ഇതര മതാചാരങ്ങളില്‍ മുസ്‌ലിങ്ങള്‍ പങ്കെടുക്കേണ്ടെന്ന് പറയുമ്പോള്‍ മന്ത്രിക്ക് എന്താണ് പ്രശ്‌നം; മന്ത്രി വി. അബ്ദുറഹിമാനെതിരെ എസ്.കെ.എസ്.എസ്.എഫ്
Kerala News
ഇതര മതാചാരങ്ങളില്‍ മുസ്‌ലിങ്ങള്‍ പങ്കെടുക്കേണ്ടെന്ന് പറയുമ്പോള്‍ മന്ത്രിക്ക് എന്താണ് പ്രശ്‌നം; മന്ത്രി വി. അബ്ദുറഹിമാനെതിരെ എസ്.കെ.എസ്.എസ്.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th December 2023, 1:13 pm

കോഴിക്കോട്: ക്രിസ്മസ് ആഘോഷങ്ങളില്‍ മുസ്‌ലിങ്ങള്‍ പങ്കെടുക്കരുതെന്ന് പറഞ്ഞ സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിനെ വിമര്‍ശിച്ച മന്ത്രി വി. അബ്ദുറിമാനെതിരെ എസ്.കെ.എസ്.എസ്.എഫ് രംഗത്ത്. ഇതര മതങ്ങളുടെ ആചാരങ്ങളില്‍ മുസ്‌ലിങ്ങള്‍ പങ്കെടുക്കരുതെന്ന് പറയുമ്പോള്‍ മന്ത്രിക്ക് എന്താണ് പ്രശ്‌നമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

മതപണ്ഡിതന്‍മാര്‍ എന്ത് പറയണമെന്ന് തീരുമാനിക്കുന്നതിനും മതസൗഹാര്‍ദത്തിന് ഭീഷണി ഉയര്‍ത്തുന്നവരെ ജയിലിലടക്കാനുമുള്ള അധിക ചുമതല വഹിക്കുന്ന മന്ത്രിയാണല്ലൊ വി. അബ്ദുറഹിമാനെന്നും സത്താര്‍ പന്തല്ലൂര്‍ പരിഹസിച്ചു. മിശ്ര വിവാഹത്തെ കുറിച്ചും സ്വവര്‍ഗാനുരാഗത്തെ കുറിച്ചും വ്യക്തിപരമായ അഭിപ്രായം പറയാന്‍ മന്ത്രിക്ക് ധൈര്യമുണ്ടോ എന്നും എസ്.കെ.എസ്.എസ്.എഫ് നേതാവ് വെല്ലുവിളിച്ചു.

മന്ത്രി ലൈംഗിക ന്യൂനപക്ഷങ്ങളുടെ വകുപ്പല്ല, മതന്യൂനപക്ഷങ്ങളുടെ വകുപ്പാണ് കൈകാര്യം ചെയ്യുന്നതെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. സംസ്ഥാനത്തെ എന്‍.എസ്.എസ് ക്യാമ്പുകള്‍ക്ക് നല്‍കിയിട്ടുള്ള മൊഡ്യൂളുകളിലെ സ്വവര്‍ഗാനുരാഗത്തെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ മതന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും വിരുദ്ധമാണെന്നും, ജയിലിലടച്ചാലും അത് തെറ്റാണെന്ന് പറയുമെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് ക്രിസ്മസ് ആഘോഷങ്ങളില്‍ മുസ്‌ലിങ്ങള്‍ പങ്കെടുക്കരുത് എന്ന് പറഞ്ഞിരുന്നത്. ഇതിനെതിരെ മന്ത്രി വി.അബ്ദുറഹിമാന്‍ രംഗത്തെത്തിയിരുന്നു. ഇത്തരം നിലപാടുകള്‍ പറയുന്നവരെ ജയിലിലടക്കണെന്നായിരുന്നു മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞത്. ഇതിനെ പരിഹസിച്ച് കൊണ്ടും വിമര്‍ശിച്ചുകൊണ്ടുമാണ് ഇപ്പോള്‍ സത്താര്‍ പന്തല്ലൂര്‍ നിലപാട് പറഞ്ഞിരിക്കുന്നത്.

സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ന്യൂനപക്ഷ വകുപ്പ് മന്ത്രി മറുപടി പറയുമോ ?
മതപണ്ഡിതന്‍മാര്‍ എന്ത് പറയണമെന്ന് തീരുമാനിക്കുന്നതിനും മതസൗഹാര്‍ദത്തിന് ഭീഷണി ഉയര്‍ത്തുന്നവരെ ജയിലിലടക്കാനുമുള്ള അധിക ചുമതല വഹിക്കുന്ന ന്യൂനപക്ഷ വകുപ്പു മന്ത്രിയാണല്ലൊ വി. അബ്ദുറഹിമാന്‍. മൂന്ന് ചോദ്യങ്ങള്‍ക്ക് മന്ത്രി പറയണം.

1. ന്യൂനപക്ഷ ദിനത്തിലെ മന്ത്രിയുടെ പ്രസംഗത്തില്‍ മിശ്രവിവാഹത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഒരു മുസ്ലിം മറ്റു മതവിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുന്നത് ഇസ് ലാം അനുവദിക്കുന്നില്ല. ഇതാണ് മതവിധി. ജയിലിലടച്ചാലും അതു തന്നെയാണ് മതവിധി. എന്നാല്‍, മിശ്രവിവാഹത്തെ കുറിച്ച് മന്ത്രിക്ക് തന്റെ അഭിപ്രായം പരസ്യമായി പറയാന്‍ ധൈര്യമുണ്ടോ ?

2. ഇപ്പോള്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന എന്‍.എസ്. എസ് ക്യാമ്പുകളില്‍ പഠിപ്പിക്കുന്നത് ഇതാണ്: 5000 തലമുറയോടെ ലോകത്ത് ആണുങ്ങളുടെ പ്രത്യുല്‍പാദനം വെറും ഒരു ശതമാനമായി കുറയും. പെണ്ണും പെണ്ണും തമ്മില്‍ ഇണ ചേര്‍ന്ന് കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും പെണ്ണുങ്ങള്‍ മാത്രം രക്ഷിതാക്കളായ സമൂഹം ഉണ്ടാവുകയും ചെയ്യും.

ഈ നിഗമനങ്ങള്‍ അവതരിപ്പിക്കുന്ന ക്യാമ്പില്‍ സ്വവര്‍ഗ ലൈംഗികതയെ സ്വാഭാവികതയായി അവതരിപ്പിക്കുന്നു. സെക്സും ജന്‍ഡറും രണ്ടാണെന്നും സെക്സിനെ നിശ്ചയിക്കുന്നത് ലൈംഗികാവയവങ്ങളാണെങ്കില്‍ ജന്‍ഡര്‍ നിര്‍ണയിക്കുന്നത് സാമൂഹ്യ സാഹചര്യങ്ങളാണ്.

വി. അബ്ദുറഹിമാന്‍ ലൈംഗിക ന്യുനപക്ഷങ്ങളുടെ വകുപ്പല്ലല്ലൊ കൈകാര്യം ചെയ്യുന്നത് ? എന്നാല്‍ മത ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും വിരുദ്ധമായ ആശയങ്ങളാണ് മുകളില്‍ പറഞ്ഞത്. ജയിലിലടച്ചാലും ഇക്കാര്യത്തില്‍ ഇത് തെറ്റാണെന്നാണ് നിലപാട്. ഇക്കാര്യത്തില്‍ മന്ത്രിയുടെ അഭിപ്രായം ഒന്ന് പരസ്യമായി പറയുമോ ?

3. ഓരോ മതവിഭാഗങ്ങളും തമ്മില്‍ പരസ്പരം സാമൂഹികമായ മൈത്രിയും സാഹോദര്യവും വേണമെന്നും, എന്നാല്‍ അതിനര്‍ത്ഥം മറ്റുള്ളവരുടെ ആരാധനയും ആഘോഷവും മുസ്ലിംകള്‍ ഏറ്റെടുക്കല്‍ അല്ലെന്നും അത് വേണ്ടന്നും ഒരു മത പണ്ഡിതന്‍ വിശ്വാസികളോട് പറയുന്നതില്‍ മന്ത്രിക്ക് എന്താണ് പ്രശ്‌നം? നിലവിളക്ക് മതാചാരമാണെന്നു പറഞ്ഞു പൊതുവേദിയില്‍ സി. രവിചന്ദ്രനെ പോലുള്ള യുക്തിവാദികള്‍ മാറിനില്‍ക്കുന്നത് കാണാം. അതില്‍ പരാതിയില്ലാത്ത മന്ത്രിക്ക് ഇതര മതാചാരങ്ങളില്‍ മുസ്ലിംകള്‍ പങ്കെടുക്കേണ്ടന്ന് പറയുന്നതില്‍ എന്താണ് ഇത്ര അസഹിഷ്ണുത ?

content highlights: What is the minister’s problem when he says that Muslims should not participate in other religious ceremonies; SKSSF against Minister V.  Abdurrahiman