തിരുവനന്തപുരം: ദേശീയ പാത വികസനത്തിൽ സംസ്ഥാന സർക്കാറിന് വലിയ പങ്കുണ്ടെന്ന് കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയ പാത യാഥാർഥ്യമാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ മേൽനോട്ടം വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഒപ്പം കേരളത്തിൽ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന എൻ.എച്ച് 66ൽ കേന്ദ്ര സർക്കാരിന്റെ ഫണ്ടിങ് മാത്രമല്ല സംസ്ഥാന സർക്കാരിന്റെ ഫണ്ടിങ്ങും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ദേശീയ പാത വികസനത്തിന് പണം ചിലവഴിക്കുന്നത്. സംസ്ഥാന സർക്കാർ ദേശീയ പാതക്കായി പണം ചെലവഴിച്ചില്ലെന്ന് പലരും പറഞ്ഞു നടന്നിട്ടുണ്ട്. എന്നാൽ പാർലമെന്റിൽ വ്യക്തമായി കേരള സർക്കാർ ചെലവഴിച്ച തുകയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. 5550 കോടി. അത് നമ്മൾ നിവർത്തികേട് കൊണ്ട് ചെലവഴിച്ച തുകയാണ്.
അക്കാരണം ഇല്ലെങ്കിൽ പദ്ധതി ഇല്ലാതാകും. 2014 – 15 ൽ അന്നത്തെ യു.ഡി.എഫ് സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടതാണ്. നാഷണൽ ഹൈവേ ഓഫ് അതോറിറ്റി ഈ പദ്ധതി ഉപേക്ഷിച്ചിരുന്നു. പിന്നീട് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ പ്രകടന പത്രികയിൽ എഴുതി ചേർത്ത കാര്യമാണ് ഈ ദേശീയ പാത പദ്ധതി നടപ്പാക്കും എന്നത്.
അതിനായുള്ള ഭൂമി വാങ്ങാനുള്ള പണം ചെലവഴിച്ചത് കേരള സർക്കാർ ആണ്. കേരളത്തിൽ ഭൂമി കിട്ടുക എന്നത് വലിയ ബുദ്ധിമുട്ടുള്ളതാണ്. കാരണം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത് കേരളത്തിലാണ്. തുടർന്ന് വലിയ തുക ചെലവഴിച്ച് സർക്കാർ ഭൂമി വാങ്ങുകയും പദ്ധതിക്കായി പ്രവർത്തിക്കുകയും ചെയ്തു,’ അദ്ദേഹം പറഞ്ഞു.
ധനപരമായല്ലാതെയും കേരള സർക്കാരിന് ഈ ദേശീയപാത നിർമാണത്തിൽ വലിയ പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടെ ഭൂമി ഏറ്റെടുക്കുകയും റോഡിനായി മരങ്ങൾ മുറിക്കുകയും ചെയ്തത് ഉഗാണ്ടയിൽ നിന്നുള്ള വനം വകുപ്പോ റവന്യു വകുപ്പോ അല്ലെന്ന് റിയാസ് പരിഹസിച്ചു.
‘ഇവിടെ വൈദ്യതി പോസ്റ്റുകൾ മാറ്റണം അത് ജപ്പാനിലെ വൈദ്യുതി വകുപ്പല്ല കേരളത്തിലെ വൈദ്യുതി വകുപ്പാണ് വരിക. പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നത് തദ്ദേശീയ സ്വയംഭരണ വകുപ്പാണ് അത് ചെയ്യുക.
ഇത്തരത്തിൽ ഇതെല്ലാം ഏകോപിപ്പിച്ച് കൊണ്ടുപോകുന്നത് പൊതുമരാമത്ത് വകുപ്പാണ്. ഈ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ചെയ്തതിനാലാണ് പ്രവർത്തങ്ങൾ വേഗത്തിൽ നടക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
Content Highlight: What is the role of the state government in the development of national highways; Muhammad Riaz says