14 നൂറ്റാണ്ടിന്റെ ഇസ്ലാമിക ചരിത്രത്തില്‍ ബഹുസ്വരതയുടെ കൂടെ എപ്പോഴും പുരോഗതിയുണ്ടായിരുന്നു, സമാധാനമുണ്ടായിരുന്നു. ഏകശിലാരൂപത്തിലുള്ള ഇസ്ലാമും തീവ്ര ആശയങ്ങളും അപചയത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഖവാരിജുകള്‍ തൊട്ട് വഹാബികള്‍ വരെയുള്ള അക്ഷര പൂജകര്‍ വിതച്ച കൊടിയ ദുരന്തങ്ങള്‍ കൂടി ചേര്‍ന്നതാണ് ഇസ്ലാമിക ചരിത്രം.
ഖുര്‍ആന്‍ മുന്നോട്ട് വെച്ച ബഹുസ്വര സങ്കല്‍പങ്ങളോട് നീതി പുലര്‍ത്തുന്ന രീതിയില്‍ പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസൃതമായ ഇസ്ലാം രൂപപ്പെടുത്തിയെടുക്കുന്നതിലെ വിജയമായിരുന്നു കേരള മുസ്ലിംങ്ങളുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. ഇവിടെ നിലവിലുണ്ടായിരുന്ന സോഷ്യല്‍ ഫാബ്രിക്കിനെ തകര്‍ക്കുന്നതല്ല, ശക്തിപ്പെട്ടുത്തുന്നതായിരുന്നു കേരളത്തിലെ ഇസ്ലാം. ഇവിടെയുള്ള സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ പാകപ്പെട്ട രീതിയിലുള്ള മത വ്യാഖ്യാനവും ജീവിത ശൈലിയും മുസ്ലിംങ്ങള്‍ പിന്തുടര്‍ന്നു.
തട്ടവും അറബി മലയാളവും മാപ്പിളപ്പാട്ടും പള്ളികളുമെല്ലാം ഇസ്ലാം ഈ മണ്ണിലും വായുവിലും ലയിച്ചു ചേര്‍ന്നതിന്റെ അടയാളങ്ങളായി നില കൊണ്ടു. അതിസമ്പന്നമായ അവരുടെ സാംസ്‌കാരിക വൈവിധ്യം എല്ലാ മേഖലയിലും തിളങ്ങി നിന്നു. അതേ സമയം അവരുടെ ഓരോ അടയാളങ്ങളിലും ആചാരങ്ങളിലും പ്രാദേശിക സ്വാധീനം പ്രകടമായിരുന്നു. ഇതര മതസ്ഥരുടെ മനസ്സില്‍ മുസ്ലിം സമുദായത്തോടൊപ്പം അവരുടെ സ്വത്വവും ഇടം നേടി. തട്ടം അവരെ ഭയപ്പെടുത്തിയില്ല, മദ്രസകളില്‍ എന്ത് പഠിപ്പിക്കുന്നു എന്നാലോചിച്ച് അവര്‍ ബേജാറായില്ല.
ആഗോള വല്‍ക്കരണവും ഗള്‍ഫ് പ്രവാസവും പക്ഷേ ഇതില്‍ നിര്‍ണായക മാറ്റം കൊണ്ടുവന്നു. 70 കളിലെ ഇറാന്‍ വിപ്ലവം സൗദി ഭരണാധികാരികളില്‍ വിപ്ലവ ഭീതി പടര്‍ത്തി. അല്‍ സഊദിന്റെ കുടുംബാധിപത്യത്തിന് ലെജിറ്റിമസി നേടാനും അധികാരം നഷ്ടപ്പെടാതിരിക്കാനുമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു. വഹാബിസവുമായുള്ള നിര്‍ണായക പൊക്കിള്‍ കൊടി ബന്ധം പുതിയ തലത്തിലേക്ക് പ്രവേശിച്ചു.
അഴിമതിയും ധൂര്‍ത്തും കഴിഞ്ഞ് ബാക്കിയായ പെട്രോഡോളര്‍ തീവ്ര ആശയധാരയായ വഹാബിസത്തിന്റെ പ്രചാരണത്തിനായി ചെലവഴിക്കപ്പെട്ടു. അല്‍ സഊദ് കുടുംബത്തിന്റെ രാജഭരണത്തിന് ഇസ്ലാമിക സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വഹാബി പണ്ഡിതന്‍മാരും തിരിച്ച് വഹാബിസത്തിന്റെ കയറ്റുമതിക്ക് അല്‍ സഊദും തയ്യാറായി. പുസ്തകങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, പള്ളികള്‍, മദ്രസകള്‍, പണ്ഡിതന്‍മാര്‍…. വഹാബിസത്തിന്റെ പ്രചാരണത്തിന് വേണ്ട ഒരു മെഷിനറി വളരെ പെട്ടെന്നാണ് ഈ പണക്കൊഴുപ്പില്‍ മുസ്ലിം ലോകത്ത് നിലവില്‍ വന്നത്. സൌദി ബ്രാന്റഡ് വഹാബിസ്റ്റ് ഇസ്ലാം വ്യാപകമായ സ്വീകാര്യത നേടി, പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍.
കടുത്ത സ്ത്രീ വിരുദ്ധത, താടി-വസ്ത്രം തുടങ്ങിയവയിലെ കണിശതയും പിടി വാശിയും, ഇതര മതസ്ഥരോടും അവരുടെ ആചാരങ്ങളോടും പുലര്‍ത്തുന്ന പുച്ച മനോഭാവം, ജിന്ന്-ആഭിചാരത്തോടും അന്ധവിശ്വാസങ്ങളോടുമുള്ള ആഭിമുഖ്യം, ഇതിനെല്ലാം അടിസ്ഥാനമായ അങ്ങേയറ്റം അപകടകരവും സങ്കുചിതവുമായ ഒരു ലോക വീക്ഷണം എന്നിവ ഇവരുടെ മുഖമുദ്രയായിരുന്നു.
ഖുര്‍ആനും പ്രവാചക മാതൃകയും കാണിച്ചു തരുന്ന വിശാലതയും സാര്‍വദേശീയതയും ഇവര്‍ക്കന്യമായിരുന്നു. പ്രമാണങ്ങളുടെ ചരിത്രവും സാഹചര്യവും പരിഗണിക്കാത്ത കേവല അക്ഷരാര്‍ത്ഥ വായനകളിലൂടെ ഇവരുണ്ടാക്കിയെടുത്ത മത വ്യാഖ്യാനം സാമ്രാജ്യത്വത്തിന്റെയും ജനങ്ങളെ കൊള്ളയടിക്കുന്ന രാജാക്കന്‍മാരുടെയും കയ്യിലെ പാവകള്‍ മാത്രമായി.
ഒരു വശത്ത് താലിബാന്‍, ബോക്കോ ഹറാം, ഐസിസ് പോലുള്ള നിരവധി തീവ്ര സലഫി വിഭാഗങ്ങള്‍ ഈ ആശയധാരയുടെ ബാക്കി പത്രമായി ഉയര്‍ന്നു വന്നു. മറുവശത്ത് സകല ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടി ആടിനെ മേക്കുന്നതാണ് ഇസ്ലാമെന്ന് മനസ്സിലാക്കിയ ജീര്‍ണവാദികളും ഈ അക്ഷര വായനയുടെ ഫലമായി ഉണ്ടായി. ഫലത്തില്‍ ഖുര്‍ആന്‍ മുസ്ലിം സമുദായത്തെ വിശേഷിപ്പിച്ച “ഉമ്മത്തന്‍ വസ്തന്‍” അഥവാ മധ്യ മാര്‍ഗം പിന്തുടരുന്നവര്‍ എന്ന ആശയത്തെ തകര്‍ക്കുന്ന രീതിയില്‍ തീവ്ര-ജീര്‍ണ വാദങ്ങള്‍ വ്യാപകമായി.
കേരള മുസ്ലിങ്ങള്‍ക്കിടയില്‍ അപകടകരമായ ഈ ലോക വീക്ഷണം പ്രചരിപ്പിക്കുന്നതില്‍ ഏറ്റവും നിര്‍ണായക പങ്കു വഹിച്ചത് ഒരു കാലത്ത് നവോത്ഥാന ആശയങ്ങള്‍ മുന്നോട്ട് വെച്ചിരുന്ന മുജാഹിദ് പ്രസ്ഥാനവും അതിന്റെ സ്റ്റാര്‍ പ്രാസംഗികനായ എം.എം അക്ബറുമായിരുന്നു. വലിയൊരു വിഭാഗം മുസ്ലിങ്ങള്‍ പ്രവാസികളായി സൗദിയിലുണ്ടായത് ഈ വളര്‍ച്ച ത്വരിതപ്പെടുത്തി. സൗദിയില്‍ മലയാളികള്‍ക്കിടയില്‍ നിര്‍ബാധം മത പ്രചാരണം നടത്താന്‍ സ്വാതന്ത്രമുണ്ടായിരുന്നത് മുജാഹിദ് പ്രസ്ഥാനത്തിന് മാത്രമായിരുന്നു.
സാക്കിര്‍ നായിക്കിന്റെ അപകടകരമായ മത വ്യാഖ്യാനങ്ങളുടെയും ശൈലിയുടെയും മറ്റൊരു രൂപമായി അക്ബറിന്റെ പ്രസംഗങ്ങള്‍. കേരള മുസ്ലിങ്ങള്‍ക്കിടയില്‍ അക്ബറും കൂട്ടരും നടത്തിയ പ്രഭാഷണങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വലിയ ഫലമുണ്ടായി. മതത്തിലെ പ്രാദേശിക വൈവിധ്യത്തെ തകര്‍ക്കുന്ന രീതിയില്‍ ഏകശിലാ രൂപത്തിലുള്ള ഇസ്ലാം പടര്‍ന്നു. അക്ഷര പൂജകരായ വലിയൊരു വിഭാഗം ഇവിടെ വളര്‍ന്നു വന്നു. മുജാഹിദ് പ്രസ്ഥാനം പൂര്‍ണമായി ഇതിന്റെ പിടിയിലമര്‍ന്നു.
മുജാഹിദ് പ്രസ്ഥാനം ഇതിന്റെ സ്വാഭാവിക പരിണിതിയെന്ന പോലെ കഷ്ണം കഷ്ണമായി മുറിഞ്ഞു. ഭേദപ്പെട്ട രീതിയില്‍ ഇതിനെ പ്രതിരോധിച്ചിരുന്ന മടവൂര്‍ വിഭാഗം ഔദ്യോഗിക വിഭാഗത്തിന്റെ സംഘടനാ ശേഷിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ വീണ്ടും കീഴടങ്ങി. കൂടുതല്‍ തീവ്ര/ ജീര്‍ണ ആശയങ്ങളുമായി ജിന്ന്, വിസ്ഡം വിഭാഗങ്ങള്‍ വേറിട്ടു നില്‍ക്കുന്നു. മറ്റു മുസ്ലിം സംഘടനകളില്‍ പോലും വഹാബിവല്‍ക്കരണം ശക്തമായി തുടരുന്നു. 80 കളില്‍ കാണാന്‍ പോലുമില്ലാതിരുന്ന മുഖം മറച്ച സ്ത്രീകള്‍ ഇന്ന് നിത്യ കാഴ്ചയാണ്. ഇതര മതസ്ഥരോട് കടുത്ത അസഹിഷ്ണുതയും അവരുടെ ആരാധനാ രീതികളോടും ആചാരങ്ങളോടും പുച്ച മനോഭാവവും പേറുന്ന ഒരു വലിയ വിഭാഗം മുസ്ലിംങ്ങള്‍ക്കിടയില്‍ വളര്‍ന്നു വന്നു.
ഓണസദ്യ ഉണ്ണുന്നതും ക്രിസ്മസ് ആശംസ നേരുന്നതുമെല്ലാം കൊടിയ പാപമാണെന്ന് നിരന്തരം പ്രചരിപ്പിക്കപ്പെട്ടു. കാലികമായ പ്രമാണങ്ങളുടെ പുനര്‍ വായനയെയും വ്യാഖ്യാനത്തെയും അവര്‍ നഖശിഖാന്തം എതിര്‍ത്തു. നാല് വയസ്സ് പോലും തികയാത്ത പിഞ്ചു കുഞ്ഞുങ്ങളെ കളിക്കാന്‍ വിടുന്നതിന് പകരം ഖുര്‍ആന്‍ മനപ്പാഠമാക്കാന്‍ ശിക്ഷണം നല്‍കുന്ന അല്‍ ഫിത്‌റ പോലുള്ള ഏറ്റവും അശാസ്ത്രീയമായ പാഠ്യ സമ്പ്രദായങ്ങള്‍ വ്യാപകമായി. മദ്രസാ പാo പുസ്തകങ്ങളില്‍ തീവ്ര മത വ്യാഖ്യാനങ്ങള്‍ ഇടം പിടിച്ചു..
തീവ്ര വിഭാഗങ്ങള്‍ നടത്തുന്ന പലതും അസഹിഷ്ണുതയുടെയും സങ്കുചിത ലോക വീക്ഷണത്തിന്റെയും കളരികളായി മാറി. ആഗോളവല്‍ക്കരണവും മാറിയ രാഷ്ട്രീയ സാഹചര്യവും സ്ത്രീകളെ വലിയ തോതില്‍ രാഷ്ട്രീയത്തിലും ജോലിയിലുമെല്ലാം സജീവമാക്കിയപ്പോള്‍ അസഹിഷ്ണുത തോന്നിയ യുവാക്കളില്‍ ഇതിന്റെ ആന്റി സോഴ്സായ സ്ത്രീ വിരുദ്ധതയിലൂന്നിയ വഹാബിസ്റ്റ് ആശയങ്ങള്‍ വേരു പിടിച്ചു.
ഈ സൗദി ബ്രാന്റഡ് ഇസ്ലാമിന്റെ സ്വാധീനം മുജാഹിദ് വിഭാഗങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നുമില്ല. ഇതര മുസ്ലിം സംഘടനകളിലും ഇതേ ആശയം പേറുന്ന നേതാക്കളും അണികളും നിരവധിയാണ്. സംഘടനകള്‍ക്കധീതമായി വഹാബിസ്റ്റ്/തീവ്ര സലഫി ആശയധാര സംഘടനകള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചു എന്ന് വിലയിരുത്തുന്നതാവും കൂടുതല്‍ ശരി. ഈയടുത്ത് അന്തരിച്ച അബ്ദുസ്സലാം സുല്ലമിയെ പോലുള്ളവരുടെ ഗഹന ചിന്തകളും യുക്തിഭദ്രമായ മത വ്യാഖ്യാനങ്ങളുമെല്ലാം വഹാബിസ്റ്റ് റോളര്‍ കോസ്റ്ററിന് മുന്നില്‍ ഞെരിഞ്ഞമര്‍ന്നു.
സംഘ്പരിവാറിന്റെയും ഇസ്ലാമോഫോബിയയുടെയും വളര്‍ച്ചക്കുള്ള സ്റ്റിറോയ്ഡ് ആയി മാറാനും ഈ വിഭാഗത്തിന്റെ ഇടപെടലിന് സാധിച്ചു. ഈ വിഭാഗത്തെ ഇസ്ലാമിന്റെയും മുസ്ലിങ്ങളുടെയും പ്രതീകമായി ചിത്രീകരിക്കേണ്ടത് സംഘപരിവാറിന്റെയും സമാന ചിന്താഗതിക്കാരുടേയും ആവശ്യമാണ്. ഇവര്‍ പ്രചരിപ്പിക്കുന്ന വിഷലിപ്തമായ വാക്കുകളിലൂടെ ഇസ്ലാമിനെയും മുസ്ലിങ്ങളെയും അടയാളപ്പെടുത്തേണ്ടത് മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിന്റെ അനിവാര്യതയാണ്.
അക്ബറിനെതിരായ കേസ് 153 (A) ആണ്. എളുപ്പത്തില്‍ ജാമ്യം കിട്ടാവുന്നതെന്ന് സെന്‍കുമാറും വെള്ളാപ്പള്ളിയും മാത്രമല്ല മുജാഹിദ് ബാലുശ്ശേരി വരെ തെളിയിച്ച കേസാണ്. അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന അറസ്റ്റാണിതെന്നും മനസ്സിലാവുന്നു.
രണ്ട് കാര്യങ്ങള്‍ ഇവിടെ ശ്രദ്ധേയമാണ്. ഒന്ന്- നിയമം നടപ്പിലാക്കാനുള്ള വ്യഗ്രതയിലുപരിയായി രാഷ്ട്രീയ, വൈകാരിക തലങ്ങളെയാണ് ഈ നീക്കങ്ങള്‍ ലക്ഷ്യമിടുന്നത്. അക്ബറിന്റെ സ്ഥാപനം വയല്‍ നികത്തിയതടക്കമുള്ള നഗ്നമായ നിയമ ലംഘനങ്ങളുടെ വാര്‍ത്തകള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും കേസുമായി മുന്നോട്ട് പോകാന്‍ അധികൃതരോ പിന്നാലെ കൂടാന്‍ മാധ്യമങ്ങളോ തയ്യാറായില്ല. ഒരു പക്ഷേ നിയമത്തിന്റെ കണ്ണില്‍ കൂടുതല്‍ ശക്തമായ കേസൊരുക്കാന്‍ അതിനാവുമായിരുന്നു. പകരം ദുര്‍ബലമായ 153(A) യുടെ പിന്നാലെയാണ് പോകുന്നത്.
രണ്ട്- അക്ബറിനെ മഅദനിയെയോ സക്കരിയെയോ പോലുള്ള ഇരയായി ചിത്രീകരിക്കുന്നത് വസ്തുതാപരമായി തന്നെ തെറ്റാണ്. മഅദനി വളരെ ശക്തമായ രാഷ്ട്രീയ നിലപാടുകളെടുത്ത ആളായിരുന്നു. യോജിച്ചാലും വിയോജിച്ചാലും അത് മുസ്ലിം പ്രശ്നങ്ങളില്‍ സാമുദായിക സംഘടനകളും ലീഗടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നിലപാടുകളെ നിശിതമായ വിമര്‍ശനത്തിന് വിധേയമാക്കിയിരുന്നുവെന്നത് അനിഷേധ്യമായ വസ്തുതയാണ്. അത് കൊണ്ട് തന്നെ ചുരുക്കം ചില അപവാദങ്ങളൊഴിച്ചാല്‍ രാഷ്ട്രീയ കേരളത്തിന്റെ ശത്രു പക്ഷത്തായിരുന്നു മഅ്ദനി.
ജയിലിലായ ശേഷം വര്‍ഷങ്ങളായി മഅ്ദനി നടത്തി പോരുന്നത് ഐതിഹാസിക നിയമ പോരാട്ടമാണ്. ഒരു ഘട്ടത്തില്‍ പോലും നിയമത്തില്‍ നിന്ന് ഒളിച്ചോടാനോ താന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ബലിയാക്കി രക്ഷപ്പെടാനോ മഅ്ദനി ശ്രമിച്ചിട്ടില്ല. പകരം ആര്‍ജവത്തോടെ നേരിടുകയാണ് ചെയ്തത്. അത് കൊണ്ടാണ് മഅ്ദനിയുടെ നിലപാടുകളോടും വീക്ഷണങ്ങളോടും കടുത്ത വിയോജിപ്പുള്ളവര്‍ പോലും മഅ്ദനിയോട് ശക്തമായി ഐക്യധാര്‍ട്യപ്പെടുന്നത്.
സക്കരിയ ആണെങ്കില്‍ ഏറ്റവും സാധാരണക്കാരനും നിസ്സഹായനുമായ മുസ്ലിം യുവാവാണ്. സ്വാഭാവികമായും മുസ്ലിം തീവ്രവാദ കഥകളിലേക്ക് ഏറ്റവും എളുപ്പത്തില്‍ പിടിച്ചു കെട്ടാന്‍ പറ്റിയ ഇരയും. എം.എം അക്ബര്‍ ഇത് രണ്ടുമല്ല. അക്ബര്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടേയോ മുസ്ലിം സംഘടനകളുടെയോ നിലപാടിനെ വിമര്‍ശിക്കാനോ വിലയിരുത്താനോ മിനക്കെട്ടിട്ടില്ല. ഒരു പരിധി വരെ അവരുടെ നിലപാടുകളെ പിന്തുണക്കുകയോ സാധൂകരണം നല്‍കുകയോ ചെയ്യുന്ന സമീപനമായിരുന്നു അക്ബറും അക്ബറിന്റെ പ്രസ്ഥാനവും പുലര്‍ത്തിയിരുന്നത്. അതിലേറെ പരിഹാസ്യമായിരിക്കും സക്കരിയയുമായുള്ള താരതമ്യം.
അക്ബറിന്റെ ബിസിനസ് പങ്കാളികളായ പീസ് സ്‌കൂള്‍ ഡയറക്ടര്‍മാര്‍ കേരളത്തിലെ ഏറ്റവും സമ്പന്നരും ശക്തരുമായവരുടെ പട്ടികയിലുള്ളവരാണ്. മുജാഹിദ് പ്രസ്ഥാനമാണെങ്കില്‍ സമ്പത്തിലും സ്വാധീനത്തിലും ഒട്ടും മോശമല്ല. സാകിര്‍ നായിക്കിനെ പോലെ പുറം രാജ്യത്ത് അഭയം തേടുന്നത് പോലും അക്ബറിന് എളുപ്പമായിരുന്നു. അതി ശക്തനും രാജ്യത്ത് ലഭ്യമായതില്‍ ഏറ്റവും മികച്ച നിയമ പോരാട്ടം നടത്താന്‍ എല്ലാ വിധ ശേഷിയുമുള്ള അക്ബറിനെ സക്കരിയയുമായൊക്കെ താരതമ്യം ചെയ്യുന്നത് ക്രൂരമാണ്.
ഒരു ദുര്‍ബലമായ കേസില്‍ സംഭവിക്കേണ്ട നടപടികള്‍ മാത്രമാണ് ഇതുവരെ ഈ വിഷയത്തില്‍ നടന്നത്. പക്ഷേ അതൊരവസരമാക്കി അക്ബറിനെ നിരുപാധികം വിട്ടയക്കാനോ സക്കരിയയും മഅദനിയുമായൊക്കെ താരതമ്യം ചെയ്യാനോ ശ്രമിക്കുന്നത് പരിഹാസ്യമാണ്. അക്ബര്‍ മുന്നോട്ട് വെക്കുന്ന അപകടകരമായ ലോക വീക്ഷണത്തിന് കൂടുതല്‍ സ്വീകാര്യത നേടാനേ അറിഞ്ഞോ അറിയാതെയോ ഇവര്‍ ചെയ്യുന്ന ശ്രമങ്ങള്‍ ഉപകരിക്കൂ. മുസ്‌ലിംങ്ങള്‍ക്കിടയില്‍ ഒരുപാട് ഉപസ്വതങ്ങളും വ്യത്യസ്തതകളും അതിന്റേതായ പ്രശ്‌നങ്ങളും ഉണ്ട്. ഇതെല്ലാം കൂടി ഏകീകരിച്ച് ഒറ്റക്കണ്ണിലൂടെ കാണേണ്ടതില്ല. ഏകശിലരൂപത്തിലുള്ള ഇസ്‌ലാം പോലെ തന്നെ അപകടകരമാണ് ഏകശിലാ രൂപത്തിലുള്ള വിലയിരുത്തലുകളും.