| Monday, 27th March 2023, 12:11 pm

അന്തിമവാദം മാത്രം ശേഷിക്കുമ്പോള്‍ മഅ്ദനി ബെംഗളൂരുവില്‍ തുടരേണ്ടതിന്റെ ആവശ്യമെന്തെന്ന് വ്യക്തമാക്കണം; കര്‍ണാടക സര്‍ക്കാരിനോട് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിലേക്ക് മടങ്ങുന്നതുള്‍പ്പെടെ ജാമ്യ വ്യവസ്ഥയില്‍ ഇളവുകളാവശ്യപ്പെട്ട് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രില്‍ 13ലേക്ക് മാറ്റി.

വിചാരണയുടെ അന്തിമവാദം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ മഅ്ദനി ബെംഗളൂരുവില്‍ തന്നെ തുടരേണ്ടതിന്റെ ആവശ്യകതയെന്താണെന്ന് വ്യക്തമാക്കണമെന്ന് കോടതി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നാളിതുവരെ മഅ്ദനി ജാമ്യവ്യവസ്ഥകളൊന്നും തന്നെ ലംഘിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ജാമ്യവ്യവസ്ഥകളില്‍ ഇളവ് നല്‍കുന്നതില്‍ എന്താണ് പ്രശ്‌നമുള്ളതെന്ന് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. അഭിഭാഷകരായ കപില്‍ സിബലാണ് മഅ്ദനിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. അഡ്വ. ഹാരിസ് ബീരാനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ മറുപടി കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് നല്‍കാന്‍ കഴിഞ്ഞില്ലെന്നും ഇതില്‍ കോടതി നീരസം പ്രകടിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.

മറുപടി നല്‍കാന്‍ സമയം വേണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതി മഅ്ദനിയുടെ ഹരജി ഏപ്രില്‍ 13ലേക്ക് മാറ്റിവെച്ചത്. ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്കായി കേരളത്തിലേക്ക് പോകണമെന്നും ആവശ്യപ്പെടുന്ന സമയത്ത് ബെംഗളൂരുവിലെത്താമെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു മഅ്ദനി ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് മഅ്ദനിക്കെതിരെ വിചാരണ നടക്കുന്നത്. കേസില്‍ നിലവില്‍ ഉപാധികളോടെ ജാമ്യത്തില്‍ കഴിയുകയാണ് അദ്ദേഹം.

പക്ഷാഘാതത്തിന്റെ തുടര്‍ച്ചയായുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ മഅ്ദനിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Content Highlights: ‘What is the need for Madani to stay in Bengaluru when only the final argument is left?’: SC

We use cookies to give you the best possible experience. Learn more