ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടും പോലെ സ്ഥിതിഗതികള്‍ ശാന്തമാണെങ്കില്‍ പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചതെന്തിനാണെന്ന് കോണ്‍ഗ്രസ്. ആരെയും കയറ്റാന്‍ അനുവദിക്കാതെ കശ്മീരില്‍ മോദി സര്‍ക്കാര്‍ എന്താണ് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചു.
രാഹുല്‍ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ ശ്രീനഗറിലെത്തി ഒരു മണിക്കൂറിനകം തിരിച്ചയച്ച നടപടിയ്ക്ക് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
If the situation in Jammu & Kashmir is “normal” as the govt claims, why has the delegation of Opposition leaders led by Shri @RahulGandhi been sent back from Srinagar airport?
What is the Modi govt trying to hide? #RahulGandhiWithJnK
— Congress (@INCIndia) August 24, 2019
കശ്മീരിലെ സത്യാവസ്ഥ മനസിലാക്കാന്‍ സര്‍ക്കാര്‍ തന്നെ പ്രതിപക്ഷ നേതാക്കളെ കശ്മീരിലേക്ക് അയക്കുകയാണ് വേണ്ടിയിരുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രതികരിച്ചിരുന്നു.
സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കളാണ് ശ്രീനഗറില്‍ എത്തിയിരുന്നത്.
എയര്‍പോട്ടിലെത്തിയ രാഷ്ട്രീയ നേതാക്കളേയും മാധ്യമങ്ങളേയും രണ്ടിടത്തായി മാറ്റിനിര്‍ത്തുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാനും ഇവര്‍ക്ക് അനുമതി നിഷേധിച്ചു. പ്രതിപക്ഷ നേതാക്കളോട് സംസാരിക്കാന്‍ തുടങ്ങിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ, കശ്മീര്‍ സന്ദര്‍ശനത്തില്‍ അവിടെയുള്ള മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും പ്രാദേശിക നേതാക്കളെയും സംഘം സന്ദര്‍ശിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സന്ദര്‍ശനത്തില്‍ നിന്നും പ്രതിപക്ഷ നേതാക്കള്‍ പിന്മാറണമെന്ന് കശ്മീര്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.
പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി പൊലീസ് കസ്റ്റഡിയിലെടുത്ത സി.പി.ഐ.എം എം.എല്‍.എ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാനായി നേരത്തെ കശ്മീരിലെത്തിയ ഇടത് നേതാക്കളായ സീതാറാം യെച്ചൂരിക്കും ഡി. രാജയ്ക്കും അദ്ദേഹത്തിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇരുവരേയും വിമാനത്താവളത്തില്‍ തടയുകയായിരുന്നു.
കൂടാതെ കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്.