വെള്ളം കൊണ്ട് വരാൻ പറഞ്ഞാൽ എന്താണിത്ര താമസം; സഹതാരത്തോട് ചൂടായി ഹാർദിക് പാണ്ഡ്യ
Cricket
വെള്ളം കൊണ്ട് വരാൻ പറഞ്ഞാൽ എന്താണിത്ര താമസം; സഹതാരത്തോട് ചൂടായി ഹാർദിക് പാണ്ഡ്യ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th January 2023, 11:54 pm

ശ്രീലങ്കക്കെതിരെയുള്ള ടി-20 പരമ്പര സ്വന്തമാക്കിയ ശേഷം ഏകദിന പരമ്പരയിലും വിജയം ആവർത്തിച്ചിരിക്കുകയാണ് ശ്രീലങ്ക.
വ്യാഴാഴ്ച നടന്ന രണ്ടാം ഏകദിന മത്സരത്തിൽ നാല് വിക്കറ്റിന്റെ വിജയം നേടിയതോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ ഏകദിനത്തിൽ 67 റൺസിനായിരുന്നു ഇന്ത്യൻ ടീം വിജയിച്ചത്.

വ്യാഴാഴ്ച നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലങ്കൻ ടീം 215 റൺസിന് ഓൾ ഔട്ടായിരുന്നു. ശ്രീലങ്ക മുന്നോട്ട് വെച്ച 216 റൺസ് എന്ന വിജയ ലക്ഷ്യം ആറ് ഓവറുകൾ ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.

28 റൺസ് എടുത്ത ശ്രേയസ് അയ്യര്‍, 64 റൺസെടുത്ത കെ.എൽ. രാഹുൽ, 36 റൺസെടുത്ത ഹാർദിക് പാണ്ഡ്യ എന്നിവരുടെ മികവിലാണ് ഇന്ത്യൻ ടീം ശ്രീലങ്ക മുന്നോട്ട് വെച്ച വിജയ ലക്ഷ്യം മറികടന്നത്.

എന്നാലിപ്പോൾ മത്സരത്തിനിടെ ഹാർദിക് പാണ്ഡ്യ സഹതാരത്തോട് വെള്ളം കൊണ്ട് വരാൻ വൈകിയതിൽ ദേഷ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്.

മത്സരത്തിന്റെ പത്താം ഓവറിലാണ് സഹതാരത്തോട് വെള്ളം കൊണ്ട് വരാൻ പാണ്ഡ്യ ആംഗ്യ ഭാഷയിൽ ആവശ്യപ്പെട്ടത്.
എന്നാൽ ആ ഓവർ അവസാനിച്ചതിന് ശേഷം തൊട്ടടുത്ത ഓവറിലാണ് താരത്തിന് വെള്ളം നൽകാനായി സഹതാരം എത്തിയത്. ഇതിനെ തുടർന്ന് വെള്ളവുമായി എത്തിയ താരത്തോട് ഹാർദിക് ദേഷ്യപ്പെടുകയായിരുന്നു.

“കഴിഞ്ഞ ഓവറിലാണ് നിന്നോട് ഞാൻ വെള്ളം കൊണ്ട് വരാൻ ആവശ്യപ്പെട്ടത്. അവിടെ എന്ത് പണിയാണ് നിനക്ക് ചെയ്യാനുണ്ടായിരുന്നത്,’ എന്നാണ് ഹാർദിക് സഹതാരത്തോട് ദേഷ്യത്തോടെ ചോദിച്ചത്. ഹാർദിക്കിന്റെ ഈ രോക്ഷ പ്രകടനം സ്റ്റമ്പ് മൈക്കാണ് പിടിച്ചെടുത്തത്.


ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ട്വിറ്റർ അടക്കമുള്ള മാധ്യമങ്ങളിലിപ്പോൾ പ്രചരിക്കുന്നത്.

അതേസമയം മത്സരത്തിൽ മികച്ച പ്രകടനമാണ് ഹാർദിക് കാഴ്ച വെച്ചത്.

53 പന്തിൽ നിന്നും 36 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ അഞ്ച് ഓവറിൽ 26 റൺസ് മാത്രമാണ് വിട്ട് കൊടുത്തത്.

ജനുവരി 15ന് ഇന്ത്യൻ സമയം ഉച്ചക്ക് 1:30നാണ് ലങ്കക്കെതിരെയുള്ള ഇന്ത്യയുടെ മൂന്നാം ഏകദിന മത്സരം. മത്സരത്തിൽ വിജയിക്കാനായാൽ പരമ്പര തൂത്ത് വാരാൻ ഇന്ത്യക്ക് സാധിക്കും.

 

Content Highlights:What is the delay when asked to bring water; Hardik Pandya scold to his teammate