| Tuesday, 19th January 2021, 4:37 pm

എന്താണ് നീ സ്ട്രീം, ആരാണിതിന് പിന്നില്‍? എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

അന്ന കീർത്തി ജോർജ്

ഒ.ടി.ടി റിലീസിലൂടെ പുറത്തിറങ്ങിയ പുതിയ മലയാള ചിത്രം ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മഹത്തായ ഭാരതീയ അടുക്കള’ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്യപ്പെട്ട പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നീ സ്ട്രീമും സിനിമയോടൊപ്പം തന്നെ ശ്രദ്ധ നേടിയിരുന്നു. എന്താണ് നീ സ്ട്രീം എന്നതും ആരാണിതിന് പിന്നിലെന്നും ഇപ്പോഴും അധികമാളുകള്‍ക്കും അറിയില്ല.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വേണ്ടി മലയാളം കണ്ടന്റുകള്‍ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോം അതാണ് നീ സ്ട്രീം. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ.കെ.എച്ച് ഹോള്‍ഡിംഗിസിന്റെ കീഴിലാണ് നീ സ്ട്രീം. മലയാളിയായ ഡോ. ജവാദ് കെ. ഹസനാണ് ജെ.കെ.എച്ചിന്റെ ചെയര്‍മാന്‍. നീ സ്ട്രീമിന്റെ കേരളത്തിലെ ഓഫീസ് കൊച്ചിയിലാണ്.

2019ലാണ് നീ സ്ട്രീമിന്റെ ആപ്പ് ഡെവലപ്പ് ചെയ്യാന്‍ തുടങ്ങുന്നത്. 2020ല്‍ കണ്ടന്റ് ആഡ് ചെയ്യാന്‍ തുടങ്ങി. ചില പഴയ പടങ്ങള്‍, അഭിമുഖങ്ങള്‍ ഇതെല്ലാമായിരുന്നു ആദ്യം ചെയ്തിരുന്നത്.

ഡോ. ജവാദ് കെ. ഹസന്‍

കൊവിഡ് സാഹചര്യങ്ങള്‍ മൂലം തിയേറ്ററുകള്‍ തുറക്കാന്‍ വൈകിയപ്പോഴാണ് റിലീസിങ്ങിലേക്ക് കടക്കാന്‍ തീരുമാനിക്കുന്നത്. 2020 നവംബര്‍ ഒന്നിന് ഇസഹാക്കിന്റെ ഇതിഹാസം എന്ന സിനിമ റിലീസ് ചെയ്തു. സിദ്ദീഖ് നായകനായ ഈ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നു. പക്ഷെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ വന്നിരുന്നില്ല. അതിനുശേഷം രണ്ട് ചിത്രങ്ങള്‍ കൂടി സ്ട്രീം ചെയ്തുനോക്കിയിരുന്നു. അതിനുശേഷമാണ് നല്ലൊരു സിനിമയോടെ റിലീസ് ചെയ്യണമെന്ന ആഗ്രഹത്തില്‍ ദി ഗ്രേറ്റ ഇന്ത്യന്‍ കിച്ചണിലേക്കെത്തുന്നത്.

മൂന്ന് പ്ലാനുകളാണ് നീ സ്ട്രീമിലുള്ളത്. 1 മാസം, 6 മാസം, 1 വര്‍ഷം എന്നിങ്ങനെയാണത്. 1 മാസത്തെ പ്ലാനിന് 210 രൂപ(3 ഡോളര്‍). 6 മാസത്തിന് രൂപ 1050 രൂപ(15 ഡോളര്‍), 1 വര്‍ഷത്തിന് 1750 രൂപ (25 ഡോളര്‍). ഇതുകൂടാതെ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ പേ പെര്‍ മൂവി എന്ന ഓപ്ഷനുണ്ട്. 140 രൂപയാണ് ഇത്.

നീ സ്ട്രീമിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഡൂള്‍ന്യൂസുമായി പങ്കുവെക്കുകയാണ് നീ സ്ട്രീമിന്റെ കേരള ഹെഡ് ചാള്‍സ് ജോര്‍ജ്

എന്തുകൊണ്ട് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ തന്നെ നീ സ്ട്രീമിന്റൈ ആദ്യ റിലീസ് ചിത്രമായി തെരഞ്ഞെടുത്തു?

തൊണ്ടിമുതലും ദൃക്സാക്ഷിയ്ക്കും ശേഷം സുരാജ് – നിമിഷ കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ മലയാളി പ്രേക്ഷകര്‍ ആ സിനിമ സ്വീകരിക്കുമെന്ന ഉറപ്പുണ്ടായിരുന്നു. പിന്നീട് പടത്തിന്റെ പോസ്റ്ററും ട്രെയ്ലറും ഇറങ്ങിയപ്പോള്‍ വന്ന കമന്റുകളും മറ്റ് പ്രതികരണങ്ങളും വന്നപ്പോള്‍ തന്നെ ആളുകള്‍ ഈ സിനിമ കാത്തിരിക്കുകയാണെന്ന് മനസ്സിലായി.

പിന്നെ പ്രിവ്യൂ കണ്ടപ്പോള്‍ തന്നെ സിനിമ മുന്നോട്ടുവെക്കുന്ന ആശയവും കഥയും ആകര്‍ഷിച്ചു. വീട്ടമ്മമാര്‍ മാത്രമല്ല, നല്ല സിനിമയെ സ്‌നേഹിക്കുന്ന എല്ലാ മലയാളികളും ഈ സിനിമയെ സ്വീകരിക്കുമെന്ന് തന്നെ തോന്നി.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നീ സ്ട്രീമിന് സാമ്പത്തികമായി ലാഭമുണ്ടാക്കിയോ?

തീര്‍ച്ചയായും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നീ സ്ട്രീമിന് വിജയമായിരുന്നു. വലിയ സാമ്പത്തികലാഭം നേടിയെന്നല്ല പറയുന്നത്. പക്ഷെ നീ സ്ട്രീം ലോഞ്ച് ചെയ്യപ്പെട്ടത് ഈ പടത്തിലൂടെയാണല്ലോ. നല്ല പബ്ലിസിറ്റി നമുക്ക് കിട്ടിയിട്ടുണ്ട്. ജനങ്ങളിലേക്ക് നീ സ്ട്രീം എത്തുന്നത് ഈ സിനിമയിലൂടെയാണല്ലോ.

അത്തരത്തില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. പിന്നെ തുടക്കത്തില്‍ വലിയ സാമ്പത്തികലാഭം പ്രതീക്ഷിച്ചിച്ചിട്ടില്ല. എന്നാല്‍ റിലീസ് ചെയ്തത് മുതല്‍ ഇതുവരെ നമ്മള്‍ വളരെ ഹാപ്പിയാണ്. കാരണം ഇതിനോടകം തന്നെ മറ്റു പല ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിരവധി മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും, ആദ്യമായി മലയാളത്തില്‍ ഒരു ഒ.ടി.ടി ബ്ലോക്ബസ്റ്റര്‍ ഉണ്ടാകുന്നത് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയിലൂടെ ആണ് എന്നതില്‍ ഞങ്ങള്‍ക്ക് ഒരുപാട് അഭിമാനം ഉണ്ട്.

ചാള്‍സ് ജോര്‍ജ്

ആമസോണും നെറ്റ്ഫ്ളിക്സുമെല്ലാം നിരസിച്ച ചിത്രം പുതിയ പ്ലാറ്റ്ഫോമായ നീ സ്ട്രീം ലോഞ്ചിംഗ് ചിത്രമായി തെരഞ്ഞടുക്കുമ്പോള്‍ ആശങ്കയുണ്ടായിരുന്നോ?

നേരത്തെ പറഞ്ഞതു പോലെ തന്നെ ഈ പടം കണ്ടപ്പോള്‍ തന്നെ മലയാളികള്‍ ഏറ്റെടുക്കുമെന്ന് മനസ്സിലായി. ലോകസിനിമക്ക് വലിയ സംഭാവനകള്‍ മലയാളികള്‍ നല്‍കിയിട്ടുണ്ട്. നല്ല മലയാള സിനിമകള്‍ക്ക് ലോകം മുഴുവന്‍ പ്രേക്ഷകരുണ്ടായിട്ടുണ്ട്. എന്നാല്‍ പല മുന്‍നിര ഒ.ടി.ടി പ്ലാറ്റഫോമുകളും മലയാളത്തിന് പ്രാധാന്യം നല്‍കിയിട്ടില്ല.

നിരവധി പടങ്ങള്‍ ഇതുപോലെ നിരസിക്കപ്പെട്ടിട്ടുണ്ട്. അതേസമയം നല്ല മലയാളം സിനിമക്ക് മലയാളികള്‍ മാത്രമല്ല, ലോകമെമ്പാടും കാഴ്ചക്കാരുണ്ട്. അതുകൊണ്ടാണ് മലയാളത്തിനായി പ്രത്യേക പ്ലാറ്റ്‌ഫോം എന്ന നിലയില്‍ നീ സ്ട്രീം വരുന്നത്. നീ സ്ട്രീമിന്റെ ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ തെരഞ്ഞെടുക്കുന്നത്.

ഈ മുന്‍നിര പ്ലാറ്റ്ഫോമുകളോട് മത്സരിക്കാനോ വെല്ലുവിളിക്കാനോ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. നല്ല ചിത്രങ്ങളെ, നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുക. ലോകം മുഴുവന്‍ അത്തരം മലയാള ചിത്രങ്ങള്‍ എത്തിച്ചു നല്‍കുക. ഇതാണ് നീ സ്ട്രീമിന്റെ ലക്ഷ്യം.

നീ സ്ട്രീം ഹാങ്ങായതും മറ്റ് ടെക്നിക്കല്‍ പ്രശ്നങ്ങളും, കാരണം? പരിഹരിച്ചുവോ?

ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത അത്രയും ട്രാഫികാണ് ആദ്യ ദിവസം തന്നെ വന്നത്. അതാണ് ടെക്നിക്കല്‍ പ്രശ്നങ്ങളുണ്ടായതും സെര്‍വര്‍ ഡൗണായതും. പക്ഷെ ഒരു കസ്റ്റമറിയനെയും ഒഴിവാക്കിയിട്ടില്ല. പരാതികളുമായി എത്തിയവര്‍ക്കെല്ലാം മറുപടി നല്‍കിയിരുന്നു. ഫോണ്‍കോളും മെയിലും എസ്.എം.എസും വഴിയെല്ലാം നേരിട്ട് തന്നെ പ്രശ്നം പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ ഒരു പരിധി വരെ ശരിയാക്കിയിട്ടുണ്ട്. എല്ലാ പ്രശ്നങ്ങളും ഉടന്‍ തന്നെ പൂര്‍ണ്ണമായും പരിഹരിക്കും.

ഈ പ്രശ്നങ്ങളെ തുടര്‍ന്ന് നീസ്ട്രീമിനെതിരെ ഒരുപാട് മോശം പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. പക്ഷെ അതേസമയത്ത് തന്നെ പിന്തുണയുമായും നിരവധി പേരെത്തിയിരുന്നു. ആദ്യമായി ലോഞ്ച് ചെയ്യുമ്പോള്‍ ടെക്നിക്കല്‍ പ്രശ്നങ്ങളുണ്ടാകാം, പുതിയ പ്ലാറ്റ്ഫോമല്ലേ വൈകാതെ ശരിയാകും എന്നെല്ലാം കമന്റുകള്‍ വന്നിരുന്നു. പൊതുവെ നീ സ്ട്രീമിന് സ്വീകാര്യത കൈവരിക്കാനായി എന്നതില്‍ ഏറെ സന്തോഷമുണ്ട്.

കൂടുതല്‍ സിനിമകള്‍ നീ സ്ട്രീമില്‍ റിലീസ് ചെയ്യാന്‍ സമീപിച്ചിരുന്നോ? ഭാവി പരിപാടികള്‍?

ഏകദേശം പത്തിലേറെ ചിത്രങ്ങള്‍ കണ്ട ശേഷമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ തെരഞ്ഞെടുക്കുന്നത്. ഇനിയും ചിത്രങ്ങള്‍ വന്നിട്ടുണ്ട്.
ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നീ സ്ട്രീമിനെ കുറിച്ച് ചില പ്രതീക്ഷകള്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ആ പ്രതീക്ഷക്കൊത്തുള്ള ചിത്രങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നത്.

പുതിയ സിനിമകള്‍ മാത്രമല്ല, 1960 മുതലുള്ള നല്ല മലയാള സിനിമകള്‍ നീ സ്ട്രീമിലുണ്ടാകും. കൂടാതെ ഇരുപതോളം ചാനലുകളുടെ ലൈവ് ടി.വി സൗകര്യവുമുണ്ട്. ഏത് രാജ്യത്തുള്ള മലയാളികള്‍ക്കും ഇതോടെ ചാനലിലെ പരിപാടികള്‍ ആസ്വദിക്കാനാകും. കൂടാതെ ചില മലയാളം വെബ് സീരിസുകളും റിലീസ് ചെയ്യുന്നുണ്ട്.

തിയേറ്ററുകള്‍ തുറക്കുകയാണ്, ഇത് നീ സ്ട്രീം അടക്കമുള്ള പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് വെല്ലുവിളിയാകുമോ?

ഇല്ല. തിയേറ്ററുകള്‍ തുറക്കുന്നത് നീ സ്ട്രീമിന് വെല്ലുവിളിയാകില്ല. കാരണം ഇപ്പോള്‍ തന്നെ 80ഓളം ചിത്രങ്ങള്‍ റിലീസ് ചെയ്യാനുണ്ട്. വലിയ വലിയ സിനിമകള്‍ക്കിടയില്‍ ചെറിയ പല ചിത്രങ്ങള്‍ക്കും അവസരം ലഭിക്കാതാകും. അവര്‍ ഒ.ടി.ടിയെ തന്നെ ആശ്രയിക്കും. തിയേറ്ററുകളില്‍ ഇറങ്ങിയാലും മറ്റു രാജ്യങ്ങളിലെ മലയാളികള്‍ക്ക് സിനിമ കാണാനും ഒ.ടി.ടി തന്നെയാണ് ആശ്രയം. അതുകൊണ്ടൊക്കെ തന്നെ തിയേറ്ററുകള്‍ നീ സ്ട്രീമിന് വെല്ലുവിളിയാകില്ല.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പലരും ടെലഗ്രാമിലും മറ്റുമിറങ്ങിയ പൈറേറ്റഡ് കോപ്പികള്‍ ഉപയോഗിച്ചാണ് കണ്ടത്. പൈറസി ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് വെല്ലുവിളിയല്ലേ? നീ സ്ട്രീം ഇതിനെ എങ്ങനെ നേരിടുന്നു?

പൈറസി വളരെ വലിയ പ്രശ്നമാണ്. ഇത് കലയെയും സിനിമാവ്യവസായത്തെയും വളരെ മോശമായി ബാധിക്കുന്നു. ഒന്നോ രണ്ടോ പടമെടുത്ത നിര്‍മ്മാതാക്കള്‍ പിന്നീട് സിനിമയെടുക്കാന്‍ ധൈര്യം കാണിക്കുന്നില്ല. ടെലഗ്രാമിലും ടൊറൊന്റിലും പടങ്ങള്‍ വരുമ്പോള്‍ പുതിയ സിനിമ നിര്‍മ്മിക്കാന്‍ ആളുകളുണ്ടാകില്ല. സിനിമയുണ്ടാവില്ല.

ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി ചേര്‍ന്നാണ് പൈറസി തടയുന്നതിനായി നീ സ്ട്രീം ശ്രമിക്കുന്നത്. മാസ്റ്ററിന്റെ പൈറസി പ്രൊട്ടക്ഷന്‍ ചെയ്തത് ഇവരാണ്. ടെലഗ്രാമില്‍ വരാതിരിക്കില്ല, എന്തായാലും വരും. പക്ഷെ വന്നതിനു ശേഷം കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിന് മുന്‍പ് റിമൂവ് ചെയ്യാനാണ് നോക്കുന്നത്.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ ഏകദേശം 1000ത്തോളം കോപ്പികള്‍ വിവിധ സൈറ്റുകളില്‍ നിന്നും റിമൂവ് ചെയ്തു. ഡെയ്ലി മോഷനില്‍ നിന്നുപോലും പടം റിമൂവ് ചെയ്തു. യൂട്യൂബിലും ഫേസ്ബുക്കിലും കോപ്പിറൈറ്റുണ്ട്.

പൈറേറ്റഡ് കോപ്പികള്‍ വരും, അത് പൂര്‍ണ്ണമായി തടയാനാകില്ല. പ്രേക്ഷകര്‍ തന്നെ പൈറേറ്റഡ് കോപ്പി കാണില്ല എന്ന് തീരുമാനിച്ചിട്ടേ കാര്യമുള്ളു. പിന്നെ ചെറിയ ശതമാനം ആളുകളാണ് ഇത് കാണുന്നത്. ഭൂരിപക്ഷം പേരും ശരിയായ മാര്‍ഗങ്ങളിലൂടെ തന്നെയാണ് സിനിമ കാണാന്‍ ശ്രമിക്കുന്നത്. ഏത് പടം വന്നാലും നിശ്ചിത ശതമാനം ആളുകള്‍ ഇത്തരം കോപ്പികള്‍ കാണാനുണ്ടാകും.

ടെലഗ്രാമിന്റെ പോളിസിയാണ് ഇപ്പോഴുള്ള പൈറസിയെ ഏറ്റവും കൂടുതല്‍ വര്‍ധിപ്പിക്കുന്നത്. ആരാണ്, എന്താണ് എന്ന് വെളിപ്പെടുത്താതെ ആര്‍ക്കും എത്ര ദൈര്‍ഘ്യമുള്ള വീഡിയോയും പോസ്റ്റ് ചെയ്യാം. ഇതില്‍ മാറ്റങ്ങള്‍ വന്നാല്‍ തന്നെ ആളുകള്‍ കോപ്പികള്‍ അപ് ലോഡ് ചെയ്യുന്നത് കുറയും. നിയമനടപടികളും എളുപ്പമാകും.

സ്റ്റോപ്പ് പൈറസി, സേവ് ഫിലിം ഇന്‍ഡസ്ട്രി എന്ന ക്യാംപെയ്ന്‍ ആരംഭിക്കാന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. പൈറസിക്കെതിരെ സര്‍ക്കാരിന്റെ
ഭാഗത്ത് നിന്ന് കുറച്ചുകൂടി ശക്തമായ ഇടപെടലുകളുണ്ടാകണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: What is Nee Stream, Who Behind it – Explained

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more