| Tuesday, 22nd October 2024, 7:04 pm

മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്താണിത്ര ആശങ്ക? സന്ന്യാസി മഠങ്ങളിലേക്ക് കുട്ടികളെ അയക്കുന്നതില്‍ നിര്‍ദേശമുണ്ടോ; ബാലാവകാശ കമ്മീഷനോട് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്രസകള്‍ക്കെതിരായുള്ള ബാലാവകാശ കമ്മീഷന്റെ നിലപാടില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്താണിത്ര ആശങ്ക എന്ന് ചോദിച്ച കോടതി സന്ന്യാസി മഠങ്ങളില്‍ കുട്ടികളെ അയക്കുന്നതില്‍ കമ്മീഷന്റെ നിര്‍ദേശമെന്താണെന്നും ചൂണ്ടിക്കാട്ടി.

കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ കമ്മീഷന്റെ നിലപാടെന്നും മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിനാണ് ആശങ്കയെന്നും മറ്റ് മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോ എന്നും കോടതി ചോദിച്ചു.

ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ അടച്ചൂപൂട്ടാനുള്ള ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ എയ്ഡഡ് മദ്രസകളില്‍ പഠിക്കുന്ന മുസ്ലിം വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റാനുള്ള ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകളുടെ സമീപകാല ഉത്തരവുകളും കോടതി സ്റ്റേ ചെയ്തിരുന്നു.

മുസ്ലിം സംഘടനയായ ജാമിയത്ത് ഉലമ ഇ ഹിന്ദ് നല്‍കിയ ഹരജി ബെഞ്ച് പരിഗണിക്കവേ ഈ വിഷയത്തില്‍ നാലാഴ്ചക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു.

മദ്രസാ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണെന്നും ബാലാവകാശ കമ്മീഷന്‍ അയച്ച കത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബാലാവകാശ കമ്മീഷന്റെ നടപടികളില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

Content Highlight: What is the concern only about Madrasahs? Is there a suggestion for sending children to Sannyasi Maths; Supreme Court to Child Rights Commission

We use cookies to give you the best possible experience. Learn more