ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകിയ കോടതി വിധിക്ക് പിന്നാലെ 1991ലെ ആരാധനാലയ സംരക്ഷണ നിയമം ചർച്ച ചെയ്യപ്പെടുകയാണ്.
എല്ലാ സമുദായങ്ങളുടെയും ആരാധനാലയങ്ങൾ സംരക്ഷിക്കുന്നതിന് പാർലമെന്റ് പാസാക്കിയ ഈ നിയമത്തെ ലംഘിക്കുന്നതാണ് വാരണാസി കോടതിയുടെ വിധിയെന്ന് വിവിധ സംഘടനകൾ ആരോപിക്കുന്നുണ്ട്. ഈ നിയമം റദ്ദാക്കാൻ പാർലമെന്റിൽ പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട് എന്ന സൂചനകൾ ഇതിനകം തന്നെ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ആരാധനാലയ സംരക്ഷണ നിയമം ഇപ്പോൾ വീണ്ടും ചർച്ചാ വിഷയമായിരിക്കുന്നത്.
വാരണാസി കോടതിയുടെ വിധി ഈ നിയമത്തിന്റെ ലംഘനമാണ് എന്നാണല്ലോ ആരോപണം. എന്താണ് ആരാധനാലയ നിയമമെന്നും അതിലെ വ്യവസ്ഥകൾ എന്തൊക്കെയാണെന്നും പരിശോധിക്കാം.
നിയമത്തിലെ വ്യവസ്ഥകൾ പരിശോധിക്കും മുമ്പ് ആരാധനാലയ നിയമം ഏത് സാഹചര്യത്തിലാണ് നടപ്പായത് എന്നും എങ്ങനെയാണ് സ്വീകരിക്കപ്പെട്ടത് എന്നും ഒന്ന് നോക്കാം.
1947 ഓഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ ആരാധനാലയങ്ങളുടെ സ്വഭാവം എന്തായിരുന്നു അത് അതേപടി നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് 1991 ലെ പ്ലേസ് ഓഫ് വെർഷിപ് (സ്പെഷ്യൽ പ്രൊവിഷൻസ്) ആക്ട് അഥവാ ആരാധനാലയ നിയമം.
മതപരമായ സംവിധാനങ്ങൾ സംബന്ധിച്ച എല്ലാ തർക്കങ്ങളും അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പി.വി. നരസിംഹ റാവു സർക്കാരിന്റെ നേതൃത്വത്തിലാണ് പാർലമെന്റിൽ ഈ നിയമം പാസാക്കിയത്.
അപ്പോൾ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട തർക്കം അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോഴാണ് ഈ നിയമം പാസാക്കുന്നത്.
അന്ന് ബാബരി മസ്ജിദ് തകർന്നിട്ടില്ല. എൽ.കെ. അദ്വാനിയുടെ രഥ യാത്രയും ബീഹാറിൽവെച്ച് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടതുമെല്ലാം വർഗീയ സംഘർഷങ്ങൾ ഉടലെടുക്കാൻ കാരണമായി.
ബിൽ പാർലമെന്റിൽ അവതരിപ്പിച്ചുകൊണ്ട് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന എസ്.ബി. ചവാൻ പറഞ്ഞത് ഇങ്ങനെയായിരുന്നു,
ആരാധനാലയങ്ങൾ പരിവർത്തനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദങ്ങൾ വലിയ വർഗീയ സംഘർഷങ്ങൾക്ക് കാരണമാകുമെന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടത് വളരെ അത്യാവശ്യമാണ്.
ആരാധനാലയങ്ങൾ പരിവർത്തനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ ഉടലെടുക്കുന്നതിനെ ഈ ബില്ല് പാസാക്കുന്നതോടെ തടയാൻ സാധിക്കും എന്നായിരുന്നു.
അന്ന് ബില്ലിനെ എതിർത്തത് പ്രതിപക്ഷമായ ബി.ജെ.പി ആയിരുന്നു. 120 എം.പിമാരാണ് ബി.ജെ.പിക്ക് ലോക്സഭയിൽ ഉണ്ടായിരുന്നത്. ബിൽ പാസാക്കുമ്പോൾ അവർ സഭയിൽ നിന്ന് ഇറങ്ങിപോകുകയും ചെയ്തു.
ഇനി നിയമത്തിലേക്ക് വരാം. ആരാധനാലയ സംരക്ഷണ നിയമത്തിന്റെ ആമുഖത്തിൽ ഇങ്ങനെ പറയുന്നു:
ഏതെങ്കിലും ഒരു ആരാധനാലയം പരിവർത്തനം ചെയ്യുന്നത് നിരോധിക്കാനും ആരാധനാലയങ്ങളുടെ സ്വഭാവം 1947 ഓഗസ്റ്റ് 15-നു എങ്ങിനെയായിരുന്നോ അങ്ങിനെ നിലനിർത്താനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും വേണ്ടിയുള്ള നിയമം.
കാശിയിലെ ഗ്യാൻവാപി മസ്ജിദ് കേസിലും മഥുരയിലെ ഷാഹി ഈദ് ഗാഹ് കേസിലും വളരെ നിർണായകമാണ് നിയമത്തിലെ മൂന്നാം വകുപ്പ്.
അതിൽ പറയുന്നത് ഇങ്ങനെയാണ്.
ഏതെങ്കിലും ഒരു മത വിഭാഗത്തിന്റെയോ മത വിഭാഗത്തിന്റെ ഏതെങ്കിലും ഘടകത്തിന്റെയോ ആരാധനാലയമോ അതിന്റെ ഏതെങ്കിലും ഒരു ഭാഗമോ അതേ മത വിഭാഗത്തിന്റെ തന്നെ മറ്റേതെങ്കിലും ഘടകത്തിന്റെയോ അല്ലെങ്കിൽ മറ്റേതെങ്കിലും മതത്തിന്റെയോ ആരാധനാലയമായി മാറ്റാൻ പാടുള്ളതല്ല.
നാലാം വകുപ്പിൽ പറയുന്നത് ഇനി പറയുന്ന കാര്യങ്ങളാണ്-
1. ഒരു ആരാധനാലയത്തിന്റെ മത സ്വഭാവം 1947 ഓഗസ്റ്റ് 15-ന് എങ്ങിനെ ആയിരുന്നുവോ അങ്ങനെതന്നെ തുടരുന്നതായിരിക്കും എന്ന് ഇതിനാൽ പ്രഖ്യാപിക്കുന്നു.
2. 1947 ഓഗസ്റ്റ് 15-ന് നിലവിലുള്ള ഒരു ആരാധനാലയത്തിന്റെ മത സ്വഭാവം സംബന്ധിച്ച് ഏതെങ്കിലും കേസോ അപ്പീലോ എന്തെങ്കിലും നടപടിയോ ഏതെങ്കിലും കോടതിയുടെയോ ട്രൈബ്യൂണലിന്റെയോ അധികാരിയുടെയോ മുൻപിൽ നടന്നുവരുന്നുണ്ടെങ്കിൽ അത് ഈ നിയമത്തോടെ അവസാനിക്കുന്നു. അത്തരത്തിൽ ഒരു നടപടിയും ഒരു കോടതിയുടെയോ ട്രൈബ്യൂണലിന്റെയോ അധികാരിയുടെയോ മുൻപിൽ ഉണ്ടാകാൻ പാടില്ല എന്നാണ്.
1947 ഓഗസ്റ്റ് 15-ന് ശേഷം ഏതെങ്കിലും ആരാധനാലയത്തിന്റെ മത സ്വഭാവം മാറ്റിയതിനെതിരെ ഏതെങ്കിലും കേസോ അപ്പീലോ നടപടിയോ കോടതിയുടെയോ ട്രൈബ്യൂണലിന്റെയോ അധികാരിയുടെയോ മുൻപാകെ ഉണ്ടെങ്കിൽ 1947 ഓഗസ്റ്റ് 15-ലെ സ്‌ഥിതി നിലനിർത്തിക്കൊണ്ട് കേസ് തീർപ്പാക്കേണ്ടതാണ്.
ഇതേ നിയമത്തിലെ അഞ്ചാം വകുപ്പിൽ അയോധ്യയിലെ രാമ ജന്മഭൂമി-ബാബരി മസ്ജിദുമായി ബന്ധപ്പെട്ട കേസുകൾക്ക് നിയമം ബാധകമല്ല എന്നും പറയുന്നുണ്ട്.
ചുരുക്കി പറഞ്ഞാൽ ഇന്ത്യയിലെ ഏതെങ്കിലും ഒരു ആരാധനാലയത്തിന്റെ മത സ്വഭാവം 1947 ഓഗസ്റ്റ് 15-ന് എങ്ങനെയാണോ തുടർന്നും അങ്ങനെത്തന്നെ ആയിരിക്കും. അതിനെതിരെ ഒരു നിയമനടപടിയും പാടില്ല എന്നാണ്.
ഗ്യാൻവാപി മസ്ജിദ് കേസിലും ഷാഹി ഈദ്ഗാഹ് കേസിലും ആരാധനാലയ നിയമത്തെയാണ് മുസ്‌ലിം വിഭാഗം ഉയർത്തി കാണിച്ചത്. എന്നാൽ ഗ്യാൻവാപി മസ്ജിദ് കേസിൽ 1991 ലെ നിയമം ബാധകമല്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.
1991 ലെ നിയമത്തിൽ മതപരമായ സ്വഭാവം എന്താണെന്ന് നിർവചിച്ചിട്ടില്ലെന്നും ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം വിചാരണയിൽ മാത്രമേ തീരുമാനിക്കാൻ സാധിക്കു എന്നുമായിരുന്നു അലഹബാദ് ഹൈക്കോടതി 2023 ഡിസംബറിൽ പറഞ്ഞത്.
അതേസമയം ആരാധനാലയ സംരക്ഷണ നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികളിൽ ഒന്നും സുപ്രീംകോടതിയിൽ കാര്യമായ വാദം കേൾക്കാൻ തുടങ്ങിയിട്ടില്ല. ഈ നിയമം പാർലമെന്റ് പാസാക്കിയതാണ് എന്നതിനാൽ കോടതിയുടെ ഇടപെടാൻ എങ്ങനെയാകും എന്നതാണ് രാജ്യം ഉറ്റുനോക്കുന്നതും.
CONTENT HIGHLIGHT: What is Places of Worship Act 1991? How is it relevant to Gyanvapi Masjid case?