ബെയ്‌റൂത്ത്: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും രണ്ടായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പേജറുകള്‍ എന്ന ഇലക്ട്രോണിക് ഡിവൈസ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം (ചൊവ്വാഴ്ച) വൈകീട്ട് ലെബനനിലുടനീളവും സിറിയയുടെ ചില ഭാഗങ്ങളിലും രണ്ടായിരത്തിലധികം പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിക്കുന്ന പേജറുകള്‍ ഹാക്ക് ചെയ്താണ് സ്ഫോടനം നടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 1990 കളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന മെസേജിങ് ഉപകരണമായ പേജറുകളെക്കുറിച്ച് കൂടുതല്‍ അറിയാം.
എന്താണ് പേജറുകള്‍?
ഒരു പേജര്‍ അഥവാ ബീപ്പര്‍ എന്ന് പറയുന്നത് സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും ഉപയോഗിക്കുന്ന ചെറിയ പോര്‍ട്ടബിള്‍ റേഡിയോ റിസീവറാണ്. പ്രധാനമായും ഹ്രസ്വ സന്ദേശങ്ങളോ അലേര്‍ട്ടുകളോ അയയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇവ ആധുനിക സെല്‍ഫോണുകളുടെ മുന്‍ഗാമിയായാണ് കണക്കാക്കപ്പെടുന്നത്. പേജറുകളില്‍ സിഗ്നല്‍ സ്വീകരിക്കുമ്പോള്‍ ഇവ അലേര്‍ട്ടുകള്‍ അഥവാ ചെറിയ ശബ്ദം പുറപ്പെടുവിക്കുകയോ വൈബ്രേറ്റ് ആവുകയോ ചെയ്യുന്നു. ചെറു ബാറ്ററികളുടെ സഹായത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ അത് ഫോണ്‍ നമ്പറോ ടെക്‌സ്റ്റ് മെസോജോ എന്ത് തന്നെയായാലും അത് പേജറിലെ സ്‌ക്രീനില്‍ തെളിഞ്ഞു കാണുന്നു.
പേജറുകള്‍ രണ്ടുവിധം
പ്രധാനമായും രണ്ട് തരം പേജറുകളാണുള്ളത്. ഒന്ന് സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ മാത്രം സാധിക്കുന്ന വണ്‍-വേ പേജറുകളും രണ്ടാമത് സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്ന ടു-വേ പേജറുകളും.
ചരിത്രം
1990കളുടെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലും പേജറുകള്‍ ലോകത്ത് വ്യാപകമായിരുന്നു. അന്ന് മെഡിക്കല്‍ രംഗത്ത് ആയിരുന്നു ഇവ കൂടുതലായും ഉപയോഗിച്ചിരുന്നത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, എമര്‍ജന്‍സി സര്‍വീസ് സ്റ്റാഫുകള്‍ എന്നിവരായിരുന്നു ഇവയുടെ പ്രധാന ഉപഭോക്താക്കള്‍. എന്നാല്‍ മൊബൈല്‍ ഫോണ്‍ കടന്നു വന്നതോടെ ഇവയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു.
മൊബൈല്‍ ഫോണുകളില്‍ വോയ്സ് കോളുകള്‍, ടെക്സ്റ്റ് മെസേജുകള്‍, ഇന്റര്‍നെറ്റ്, ജി.പി.എസ് എന്നിവയ്ക്കുള്ള സംവിധാനമുണ്ട്. എന്നാല്‍ പേജറുകളില്‍ ഇത് സാധ്യമല്ലാത്തതിനാല്‍ കാലക്രമേണ പേജറുകളുടെ ജനപ്രീതി കുറഞ്ഞു.
ഉപയോഗം
ആശുപത്രികള്‍ പോലെ തിരക്കേറിയ അന്തരീക്ഷത്തിലും നിശബ്ദമായ സാഹചര്യങ്ങളിലും പേജറുകള്‍ വളരെയധികം ഉപയോഗപ്രദമാണ്. അടിയന്തരമായി സന്ദേശം അയക്കേണ്ട സാഹചര്യങ്ങളില്‍ ഇവ ഏറെ ഉപകാരപ്പെടും.
സവിശേഷതകള്‍
ലെബനനില്‍ സംഭവിച്ചതെന്ത്?
സൈബര്‍ ആക്രമണം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഹിസ്ബുള്ള, പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന പേജറുകളില്‍ ലിഥിയം ബാറ്ററികളാണ് ഉപയോഗിച്ചിരുന്നത്. അമിതമായി ചൂടാകാന്‍ സാധ്യതയുള്ള ലിഥിയം ബാറ്ററികള്‍ എളുപ്പത്തില്‍ തീപ്പിടിക്കുന്നവയാണ്. സെല്‍ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ഇവയ്ക്ക് 590 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ കത്താനാകും.
അജ്ഞാതനായ ഒരു ഹിസ്ബുള്ള ഉദ്യോഗസ്ഥന്‍, വാര്‍ത്താ ഏജന്‍സിയായ എ.പിയോട് സംഭവത്തിന് പിന്നില്‍ ഇസ്രഈല്‍ ആണെന്ന് ആരോപിച്ചിട്ടുണ്ട്. ഹിസ്ബുള്ളയുടെ പേജറുകള്‍ ഹാക്ക് ചെയ്ത് സിഗ്നലുകള്‍ ട്രാക്ക് ചെയ്താണ് ആക്രമണം നടത്തിയതെന്നും മറിച്ച് ചിപ്പുകള്‍ ഉപയോഗിച്ച് പേജറുകളിലേക്ക് ഡ്രോണുകള്‍ വഴി സിഗ്നലുകള്‍ കൈമാറിയാണ് ആക്രമണം നടത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്.
Content Highlight: what is pager behind the Lebanon blast