ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ കോളിളക്കങ്ങള്‍ നടക്കവെ, മുഖ്യമന്ത്രി അശോക് ഗെലോട്ടിനായി ഒത്താശകള്‍ നടത്തുന്നത് ബി.ജെ.പി നേതാവ് വസുന്ധര രാജെയാണെന്ന ആരോപണങ്ങളും ശക്തിപ്പെടുകയാണ്. ആരോപണങ്ങളെ ബി.ജെ.പി നേതാക്കളാരും എതിര്‍ക്കുന്നില്ല എന്നതാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം.
വസുന്ധര രാജെയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബി.ജെ.പി എം.എല്‍.എമാരാണ് ഈ ആരോപണത്തിനെതിരെ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടുള്ളു. മുന്‍ സ്പീക്കര്‍ കൂടിയായ കൈലാഷ് മെഗ്‌വാള്‍, പ്രതാപ് സിങ് സിംഗ്‌വി എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പ്രസ്താവനയില്‍ പൈലറ്റ് ക്യാമ്പില്‍നിന്നുള്ള ഈ ആരോപണം നിന്ദ്യവും പൈലറ്റിന്റെ നിരാശയില്‍ നിന്നും ഉണ്ടാവുന്നതാണെന്നും പറഞ്ഞു.
വസുന്ധര രാജെയ്‌ക്കെതിരെ പൈലറ്റിന്റെ അമ്മ 2003ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ വേദന മാറാത്തതാണ് ഈ ആരോപണത്തിന് പിന്നലെന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്. പാര്‍ട്ടിയില്‍ സ്വയം പ്രശ്‌നങ്ങളുണ്ടാക്കിയ സച്ചിന്‍ പൈലറ്റ് ഇപ്പോള്‍ വഴികളില്ലാതെ അലയുകയാണെന്നും പരിഹസിച്ചു.
വസുന്ധര രാജെയും അശോക് ഗെലോട്ടും പരസ്പരം സഹായസഹകരണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു പൈലറ്റ് കഴിഞ്ഞ ദിവസം പറഞ്ഞത്. രാജെയ്ക്കായി സര്‍ക്കാര്‍ വസതി വിട്ടുകൊടുത്തിട്ടുണ്ടെന്നും പൈലറ്റ് വിമര്‍ശിച്ചിരുന്നു. വസുന്ധരയ്‌ക്കെതിരായ കേസുകളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടെന്നാണ് പൈലറ്റിന്റെ മറ്റൊരു ആരോപണം.
ഇതിന് പിന്നാലെ ഗെലോട്ടിനെ രക്ഷിക്കാന്‍ വസുന്ധര രാജെ ഇടപെടല്‍ നടത്തിയെന്ന ആരോപണവുമായി എന്‍.ഡി.എ ഘടകക്ഷി ലോക് താന്ത്രിക് പാര്‍ട്ടി ആരോപിച്ചിരുന്നു. അടുപ്പമുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരെ വിളിച്ച് ഗെലോട്ടിന് പിന്തുണ നല്‍കാന്‍ വസുന്ധര ആവശ്യപ്പെട്ടെന്നാണ് ആരോപണം. അതിന് തെളിവുകളുണ്ടെന്നും പാര്‍ട്ടി നേതാവ് ഹനുമാന്‍ ബെനിവാള്‍ പറഞ്ഞു.
സംസ്ഥാനത്തെ രാഷ്ട്രീയ നീക്കങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായിരുന്നിട്ട് കൂടിയും വസുന്ധര രാജെ മൗനം പുലര്‍ത്തുന്നത് നേരത്തെ ചര്‍ച്ചയായിരുന്നു. ഈ മൗനം ഏറെ പ്രതിസന്ധിയിലാക്കുന്നത് ബി.ജെ.പിയെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഭ്രമിപ്പിക്കുന്ന നിശബ്ദതയാണ് വസുന്ധരയുടേത് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.