സ്‌പെയിനില്‍ കാലിടറിയ മണി ഹീസ്റ്റ് വന്‍കരകള്‍ കടന്ന് ആഗോള ആരാധക ഹൃദയം കൊള്ളയടിച്ചതെങ്ങനെ?
web stream
സ്‌പെയിനില്‍ കാലിടറിയ മണി ഹീസ്റ്റ് വന്‍കരകള്‍ കടന്ന് ആഗോള ആരാധക ഹൃദയം കൊള്ളയടിച്ചതെങ്ങനെ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th August 2020, 9:33 pm

ആഗോള തലത്തില്‍ വന്‍ ജനപ്രീതി നേടിയ സീരീസ് മണിഹീസ്റ്റ് എന്ന സ്പാനിഷ് സീരീസിന്റെ അഞ്ചാം സീരീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രഖ്യാപനത്തില്‍ പിന്നാലെ നിരവധി വാര്‍ത്തകളാണ് മണി ഹീസ്റ്റിനെക്കുറിച്ച് പുറത്തു വരുന്നത്. ഇതിനിടയില്‍ മണി ഹീസ്റ്റ് എന്ന സീരീസിന് സംഭവിച്ച അപ്രതീക്ഷിത കുതിച്ചു ചാട്ടം വീണ്ടും ചര്‍ച്ചയാവുകയാണ്. മണിഹീസ്റ്റ് ദ ഫൊണീമിനിയന്‍ എന്ന ഡോക്യുമെന്ററിയിലാണ് സീരീസ് പിന്നിട്ട വഴികള്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കു വെച്ചത്.

2017 മെയ് മാസത്തില്‍ സ്പാനിഷ് ടി.വി ചാനലായ ആന്റിന 3 എന്ന ചാനലിലാണ് ലാ കാസ ദെ പപെല്‍ എന്ന മണിഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്.

തുടക്കത്തില്‍ ഇത് ടെലിവിഷനില്‍ സീരീസ് ജനശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ആദ്യ സീസണിനു ശേഷം സ്‌പെയിനില്‍ മണിഹീസ്റ്റിന്റെ ജനപ്രീതി ഇടിഞ്ഞു. സീരീസ് ഒരു പരാജയമായി അണിയറ പ്രവര്‍ത്തകര്‍ കണക്കാക്കിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നെറ്റ്ഫ്‌ളിക്‌സിന്റെ അപ്രതീക്ഷിത വരവ്. സീരീസിനെ നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്തു.

എന്നാല്‍ മണിഹീസ്റ്റിന് വലിയ പരിഗണന നെറ്റ്ഫ്‌ളിക്‌സ് നല്‍കിയിരുന്നില്ല. ഈ സീരീസിനായി പരസ്യവും നെറ്റ്ഫ്‌ളിക്‌സ് ചെയ്തിരുന്നില്ല. നെറ്റ്ഫ്‌ളിക്‌സ് തങ്ങളുടെ പ്രൊജക്ട് എടുത്തതില്‍ മണിഹീസ്റ്റ് അണിയറ പ്രവര്‍ത്തകരും വലിയ പ്രതീക്ഷ വെച്ചിരുന്നില്ല.

എന്നാല്‍ എല്ലാ കണക്കു കൂട്ടലുകളെയും അസ്ഥാനത്താക്കി മണിഹീസ്റ്റ് പ്രേക്ഷക ഹൃദയം കൊള്ളയടിക്കാന്‍ തുടങ്ങി. വലിയ പ്രശസ്തിയൊന്നുമില്ലാതിരുന്ന സീരീസിലെ അഭിനേതാക്കള്‍ അതിവേഗം ആഗോള പ്രശസ്തി നേടാന്‍ തുടങ്ങി.

സീരീസിലെ കഥാപാത്രമായ ഡെന്‍വറിനെ അവതരിപ്പിച്ച ജെയ്മ ലോറെന്റിന് മണിഹീസ്റ്റ് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്നതിനു മുമ്പ് 15000 ത്തോളം ഫോളോവേഴ്‌സേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പൊടുന്നനെ ഇത് മുപ്പതിനായിരമായി, അമ്പതിനായിരമായി, അറുപതിനായിരം കടന്നു. ഇന്ന് ഇദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് 1.5 കോടിയിലേറെയാണ്.

ഡെന്‍വര്‍ മാത്രമല്ല, മണിഹീസ്റ്റിലെ എല്ലാ കഥാപാത്രങ്ങളും തരംഗമായി, ടോക്കിയോ, നെയ്‌റോബി, ഹെല്‍സിങ്കി, ബെര്‍ലിന്‍, മോണിക, പ്രൊഫസര്‍, റാഖ്വേല്‍, റിയോ, ആര്‍തുറോ തുടങ്ങിയ കഥാപാത്രങ്ങള്‍ തരംഗമായി മാറി.

സീരീസ് രാജ്യം കടന്നു, വന്‍കര കടന്നു. ലെബനന്‍, ഇറാഖ്, ഫ്രാന്‍സ്, ചിലി തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ മണിഹീസ്റ്റില്‍ ഉപയോഗിച്ച ബെല്ല ചാവോ ( രണ്ടാം ലോകമഹായുദ്ധത്തിലെ ഫാസിസ്റ്റ് വിരുദ്ധ ഗാനം) ഉയര്‍ന്നു കേട്ടു. ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ മണിഹീസ്റ്റ് കോസ്റ്റിയൂമില്‍ പ്രക്ഷോഭകരെത്തി.

സൗദി അറേബ്യയില്‍ അപ്രതീക്ഷിത തരംഗം മണിഹീസ്റ്റ് സൃഷ്ടിച്ചു. ബെല്ല ചാവോ ഗാനത്തിന്റെ സൗദി വെര്‍ഷന്‍ അവര്‍ അവതരിപ്പിച്ചു. ഇംഗ്ലീഷ് സീരീസുകളെ പിന്നിലാക്കി മണിഹീസ്റ്റ് ഹിറ്റ് ലിസ്റ്റില്‍ മുന്‍പന്തിയിലെത്തി.

നെറ്റ്ഫ്‌ളിക്‌സ് തന്നെ ഈ വമ്പന്‍ വിജയത്തില്‍ ഞെട്ടിത്തിരിച്ചു. ഔദ്യോഗിക മീറ്റിംഗില്‍ മണിഹീസ്റ്റ് ഉണ്ടാക്കിയ പ്രകമ്പനങ്ങള്‍ വിഷയമായി.

2018 ല്‍ അന്താരാഷ്ട്ര എമ്മി അവാര്‍ഡും സീരീസ് കരസ്ഥമാക്കി. ഇതിനിടയില്‍ ചില കൊള്ളക്കാര്‍ക്കും മണിഹീസ്റ്റ് പ്രചോദനമായി.

പ്രവചനങ്ങള്‍ക്കപ്പുറത്തേക്ക് ഈ സ്പാനിഷ് സീരീസ് കടന്നതോടെ നെറ്റ്ഫ്‌ളിക്‌സ് അണിയറ പ്രവര്‍ത്തകരോടായി ചോദിച്ചു. നിങ്ങള്‍ക്കൊരു കൊള്ളടയി കൂടി സാധ്യമാണോ? രണ്ടു മാസത്തെ ആലോചനയ്‌ക്കൊടുവില്‍ അണിയറ പ്രവര്‍ത്തകര്‍ ഇതിന് സമ്മതം മൂളുകയായിരുന്നു. അങ്ങനെയാണ് സീരീസിന്റെ മൂന്നും നാലും സീസണുകള്‍ സാധ്യമാവുന്നത്.

രണ്ടു സീസണുകളിലായി 15 സീസണുകളാണ് സ്‌പെയിന്‍ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്നത്. നെറ്റ്ഫ്‌ളിക് ഇതേറ്റെടുത്തപ്പോള്‍ ഇത് 22 ചെറിയ എപ്പിസോഡുകളാക്കി ചുരുക്കിയാണ് സ്ട്രീം ചെയ്തത്. ഇത് ഈ സീരീസിന്റെ വിജയത്തിന് ഒരു പ്രധാന കാരണമെന്നും നിഗമനമുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ