നവകേരള സദസിന് ഇന്ന് കാസര്‍ഗോഡ് തുടക്കം കുറിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ മേധാവികളുമടങ്ങുന്നവര്‍ നിയോജക മണ്ഡലങ്ങളില്‍ നേരിട്ടെത്തി ജനങ്ങളുടെ പരാതികള്‍ നേരിട്ട് സ്വീകരിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ജനങ്ങളുടെ അഭിപ്രായങ്ങള്‍ നേരിട്ട് ആരായാനും അതുള്‍ക്കൊണ്ട് ആസൂത്രണം നടത്താനും പിണറായി സര്‍ക്കാര്‍ ഇതുവരെ ചെയ്തതും ഭാവിയില്‍ ചെയ്യാന്‍ പോകുന്നതുമായ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള അവസരമായിട്ടാണ് നവകേരള സദസ്സുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. നവംബര്‍ 18ന് കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ആരംഭിക്കുന്ന യാത്ര ഡിസംബര്‍ 23ന് തിരുവനന്തപുരത്ത് പരിസമാപ്തിയാകും.
കേരള സംസ്ഥാനം രൂപീകൃതമായതിന് ശേഷം 67 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ഇത്തരത്തിലൊരു പരിപാടിക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. ഒരു കോടി രൂപ ചെലവ് വരുന്ന പ്രത്യേക ബസിലാണ് നവകേരള സദസ്സിന്റെ യാത്ര നടത്തുക.
കേരളത്തെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്തൊക്കെയെന്നും എങ്ങനെയൊക്കെയാണ് ഇതിനെ അതിജീവിക്കുന്നതെന്നും ജനങ്ങളെ അറിയിക്കുകയാണ് നവകേരള സദസ്സിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഓരോ നിയോജക മണ്ഡലത്തിലെയും ജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ച് നവകേരള പദ്ധതിക്ക് അടിത്തറയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
60 ലക്ഷത്തിലേറെ പേര്‍ക്ക് സാമൂഹിക സുരക്ഷ പെന്‍ഷന്‍, നാല് ലക്ഷത്തോളം വീടുകള്‍, മൂന്ന് ലക്ഷത്തിലേറെ പട്ടയങ്ങള്‍, 43 ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ്, അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയൊക്കെ സര്‍ക്കാര്‍ നടപ്പാക്കുന്നത് പരിമിതമായ വിഭവശേഷിക്കുള്ളില്‍ നിന്നാണെന്നും ജനങ്ങളുടെ നാഡിമിടിപ്പറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭ ജനങ്ങളിലേക്ക് എത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസ്സിലൂടെ ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതെങ്ങനെ?
നവകേരള സദസ്സില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കും. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം കൗണ്ടറുകളുണ്ടായിരിക്കും. പരിപാടി ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പാണ് പരാതികള്‍ സ്വീകരിച്ച് തുടങ്ങുക. മുഴുവന്‍ പരാതികള്‍ സ്വീകരിച്ചതിന് ശേഷം മാത്രമേ കൗണ്ടറുകള്‍ അടക്കൂ. പരാതികള്‍ സമര്‍പ്പിക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് അതാത് കൗണ്ടറുകളില്‍ ജീവനക്കാരുണ്ടാകും.
പ്രശ്‌നപരിഹാരം എത്ര ദിവസങ്ങള്‍ക്കകം?
ജില്ലാതല ഉദ്യോഗസ്ഥരാണ് പരാതികള്‍ കൈപ്പറ്റുക. ഇവ തീര്‍പ്പാക്കി വിശദമായ മറുപടിയോടെ രണ്ടാഴ്ച്ചയ്ക്കം പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യും. കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ പരമാവധി നാലാഴ്ച്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കുകയും ഒരാഴ്ച്ചയ്ക്കുള്ളില്‍ പരാതിക്കാരന് ഇടക്കാല മറുപടി നല്‍കുകയും ചെയ്യും. സംസ്ഥാന തലത്തില്‍ തീര്‍പ്പാക്കേണ്ട വിഷയങ്ങള്‍ 45 ദിവസങ്ങള്‍ക്കകം പരിഹരിക്കുകയും പരാതികള്‍ക്കുള്ള മറുപടി തപാലിലൂടെ നല്‍കുകയും ചെയ്യും.
Content Highlights: What is Nava Kerala Sadas