ന്യൂദല്‍ഹി: ലിവിങ് റിലേഷന്‍ഷിപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന പൊതുതാല്‍പര്യ ഹരജി തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് ജെ.ബി. പര്‍ദ്ദിവാല എന്നീ ബെഞ്ചാണ് ഹരജി തള്ളിയത്.
രജിസ്‌ട്രേഷനിലൂടെ ഇത്തരം റിലേഷന്‍ഷിപ്പുകള്‍ ഇല്ലാതാക്കുകയാണോ ഹരജിക്കാരുടെ ഉദ്ദേശമെന്ന് കോടതി ചോദിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
‘എന്താണിത്? ആളുകള്‍ ഇവിടെ എന്തിനും വരാറുണ്ടോ? ഇങ്ങനെയാണെങ്കില്‍ ഇത്തരം ഹരജികളില്‍ ഞങ്ങള്‍ പിഴ ചുമത്തും. ആരുമായിട്ടുള്ള രജിസ്‌ട്രേഷനാണ് വേണ്ടത്? കേന്ദ്ര സര്‍ക്കാറുമായിട്ടോ?
ലിവിങ് റിലേഷന് കൃത്യമായ നിയമങ്ങളില്ലാത്തതിനാല്‍ അത്തരം ബന്ധങ്ങളില്‍ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്നും രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ പങ്കാളികളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്നും ഹരജിയില്‍ പറയുന്നു.
നിലവില്‍ രാജ്യത്ത് ലിവിങ് റിലേഷന്‍ഷിപ്പില്‍ ഉള്ളവരുടെ എണ്ണം കണ്ടെത്തണമെന്ന നിര്‍ദേശം കോടതി കേന്ദ്ര സര്‍ക്കാറിന് നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.