| Wednesday, 20th October 2021, 6:10 pm

ഗാഡ്ഗിലിന്റെ ശരിതെറ്റുകളല്ല, മനുഷ്യരുടെ ജീവനാണ് പ്രശ്‌നം

ഷഫീഖ് താമരശ്ശേരി

വര്‍ഷാവര്‍ഷവും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന പ്രളയക്കെടുതികളില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളം. ആര്‍ത്തലച്ചുവരുന്ന മലവെള്ളം മനുഷ്യജീവനുകളെ കവര്‍ന്നുകൊണ്ടുപോകുന്നത് നിത്യസംഭവങ്ങളായി മാറുന്നു. തുടര്‍ച്ചയായ മണ്ണിടിച്ചിലുകളിലും ഉരുള്‍പൊട്ടലുകളിലും മണ്‍മറഞ്ഞില്ലാതാകുന്നത് മനുഷ്യജീവനുകള്‍ മാത്രമല്ല മലയോര മനുഷ്യര്‍ പതിറ്റാണ്ടുകളുടെ വിയര്‍പ്പില്‍ നെയ്തെടുന്ന ജീവിത ഭൂമിക കൂടിയാണ്.

2018 ജൂണ്‍ മാസത്തില്‍ കോഴിക്കോട്ടെ കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടല്‍, 483 മനുഷ്യര്‍ മരണപ്പെട്ട, 140 ലധികം പേരെ കാണാതായ ആഗസ്ത് മാസത്തിലെ മഹാപ്രളയം, 2019 ല്‍ മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍, 2020 ല്‍ ഇടുക്കിയിലെ പെട്ടിമുടിയിലും ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്തെ കൂട്ടിക്കലിലും ഇടുക്കിയിലെ കൊക്കയാറിലുമുണ്ടായ ഉരുള്‍പൊട്ടലുകള്‍. എത്രയെത്ര മനുഷ്യരാണ് മലവെള്ളത്തിലൊലിച്ചുപോയത്, എത്രയെത്ര ജീവിതങ്ങളാണ് മണ്ണിനടിയിലമര്‍ന്നുപോയത്. തുടര്‍ച്ചയായ ഈ പ്രകൃതി ദുരന്തങ്ങള്‍ ആഘാതമേല്‍പ്പിക്കുന്നത് കേരളത്തിന്റെ ഭൂപ്രകൃതിയെയോ, പാരിസ്ഥിതിക സന്തുലിതാവസ്ഥയെയോ മാത്രമല്ല, അടിത്തട്ടില്‍ ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിത താളത്തെ കൂടിയാണ്.

2018 ലെ പ്രളയം

ഓരോ പ്രളയനാളുകള്‍ക്ക് ശേഷവും കേരളീയ പൊതുമണ്ഡലം പ്രത്യേകിച്ചും നവമാധ്യമങ്ങള്‍ വലിയ തര്‍ക്കങ്ങള്‍ക്കും സംവാദങ്ങള്‍ക്കും വേദിയാകാറുണ്ട്. പരിസ്ഥിതി, വികസനം, വിഭവവിനിയോഗം, പശ്ചിമഘട്ട സംരക്ഷണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് കാലാകാലങ്ങളായി കേരളത്തില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത സമീപനങ്ങളും കാഴ്ചപ്പാടുകളും തമ്മിലുള്ള പരസ്യപോരുകളാണ് പ്രളയാനന്തരനാളുകളില്‍ കേരളത്തില്‍ അരങ്ങേറാറുള്ളത്. വീണ്ടും വെയിലുദിക്കും, ചര്‍ച്ചകളും തര്‍ക്കങ്ങളുമസാനിക്കും. മനുഷ്യര്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ ശ്രമിക്കും. പക്ഷേ ആ ശ്രമങ്ങളുടെ ആയുസ്സ് തൊട്ടടുത്ത പേമാരിക്കാലം വരെ മാത്രമായിരിക്കും.

അതിതീവ്ര മഴയും ആഗോള കാലാവസ്ഥാ വ്യതിയാനവുമാണ് ദുരന്തങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തുന്നവര്‍, വനനശീകരണവും ഖനനപ്രവര്‍ത്തനങ്ങളും അനധികൃത നിര്‍മാണങ്ങളും ഭൂമി കയ്യേറ്റങ്ങളുമടക്കമുള്ള മനുഷ്യ ഇടപെടലുകളാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമെന്ന് ആരോപിക്കുന്നവര്‍, നൂറ്റാണ്ടുകള്‍ക്കും പതിറ്റാണ്ടുകള്‍ക്കും മുമ്പ് നടന്ന മഹാപ്രളയങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണം ഏത് മനുഷ്യ ഇടപെടലുകളായിരുന്നുവെന്ന് തിരികെ ചോദിക്കുന്നവര്‍, മണ്ണടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമായി റിസോര്‍ട്ടുകളെയും പാറമടകളെയും പ്രതിസ്ഥാനത്ത് നിര്‍ത്തി ചോദ്യം ചെയ്യുന്നവര്‍, കൊടും കാടിനകത്ത് മണ്ണിനിടിയുന്നതും ഉരുള്‍പൊട്ടുന്നതും കാട്ടില്‍ റിസോര്‍ട്ടോ പാറമടയോ ഉണ്ടായിട്ടാണോ എന്ന് തിരികെ ചോദിക്കുന്നവര്‍, മനുഷ്യര്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി നില്‍ക്കുമ്പോഴും ‘പ്രകൃതിയുടെ വികൃതി’യെന്നും ‘പുഴ അതിന്റെ വഴികള്‍ കണ്ടെത്ത’യെന്നും കവിതകള്‍ രചിക്കുന്നവര്‍, ‘അന്ന് മാധവ് ഗാഡ്ഗിലിനെ തള്ളിക്കളഞ്ഞവര്‍ ഇന്ന് ഗാഡ്ഗിലിന് വേണ്ടി നിലവിളിക്കുകയാണ്’ എന്ന് സന്തോഷത്തോടെ പറഞ്ഞുവെക്കുന്നവര്‍, മാധവ് ഗാഡ്ഗിലിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഉറഞ്ഞുതുള്ളുന്ന മറ്റൊരു കൂട്ടര്‍. ഇത്തരത്തില്‍ വ്യത്യസ്തങ്ങളായ പാരിസ്ഥിതിക സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തമ്മില്‍ പരസ്യ ഏറ്റുമുട്ടലുകള്‍ തുടരുന്നു. അപ്പോഴും അടിത്തട്ടിലെ മനുഷ്യര്‍ ദുരിതങ്ങളോടെതിരിടാവാനാതെ ജീവിതത്തിന് മുന്നില്‍ മുട്ടുമടക്കുന്നു.

2019ല്‍ കവളപ്പാറയില്‍ സംഭവിച്ച ഉരുള്‍പൊട്ടല്‍

ദുരന്തങ്ങള്‍ക്ക് കാരണമെന്തെന്ന തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പ് കല്‍പിക്കുക അസാധ്യമാണ്. പക്ഷേ മനുഷ്യജീവനുകളെ സംരക്ഷിക്കാന്‍, ദുരന്തങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ നാമെന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ഗൗരവമായ പഠനങ്ങള്‍ നടത്തി ശാസ്ത്രീയമായി അത് നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം അത് മനുഷ്യരുടെ ജീവനും ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. വര്‍ഷാവര്‍ഷവും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന ഈ തുടര്‍ദുരന്തങ്ങളെ ഇനിയും അപ്രതീക്ഷിതമെന്ന് വിലയിരുത്താനാവില്ല. ഭരണകൂടം ദുരന്തങ്ങളെ പ്രതീക്ഷിക്കേണ്ടതുണ്ട്, പ്രതിരോധിക്കേണ്ടതുണ്ട്. ദുരന്തങ്ങള്‍ക്ക് കാരണമാകുന്ന വസ്തുതകള്‍ എന്തെന്നത് സംബന്ധിച്ച് കൃത്യമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്, അതനുസരിച്ച് നയസമീപനങ്ങള്‍ തിരുത്തേണ്ടതുണ്ട്.

‘അരുതേ… മലകളെയും പുഴകളെയും മരങ്ങളെയും നോവിക്കരുതേ…’ എന്ന പാരിസ്ഥിതിക കാല്‍പനികതയില്‍ നിന്ന് മുന്നോട്ടു സഞ്ചരിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകരും കൂട്ടായ്മകളും തയ്യാറാകേണ്ടതുണ്ട്. മനുഷ്യനെയും പ്രകൃതിയെയും വിരുദ്ധ ധ്രുവങ്ങളില്‍ നിര്‍ത്തുന്ന കാഴ്ചപ്പാടുകള്‍ വെടിഞ്ഞ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളുടെ വികസിത സംവാദങ്ങളിലേക്കുയര്‍ന്ന് കുറേകൂടി ശാസ്ത്രീയവും വസ്തുതാപരവും ക്രിയാത്മകവുമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാന്‍ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് ബാധ്യതയുണ്ട്. കുറേകൂടി മെച്ചപ്പെട്ട ഒരു ഭരണനിര്‍വഹണ സംവിധാനത്തെ പോലെ തന്നെ കുറേകൂടി മെച്ചപ്പെട്ട ആക്ടിവിസവും നാം അര്‍ഹിക്കുന്നുണ്ട്.

2019ല്‍ പുത്തുമലയിലുണ്ടായ ദുരന്തം

എന്ത് ദുരന്തം സംഭവിച്ചാലും റിസോര്‍ട്ട്, പാറമട, വനനശീകരണം, വയല്‍നികത്തല്‍, വികസനം എന്നീ പല്ലവികള്‍ ആവര്‍ത്തിക്കുന്നവരെയല്ല, മറിച്ച് അതാത് ഘട്ടങ്ങളില്‍ എന്ത് സംഭവിക്കുന്നുവെന്നത് ശാസ്ത്രീയമായി വിലയിരുത്തി ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയുമാണ് ഈ നാടിന് വേണ്ടത്. ഗാഡ്ഗിലില്‍ തുടങ്ങി ഗാഡ്ഗിലില്‍ തന്നെ അവസാനിക്കുന്ന ചര്‍ച്ചകളല്ല ദുരന്തമുഖത്ത് നമുക്കിന്നാവശ്യം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പരിമിതികളെയും പോരായ്മകളെയും കൂടി ചര്‍ച്ച ചെയ്തുകൊണ്ടായിരിക്കണം നമ്മുടെ സംവാദങ്ങള്‍ വികസിക്കേണ്ടത്. ആഗോളതലത്തില്‍ സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനവും മറ്റ് പ്രകൃതിപ്രതിഭാസങ്ങളും കാരണം ലോകമാസകലം ദുരന്തങ്ങള്‍ സംഭവിക്കുന്ന ഈ ഘട്ടത്തില്‍ ആ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി ദുരന്തങ്ങളുടെ ആഘാതങ്ങള്‍ കുറയ്ക്കാനുള്ള പ്രായോഗിക പദ്ധതികള്‍ക്കാണ് നാം ഊന്നല്‍ കൊടുക്കേണ്ടത്.

ഈ പ്രളയദിനങ്ങളില്‍ നവമാധ്യമങ്ങളിലരങ്ങേറിയ ചര്‍ച്ചകളെക്കുറിച്ച് മാത്രം നമുക്ക് പരിശോധിക്കാം. മാധവ് ഗാഡ്ഗില്‍ ആയിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ കേരളം ഇനിയെങ്കിലും തെറ്റ് തിരുത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ഈ സാഹചര്യത്തിലും ഗാഡ്ഗിലിനെയും ഉയര്‍ത്തിപ്പിടിച്ചു വരുന്നവര്‍ നിക്ഷിപ്ത താത്പര്യക്കാരാണെന്ന് മറുവിഭാഗം. ഇത്തരം തര്‍ക്കങ്ങള്‍ക്കിടയില്‍, ഊഹാപോഹങ്ങള്‍ക്കപ്പുറം മുമ്പത്തെപ്പോലെ ഇപ്പോഴും ചര്‍ച്ചായാകാതെ പോകുന്ന ഒന്നുണ്ട്. എന്തായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുന്നോട്ടുവെച്ച ആശയമെന്നത്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അരങ്ങേറിയിരുന്ന വിവാദങ്ങള്‍ എന്തായിരുന്നുവെന്നത്. ജനങ്ങളുടെ സ്വാഭാവിക ജീവിത താളങ്ങള്‍ക്ക് പരിക്കേല്‍ക്കാതെ തന്നെ പരിസ്ഥിതി സംരക്ഷണം സാധ്യമാകുമായിരുന്ന സാഹചര്യങ്ങള്‍ എങ്ങിനെയാണ് അട്ടിമറിക്കപ്പെട്ടതെന്ന്.

മാധവ് ഗാഡ്ഗില്‍

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി 2010 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പശ്ചിമഘട്ട വിദഗ്ദ സമിതിയുടെ അധ്യക്ഷനായിരുന്നു മാധവ് ഗാഡ്ഗില്‍. 2011 ആഗസ്തിലാണ് ഗാഡ്ഗിലിന്റെ മുന്‍കൈയിലുള്ള സമിതി സര്‍ക്കാറിന് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കാല്പനികമായ പരിസ്ഥിതി പരിപാലന മാര്‍ഗങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങളായിരുന്നില്ല ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എന്നത് അത് പരിശോധിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകും. കാരണം അതൊരു രാഷ്ട്രീയ റിപ്പോര്‍ട്ട് കൂടിയായിരുന്നു. പങ്കാളിത്ത ജനാധിപത്യത്തെയായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റി പ്രധാനമായും മുന്നോട്ടുവെച്ചത്.

കമ്മിറ്റി റിപ്പോര്‍ട്ട് എന്നത് നിര്‍ദേശങ്ങള്‍ മാത്രമാണെന്നും അവ അംഗീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഓരോ പ്രദേശത്തെയും ജനങ്ങളാണെന്നുമാണ് ഗാഡ്ഗില്‍ പറഞ്ഞത്. ഓരോ മേഖലയിലും ഏതുതരം വികസനവും ഏതു തരം സംരക്ഷണവും വേണമെന്ന് തീരുമാനിക്കേണ്ടത് അതാത് സ്ഥലത്തെ പ്രാദേശിക ജനതയും ഗ്രാമസഭകളുമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അധികാര കേന്ദ്രീകരണത്തിന്റെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച ഗാഡ്ഗില്‍ ഭരണഘടനയുടെ 73, 74 ഭേദഗതികളെക്കുറിച്ചും പങ്കാളിത്ത ജനാധിപത്യത്തിന്റെ സാധ്യതകളെക്കുറിച്ചും അവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമാണ് ആവര്‍ത്തിച്ചത്.

പാരിസ്ഥിതിക വിഭവങ്ങല്‍ക്ക് മേല്‍ മൂലധന ശക്തികളുടെ കടന്നുകയറ്റം വലിയ രീതിയില്‍ വര്‍ധിക്കുകയും തദ്ദേശീയ ജനത അവരുടെ പരമ്പരാഗത ആവാസവ്യവസ്ഥകളില്‍ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്ന ഒരു ആഗോള സാഹചര്യത്തില്‍ പാരിസ്ഥിതിക വിഭവങ്ങളുടെ ഉടമസ്ഥതയും അധികാരവും തദ്ദേശീയ സമൂഹങ്ങളില്‍ നിക്ഷിപ്തമായിരിക്കണമെന്ന രാഷ്ട്രീയ സന്ദേശമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇന്ത്യന്‍ ഇടതുപക്ഷം പതിറ്റാണ്ടുകളായി മുന്നോട്ടുവെയ്ക്കുന്ന ഒരു ആശയം കൂടിയായിരുന്നു അത്. എന്നാല്‍ ഇക്കാര്യമൊന്നും എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടില്ല. കേരളത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ കലാപങ്ങള്‍ നടത്തിയവരില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ഇവിടുത്തെ മുഖ്യധാരാ ഇടതുപക്ഷം തന്നെയായിരുന്നു.

പശ്ചിമഘട്ട പ്രദേശങ്ങളെ അവിടുത്തെ പാരിസ്ഥിതിക സവിശേഷതകള്‍ കണക്കിലെടുത്ത് മൂന്ന് സോണുകളായി തിരിക്കണമെന്നും ഓരോ സോണുകള്‍ക്കും സവിശേഷമായ പരിപലാനരീതികള്‍ വേണമെന്നുമായിരുന്നു ഗാഡ്ഗില്‍ നിര്‍ദേശിച്ചത്. വിവിധ മേഖലകളില്‍ ഭൂമിശാസ്ത്രപരവും ജൈവവൈവിധ്യപരവുമായ സൂക്ഷ്മ പഠനങ്ങള്‍ നടത്തിയതിന് ശേഷം ഓരോ മേഖലകളുടെയും പരിപാലന രീതികള്‍ക്കായി വിവിധ മാതൃകകളും ഗാഡ്ഗില്‍ മുന്നോട്ടുവെച്ചു. ഇവയൊന്നും അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങളല്ല, മറിച്ച് പ്രാദേശിക ജനതയ്ക്ക് മുന്നില്‍ ചര്‍ച്ചയ്ക്കായി വെക്കുന്ന നിര്‍ദേശങ്ങളാണ് എന്ന് ഗാഡ്ഗില്‍ തുടര്‍ച്ചയായി ആവര്‍ത്തിച്ചിട്ടും അതൊന്നും ആരും പരിഗണിച്ചില്ല. പകരം ഈ നിര്‍ദേശങ്ങളില്‍ അല്‍പം പ്രയാസമെന്ന് തോന്നുന്നവയെ പെരുപ്പിച്ചും നുണക്കൂമ്പാരങ്ങള്‍ പടച്ചുവിട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ സംഘടിത ആക്രമണങ്ങള്‍ ആരംഭിച്ചു. കേരളത്തിലെ മലയോര ഗ്രാമങ്ങള്‍ അശാന്തമായി.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ തന്നെ ഹൈറേഞ്ചുകളില്‍ കുടിയിരുത്തിയ സാധാരണ കര്‍ഷകരുടെ ആശങ്കകള്‍ അകറ്റുന്നതിനോ അവരെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുന്നതിനോ അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു ശ്രമവും ഉണ്ടായില്ല. ഇതിനിടയില്‍ നിക്ഷിപ്ത താപര്യങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ട പള്ളിയും പാര്‍ട്ടിയും പാറമടക്കാരും എല്ലാം ഒന്നിച്ചതോടെ ഹൈറേഞ്ചിലെ വിവിധയിടങ്ങളില്‍ ഹര്‍ത്താലുകളും തെരുവ് കലാപങ്ങളും നടന്നു. ഒടുവില്‍ വലിയ ജനകീയ സമ്മര്‍ദത്തിന് മുന്നില്‍ അന്നത്തെ സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായി വലിയ സമരങ്ങള്‍ നടന്നെങ്കിലും റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള വസ്തുതകള്‍ മലയോര മേഖലയിലെ സാധാരണ ജനങ്ങള്‍ക്കറിയുമായിരുന്നില്ല. അവരാരും റിപ്പോര്‍ട്ട് വായിച്ചിരുന്നുമില്ല. അവരുടെ ഉള്ളില്‍ എക്കാലത്തുമുണ്ടായിരുന്ന ഭയം തങ്ങള്‍ കുടിയിറക്കപ്പെടുമോ എന്നതായിരുന്നു. ആ ഭയത്തെ പരമാവധി മുതലെടുക്കുകയാണ് രാഷ്ട്രീയപ്പാര്‍ട്ടികളും മതസ്ഥാപനങ്ങളും ജനപ്രതിനിധികളും ചെയ്തത്.

ഗാഡ്ഗില്‍ വിരുദ്ധ പ്രക്ഷോഭം

കര്‍ഷകരുടെ, പ്രത്യേകിച്ച് മലയോര ജനതയുടെ ജീവിതം നശിപ്പിക്കാനെത്തിയ കൊടുംഭീകരനായി ഗാഡ്ഗില്‍ ചിത്രീകരിക്കപ്പെട്ടു. ഈ സാഹചര്യങ്ങളെ മുതലെടുത്തവരാകട്ടെ അവരുടെ രാഷ്ടീയ നേട്ടങ്ങള്‍ കൊയ്തു. വയനാട്ടിലും ഇടുക്കിയിലും ഗാഡ്ഗില്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പി.വി. അന്‍വര്‍, ജോയ്സ് ജോര്‍ജ് എന്നീ പ്രാദേശിക രാഷട്രീയ പ്രവര്‍ത്തകര്‍ പിന്നീട് ഇടതുപക്ഷത്തിന്റെ എം.പിയും എം.എല്‍.എ യും ആയി മാറി. ഗാഡ്ഗിലിന് അനുകൂലമായി നിലപാടെടുത്ത ഒരേയൊരു ജനപ്രതിനിധിയായിരുന്ന അന്നത്തെ ഇടുക്കി എം.പി, പി.ടി. തോമസ് ഏറെ കാലം രാഷ്ട്രീയചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കപ്പെട്ടു.

മുഖ്യധാരാ മാധ്യമങ്ങള്‍ പോലും വിവാദങ്ങള്‍ക്ക് പിറകെയായിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെപ്പറ്റി ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിന് പകരം അവര്‍ സംഘര്‍ഷങ്ങളെ കൂടുതല്‍ കലുശിതമാക്കുകയാണ് ചെയ്തത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മുടെ പശ്ചിമഘട്ടം വലിയ ദുരന്തങ്ങളിലേക്ക് വഴുതിവീണപ്പോള്‍ കേരളം ഗാഡ്ഗിലിനോട് മാപ്പ് പറയണമെന്ന് പറഞ്ഞ് ആദ്യം രംഗത്ത് വന്നതും ഇതേ മാധ്യമങ്ങള്‍ തന്നെയാണ്. ഇന്ന് ഓരോ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും സംഭവിക്കുമ്പോഴും പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും ആഴ്ചപ്പതിപ്പുകളിലും എല്ലാം ഗാഡ്ഗിലിനെ കുറിച്ചുള്ള പ്രകീര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ അഭിമുഖങ്ങളും പ്രതികരണങ്ങളും നിറയുകയാണ്. ഗാഡ്ഗില്‍ പ്രവാചകനെ പോലെ വാഴ്ത്തപ്പെടുകയാണ്.

ഓരോ തവണ പ്രളയം വരുമ്പോഴും ഗാഡ്ഗില്‍ അന്നേ ഇതൊക്കെ പറഞ്ഞിരുന്നു എന്നു പറഞ്ഞതുകൊണ്ട് യാതൊരു പ്രയോജനവും ഇനി ഉണ്ടാകാന്‍ പോകുന്നില്ല. തന്നെ ഒരു പ്രവാചകനാക്കി ഘോഷിക്കുന്നതിനു പകരം പങ്കാളിത്ത ജനാധിപത്യത്തെ ശക്തിപ്പെടുത്തിക്കൊണ്ട് ഏതുവിധത്തിലാണ് ഇനി മുന്നോട്ടു പോകാനാവുക എന്ന് ചിന്തിക്കണം എന്നാണ് ഗാഡ്ഗില്‍ മാധ്യമങ്ങളോട് പറഞ്ഞത്. ആത്യന്തികമായി ഗാഡ്ഗില്‍ മാത്രമായിരുന്നു ശരി എന്ന വിലയിരുത്തലുകളേക്കാള്‍ കേരളത്തിന് ആവശ്യം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അടക്കമുള്ള പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യുകയും അതില്‍ സ്വീകാര്യമായവ ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുകയുമാണ്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കേരളത്തിനകത്ത് ഏറ്റവും സവിശേഷമായി അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ തന്നെയാണ് ഉരുള്‍പൊട്ടലുണ്ടായതെന്നതാണ് ഏറെ ശ്രദ്ധേയം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കപ്പെട്ടാല്‍ തങ്ങള്‍ കുടിയിറങ്ങേണ്ടി വരുമോ എന്ന് ഭയന്ന ജനതയാണ് ഇന്ന് പ്രകൃതിദുരന്തങ്ങളെ ഭയന്ന് മലയിറങ്ങേണ്ടി വരുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അതിജീവനത്തിന്റെ ഭാഗമായി മലമുകളിലേക്ക് കുടിയേറിയ ജനത, ഇന്ന് പ്രകൃതി ദുരന്തങ്ങളെ ഭയന്ന് കുടിയിറങ്ങുന്ന കാഴ്ചയാണ് മലനാടുകളില്‍. പാരിസ്ഥിതിക കുടിയിറക്കത്തിന്റെ ഒരു പുതിയ ചിത്രം.

പെട്ടിമുടി ദുരന്തം

സമീപകാലത്ത് കേരളത്തില്‍ സംഭവിച്ച ഏത് പ്രകൃതി ദുരന്തം പരിശോധിച്ചാലും പ്രകൃതി ദുരന്തങ്ങളുടെ രാഷ്ട്രീയം നമുക്ക് ബോധ്യമാകും. എല്ലാ ദുരന്തങ്ങളിലും ഇരകളാക്കപ്പെടുന്നവര്‍ ആരാണ്, വര്‍ഷാ വര്‍ഷവും അഭയാര്‍ത്ഥികളെ പോലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പലായനം ചെയ്യേണ്ടി വരുന്നവരുടെ വര്‍ഗമേതാണ്, ഏത് നിമിഷവും കുത്തിയൊലിച്ച് പോയേക്കാവുന്ന, എപ്പോള്‍ വേണമെങ്കിലും വെള്ളത്തിനടിയിലായേക്കാവുന്ന, പുഴയോരങ്ങളിലെയും പുറമ്പോക്കുകളിലെയും മലമടക്കുകളിലെയും വനമേഖലകളിലെയും അപകട ഭൂമികളില്‍ ഭയത്തോടെ ജീവിക്കേണ്ടി വരുന്നവര്‍ ആരാണ്. മണ്ണിനടിയില്‍ പെട്ടുപോയ കരിഞ്ചോലമലയിലെയും കവളപ്പാറയിലെയും പുത്തുമലയിലെയും പെട്ടിമുടിയിലെയും കൂട്ടിക്കലിലെയും കൊക്കയാറിലെയും കുടുംബങ്ങളെ നോക്കൂ. തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരും ദളിതരും ന്യൂനപക്ഷങ്ങളുമെല്ലാമായ അടിത്തട്ടിലെ സാധാരണ മനുഷ്യരാണവര്‍. അതുകൊണ്ട് തന്നെ പ്രകൃതി ദുരന്തങ്ങള്‍ കേവലം പാരിസ്ഥിതിക പ്രശ്നം മാത്രമല്ല സാമൂഹ്യനീതിയുടെ കൂടി പ്രശ്നമാണ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ തീവ്രമായിത്തന്നെ അനുഭവിക്കുന്നവരാണ് മലയോരനിവാസികളും ആദിവാസികളും ദളിതരും പിന്നോക്കവിഭാഗങ്ങളും കര്‍ഷകരും തൊഴിലാളി കുടുംബങ്ങളുമെല്ലാം. പരിസ്ഥിതി നാശം തടയേണ്ടത് അവരുടെ ജീവനും ജീവിതഭദ്രതയ്ക്കും അത്യാവശ്യമാണ്. ആ ചുമതല അവരുടെ നേതൃത്വത്തില്‍ തന്നെ നടക്കുന്നതില്‍ അവര്‍ക്ക് എതിര്‍പ്പുണ്ടാകാന്‍ യാതൊരു വഴിയുമില്ല. അല്‍പമെങ്കിലും മനസ്സാക്ഷിയുണ്ടെങ്കില്‍ ഇനിയെങ്കിലും അവരെ തെറ്റിദ്ധരിപ്പിക്കാതിരിക്കുകയാണ് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വവും മതസ്ഥാപനങ്ങളും ചെയ്യേണ്ടത്. വന്‍തോതിലുള്ള പരിസ്ഥിതി നാശം മലയോരമേഖലയില്‍ മാത്രമല്ല, ഇടനാട്ടിലും തീരപ്രദേശത്തും നിരന്തരം നടക്കുന്നുണ്ട്. അതില്ലാതാകാന്‍, വേണ്ട തീരുമാനങ്ങളെടുക്കാന്‍ തദ്ദേശജനതയ്ക്കുള്ള അധികാരത്തെപ്പറ്റിയാണ് ചര്‍ച്ചകള്‍ നടക്കേണ്ടത്.

കേരളത്തില്‍ ആയിരത്തിലധികം തദ്ദേശീയ ഭരണസ്ഥാപനങ്ങളുണ്ട്. ഭരണഘടനാപരമായ അധികാരങ്ങളും ചുമതലകളും ഉള്ളവ. ആ സ്ഥാപനങ്ങള്‍ ശരിയാംവിധം ജനകീയമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഓരോ നാട്ടിലെയും മലകളും കുന്നുകളും പുഴകളും പാടങ്ങളും എല്ലാം അവര്‍ക്ക് തന്നെ ജനങ്ങളുടെ സഹകരണത്തോട് കൂടി സംരക്ഷിക്കാന്‍ കഴിയും. ജനങ്ങള്‍ക്ക് വേണ്ടതിനെ നിലനിര്‍ത്താനും വേണ്ടാത്തവയെ പുറന്തള്ളാനുമുള്ള അധികാരം ജനങ്ങള്‍ക്ക് തന്നെയുണ്ടാകട്ടെ. മലമുകളില്‍ നിന്ന് ഇനിയും കൂട്ടമരണങ്ങളുടെ വാര്‍ത്തകള്‍ നമ്മെ തേടി വരാതിരിക്കട്ടെ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: what-is-the-solution-to-natural-disasters-Shafeeq Thamarassery writes

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more