിരുന്നു ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവായ വിദ്യാ ദേവി പറഞ്ഞത്.

ജിന്ദിലെ ജില്ലാ കമ്മിറ്റി മീറ്റിംഗിനിടെയായിരുന്നു വിദ്യയുടെ പ്രസ്താവന. എല്ലാവരും പണവും, പച്ചകറികളും, നെയ്യും, മദ്യവും കര്‍ഷക സമരം നടത്തുന്നവര്‍ക്കായി സംഭാവന നല്‍കണമെന്നായിരുന്നു വിദ്യാ ദേവിയുടെ വിവാദ പ്രസ്താവന.

കോണ്‍ഗ്രസ് എം.എല്‍.എ കൂടിയായ സുഭാഷ് ഗാഗുലിയും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മീറ്റിംഗ് റിപ്പോര്‍ട്ട് ചെയ്യാന്‍ ധാരാളം മാധ്യമപ്രവര്‍ത്തകര്‍ പ്രദേശത്തെത്തിയിരുന്നു. വിദ്യയുടെ പ്രസ്താവന അബദ്ധമായെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് അത് പിന്‍വലിക്കണമെന്ന് പരസ്യമായി പറയാന്‍ പാര്‍ട്ടി നേതാക്കള്‍ അവരെ ഉപദേശിച്ചു. എന്നാല്‍ തന്റെ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് പറഞ്ഞ വിദ്യ കര്‍ഷകര്‍ക്ക മദ്യം നല്‍കുന്നതിനെ ന്യായീകരിക്കുകയും ചെയ്തു.

‘വ്യത്യസ്ത പ്രകൃതക്കാരെ സമരം ആകര്‍ഷിക്കുന്നുണ്ട്. രോഗികളായവര്‍ക്ക് മദ്യം നല്‍കണമെന്നല്ല പറഞ്ഞത്. വ്യത്യസ്തമായ രീതിയില്‍ നമുക്ക് സമരത്തെ ശക്തമാക്കണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്’, വിദ്യാ ദേവി പറഞ്ഞു.

പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ കഴിഞ്ഞ രണ്ട് മാസമായി ദല്‍ഹി അതിര്‍ത്തിയില്‍ സമരം നടത്തുകയാണ്. കേന്ദ്രം പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ വീട്ടിലേക്ക് മടങ്ങില്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: What is the use of liquor in farmers’ protests: Rakesh Tikait on Congress leader’s remarks