| Tuesday, 3rd July 2018, 2:43 pm

കാമ്പസ് ഫ്രണ്ട് ആരുടെ ഉത്തരവാദിത്വം?

എ പി ഭവിത

എറണാകുളം മഹാരാജസ് കോളേജിലെ എസ്. എഫ്. ഐ നേതാവിന്റെ കൊലപാതകത്തോടെ കാമ്പസ് ഫ്രണ്ട് വീണ്ടും ചര്‍ച്ച വിഷയമായിരിക്കുകയാണ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള ചുവരെഴുത്തെഴുതുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് പിടിയിലായത്. കാമ്പസ് ഫ്രണ്ട്, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കത്തിലേക്ക് പുറമേ നിന്നുള്ള എസ്.ഡി.പി.ഐ പ്രവര്‍ത്തകരെത്തുകയും അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന ദൃക്‌സാക്ഷികളും പറയുന്നു.

കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കാമ്പസ് ഫ്രണ്ടിനെ എസ്.ഡി.പി.ഐ തള്ളിപ്പറഞ്ഞു. എന്നാല്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികളെന്ന് പോലീസ് സംശയിക്കുന്നവരെല്ലാം എസ്.ഡി.പി.ഐ , കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ്.
എസ്.ഡി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയല്ല കാമ്പസ് ഫ്രണ്ടെന്നും തങ്ങള്‍ക്ക് വിദ്യാര്‍ത്ഥി സംഘടനയില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ് മാധ്യമങ്ങളെ അറിയിച്ചു. കുട്ടികളെ രക്ഷിക്കാനെത്തിയ ബന്ധുക്കള്‍ സ്വയരക്ഷക്കായാണ് അഭിമന്യുവിനെ കുത്തിയതെന്നും കാമ്പസ് ഫ്രണ്ടുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും എസ്.ഡി.പിഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസിയും പറയുന്നു.

പരസ്പരം ബന്ധമില്ലാത്ത സ്വതന്ത്ര സംഘടനായണെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വിമര്‍ശിക്കുന്നു. “തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പല പേരിലാണ് പ്രവര്‍ത്തിക്കുക. അക്രമസംഭവങ്ങളുണ്ടായാല്‍ ഒഴിഞ്ഞുമാറാനുള്ള സൗകര്യത്തിനാണ് വേറെ സംഘടനകളായി നില്‍ക്കുന്നത്. ഈ സംഘടനകളിലെല്ലാം പ്രവര്‍ത്തിക്കുന്നത് ഒരേ ആളുകള്‍ തന്നെയാണ്”. പി.കെ ഫിറോസ് ആരോപിക്കുന്നു.

കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ നാല് കൊലപാതക കേസുകളാണ് ഇതുവരെ രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. 2012 ജൂലൈ ആറിന് കണ്ണൂര്‍ പള്ളിക്കുന്ന് സ്‌കൂളിലെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി എ.ബി.വി.പി പ്രവര്‍ത്തകനായ സച്ചിന്‍ ഗോപാല്‍ കൊല്ലപ്പെട്ടു. പിടിയിലായത് കാമ്പസ് ഫ്രണ്ടിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും പ്രവര്‍ത്തകര്‍.

2012 ജൂലൈ പതിനാറിന് കോന്നി മന്നം മെമ്മോറില്‍ എന്‍.എസ്.എസ് കോളേജിലെ ഇലക്ടോണിക്‌സ് വിദ്യാര്‍ത്ഥിയും എ.ബി.വി.പി നേതാവുമായ വിശാല്‍ കുമാര്‍ കൊല്ലപ്പെട്ടു. നവാഗതരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അന്നും സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇരുപതംഗ സംഘം നടത്തിയ അക്രമത്തിലായിരുന്നു വിശാല്‍ കൊല്ലപ്പെട്ടത്.

2018 ജനുവരിയില്‍ കണ്ണവത്ത് എ.ബി.വി.പി പ്രവര്‍ത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ട കേസിലും പ്രതികള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്. കാക്കയങ്ങാട് ഗവണ്‍മെന്റ് ഐ.ടി.ഐ വിദ്യാര്‍ത്ഥിയായിരുന്ന ശ്യാമപ്രസാദ് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാറിലെത്തിയ മുഖംമൂടി സംഘം കണ്ണവത്ത് വെച്ച് വെട്ടിക്കൊല്ലുകയായിരുന്നു.

ഈ കൊലപാതകങ്ങള്‍ മാത്രമല്ല എസ്.ഡി.പി.ഐ – കാമ്പസ്ഫ്രണ്ട് കൂട്ടുകെട്ട് നടത്തിയത്. ഈ വര്‍ഷം സ്‌കൂള്‍ തുറന്നപ്പോള്‍ കരുനാഗപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ യൂണിഫോമിനെതിരെ സമരം നടന്നു. പി.ടി.എയും സ്‌കൂള്‍ അധികൃതരും ചേര്‍ന്നാണ് യൂണിഫോം മാറ്റാന്‍ തീരുമാനിച്ചത്. പാവാടയായിരുന്നു യൂണിഫോമായി നിശ്ചയിച്ചത്. കാല്‍ മൊത്തം മറയുന്ന വസ്ത്രം യൂണിഫോമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എസ്.ഡി.പി.ഐ – കാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകര്‍ സമരം നടത്തിയത്. സ്‌കൂളില്‍ അക്രമം നടത്തിയാണ് സംഘം സമരത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചത്.

കൊലപാതകത്തിലും അക്രമ സംഭവങ്ങളിലും ഒന്നിച്ച് ചേര്‍ന്ന പ്രവര്‍ത്തിക്കുന്നവരാണെങ്കിലും പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടി നേതൃത്വം വിദ്യാര്‍ത്ഥി വിഭാഗത്തെ തള്ളിപ്പറയുകയാണ്. കാമ്പസ് ഫ്രണ്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗമാണെന്നാണ് വിക്കിപീഡിയയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കാമ്പസില്‍ അതിജീവനത്തിന്റെ പടയൊരുക്കം നടത്തുകയെന്നതാണ് ഇവരുടെ മുദ്രാവാക്യം.  കാമ്പസ് ഫ്രണ്ട് നടത്തുന്ന അക്രമ സംഭവങ്ങളിലും പ്രതിഷേധങ്ങളിലും രാഷ്ട്രീയ പാര്‍ട്ടിയായ എസ്.ഡി.പി.ഐ കൂട്ടുകക്ഷിയാവുന്നത് എങ്ങനെയാണ് എന്നതാണ് ഉയരുന്ന ചോദ്യം.

സംഘ് പരിവാര്‍ ഹിന്ദുത്വ രാഷ്ട്രീയം ഉപയോഗിച്ച് ഹിന്ദുക്കള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന അതേ രീതിയിലാണ് പോപ്പുലര്‍ ഫ്രണ്ട് മുസ്ലിം സമുദായത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നീരിക്ഷിക്കുന്നു നാസിറുദ്ദീന്‍ ചെന്ദമംഗല്ലൂര്‍.
“ഹനുമാന്‍ സേന, ഗോ രക്ഷാ സേന, ശ്രീരാമ സേന തുടങ്ങി നൂറായിരം ഗുണ്ടാ സംഘങ്ങളില്‍ ഏതെങ്കിലും ഒന്ന് സമയവും സാഹചര്യവും നോക്കി അക്രമം അഴിച്ചു വിടുന്നതാണ് സംഘ് പരിവാര്‍ രീതി. ഇതിന്റെ ഫലമായുള്ള വര്‍ഗീയ ചേരിതിരിവും വിദ്വേഷാന്തരീക്ഷവും ചൂഷണം ചെയ്താണ് ബി ജെ പി രാഷ്ട്രീയ നേട്ടം കൊയ്യുന്നത്. തിരിച്ച് ബി ജെ പി ഭരണത്തിന്റെ മെഷിനറിയുടെ താങ്ങും തണലുംകിട്ടിയാണ് ഈ സംഘടനകള്‍ വളരുന്നത്. അതേ സമയം ഇതിനെ കുറിച്ച് ഏതെങ്കിലും രീതിയില്‍ ചോദ്യം ഉയര്‍ന്നാല്‍ സാങ്കേതികത്വം പറഞ്ഞ് ഈ സംഘടനകളില്‍ നിന്ന് അകലം പാലിക്കുകയും “ഞങ്ങളല്ല, ഞങ്ങളുടെ സംഘടനക്ക് ഈ കൂട്ടവുമായി ഒരു ബന്ധവുമില്ല..” എന്ന് പറയുകയും ചെയ്യുന്നു. പോപ്പുലര്‍ ഫ്രണ്ടും എസ്. ഡി. പി. ഐ യും കാംപസ് ഫ്രണ്ടും മൂന്ന് സ്വതന്ത്ര സംഘടനകളാണെന്നും അവകാശപ്പെടുന്നു. എന്നാല്‍ ഇതില്‍ മൂന്നിലും ഒരു പോലെ പ്രവര്‍ത്തിക്കുന്ന അണികള്‍, അവര്‍ പങ്കു വെക്കുന്ന വിഭവ ശേഷി, എല്ലാറ്റിലുമുപരിയായി ഒരേ ശബ്ദത്തിലും ശൈലിയിലും അവര്‍ പ്രചരിപ്പിക്കുന്ന ഹിംസാത്മകമായ രാഷ്ട്രീയം എന്നിവയെല്ലാം ഇവര്‍ക്കിടയിലെ അന്തര്‍ധാര കൃത്യമായി വരച്ചു കാട്ടുന്നു”.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

We use cookies to give you the best possible experience. Learn more