ന്യൂനപക്ഷങ്ങള്‍ക്കുള്ള ഒരു സ്‌കോളര്‍ഷിപ്പിന്റെ 80 ശതമാനം മുസ്ലിങ്ങള്‍ക്കും ബാക്കിയുള്ള 20 ശതമാനം മാത്രം ക്രിസ്ത്യാനികള്‍ക്കുമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ, അതെന്താ അങ്ങനെ എന്നൊരു ചോദ്യം നമുക്കെല്ലാവര്‍ക്കും ഉണ്ടാകും. വലിയ അനീതിയല്ലേ ഇതെന്നും തോന്നിയേക്കാം. പക്ഷെ, ഈ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനും അത് 80:20 ലേക്ക് എത്തിയതിനും ചില ചരിത്ര പശ്ചാത്തലങ്ങളുണ്ട്. അവ മനസിലാക്കിയാലേ ഈ സ്‌കോളര്‍ഷിപ്പിന്റെ പൂര്‍ണ്ണചിത്രം പിടികിട്ടൂ.
എന്താണ് സത്യത്തില്‍ ഈ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്, എന്താണ് ഈ സ്‌കോളര്‍ഷിപ്പിലെ 80ഉം 20ഉം? കോടതി നിലവിലെ അനുപാതം മാറ്റി ജനസംഖ്യാനുപാതികമാക്കണം എന്ന് പറയാനുള്ള കാരണമെന്താണ്? കോടതിവിധിക്കെതിരെയും ആ വിധിയോട് കേരള സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെയും ഉയരുന്ന വിമര്‍ശനങ്ങളെന്തൊക്കെയാണ്?
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ കേട്ട പേരായിരിക്കും സച്ചാര്‍ കമ്മിറ്റി. രാജ്യത്തെ പ്രധാന ന്യൂനപക്ഷമായ മുസ്ലിങ്ങളുടെ സാമൂഹ്യ- സാമ്പത്തിക പിന്നാക്കവസ്ഥയെ കുറിച്ച് പഠിക്കാനും മുസ്ലിങ്ങളെ മുഖ്യധാരയിലെത്തിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമാണ് ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ജസ്റ്റിസ് രജീന്ദര്‍ സച്ചാറിനെ അധ്യക്ഷനാക്കി ഒരു കമ്മിറ്റിയെ നിയോഗിക്കുന്നത്. ഇതാണ് ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന സച്ചാര്‍ കമ്മിറ്റി.
ഈ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടി 2007ല്‍ കേരളത്തില്‍ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ ഒരു എട്ടംഗ സമിതിയെ നിയോഗിച്ചു. അന്നത്തെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കീഴിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു പാലോളി മുഹമ്മദ് കുട്ടി.
പാലോളി കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 2009 മുതലാണ് സംസ്ഥാനത്തെ മുസ്ലിം വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയിലുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്. മുസ്ലിം വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്തും അവരെ പറ്റി പഠിച്ചുമാണ് പാലോളി കമ്മിറ്റി നിര്‍ദേശം സമര്‍പ്പിച്ചിരുന്നത്. മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെ കമ്മിറ്റി പഠനവിധേയമാക്കിയിട്ടില്ല. കാരണം മുസ്‌ലിം സമുദായത്തിന് വേണ്ടി മാത്രമായിട്ടായിരുന്നു യു.പി.എ. സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍.
100 ശതമാനവും മുസ്ലിങ്ങള്‍ക്കായി തുടങ്ങിയ ഈ സ്‌കോളര്‍ഷിപ്പില്‍ 20 ശതമാനം ക്രിസ്ത്യന്‍ വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് നല്‍കാന്‍ തീരുമാനിക്കുന്നത് പിന്നീടാണ്. ക്രിസ്ത്യന്‍ വിഭാഗത്തിനുള്ളിലെ ന്യൂനപക്ഷ – പിന്നാക്ക വിഭാഗങ്ങളായ ലത്തീന്‍ കത്തോലിക്കര്‍ക്കും പട്ടികജാതിയില്‍ നിന്നും വന്ന പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 2011ലായിരുന്നു ഈ തീരുമാനം നിലവില്‍ വന്നത്.
സാമുദായിക സൗഹൃദം കാത്തുസൂക്ഷിക്കുക എന്ന കാഴ്ചപ്പാടില്‍ നിന്നും ഇടതുപക്ഷ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനമായിരുന്നു ഇതെന്നാണ് പാലോളി കമ്മിറ്റി അംഗം കൂടിയായിരുന്ന മുന്‍ മന്ത്രി കെ.ടി. ജലീല്‍ നിലവിലെ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഒരിക്കല്‍ പ്രതികരിച്ചത്.
അങ്ങനെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80 ശതമാനം മുസ്ലിങ്ങള്‍ക്കും 20 ശതമാനം ക്രിസ്ത്യാനികള്‍ക്കും എന്ന നിലയിലായി കാര്യങ്ങള്‍. പത്ത് വര്‍ഷത്തിലേറെയായി സ്‌കോളര്‍ഷിപ്പ് ഇത്തരത്തില്‍ തുടരുകയായിരുന്നു.
ഇനി, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമാക്കണമെന്ന കോടതിവിധിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത് എങ്ങനെയെന്ന് പരിശോധിക്കാം.
ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള പല ആനുകൂല്യങ്ങളും മുസ്ലിം സമുദായം തട്ടിയെടുക്കുകയാണെന്ന രീതിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ വ്യാജ പ്രചരണങ്ങള്‍ വ്യാപകമായിരുന്നു. ഈ പ്രചരണങ്ങളുടെ കൂടി ചുവടുപിടിച്ചാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ ഭൂരിഭാഗവും മുസ്ലിങ്ങള്‍ക്ക് നല്‍കുന്നു എന്ന് ആരോപിച്ചുകൊണ്ട് ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ കോടതിയെ സമീപിച്ചത്.
കേരള ജനസംഖ്യയുടെ 26 ശതമാനം വരുന്ന മുസ്ലിങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ 80 ശതമാനവും കൈക്കലാക്കുന്നു എന്നും ബാക്കിയുള്ള 20 ശതമാനമാണ് മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്നത് എന്നുമായിരുന്നു കോടതിയില്‍ വന്ന ഹരജിയിലെ പ്രധാന വാദം.
ഈ ഹരജി പരിഗണിച്ച കോടതി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ അനുപാതം പുനര്‍നിര്‍ണയിക്കാന്‍ ഉത്തരവിട്ടു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യാനുപാതികമായി വേണം ആനുകൂല്യങ്ങള്‍ നല്‍കാനെന്ന് വിധിച്ചു.
ഇവിടെയാണ് കേരള സര്‍ക്കാരിനെതിരെ പ്രധാനമായും വിമര്‍ശനം ഉയരുന്നത്. ഈ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടിയുള്ളതല്ലെന്നും മുസ്ലിങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി തുടങ്ങിയതാണെന്നും കോടതിയെ ബോധ്യപ്പെടുത്താന്‍ എന്തുകൊണ്ട് സര്‍ക്കാരിനായില്ല എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി പാലോളി കമ്മിറ്റിക്ക് സമാനമായ രീതിയില്‍ ജസ്റ്റിസ് കോശിയുടെ നേതൃത്വത്തില്‍ മറ്റൊരു കമ്മിറ്റിയും പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷനും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്നുള്ളതും ഇതുകൂടാതെ മുന്നാക്ക വികസന കോര്‍പറേഷന്‍ കൂടിയുണ്ടെന്നും കോടതിയെ ബോധ്യപ്പെടുത്തണമായിരുന്നെന്നും സര്‍ക്കാരിനെതിരെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കൃത്യമായ രേഖകള്‍ വെച്ചുകൊണ്ട് കോടതിയില്‍ സ്‌കോളര്‍ഷിപ്പിന്റെ സത്യാവസ്ഥ ബോധിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സമൂഹത്തില്‍ സ്‌കോളര്‍ഷിപ്പും ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിദ്വേഷ വ്യാജ പ്രചരണങ്ങള്‍ക്ക് വരെ തടയിടാമായിരുന്നെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് പോകാതെ ആ വിധി നടപ്പിലാക്കാന്‍ തയ്യാറായത് എന്തിനാണെന്നും പിണറായി സര്‍ക്കാരിനെതിരെ ചോദ്യങ്ങളുയരുന്നുണ്ട്.
കോടതി വിധിയെ കുറിച്ചും അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ പറ്റിയും ഉയരുന്ന പ്രധാനമായ രണ്ട് വിമര്‍ശനങ്ങള്‍ കൂടിയുണ്ട്. ഇവ രണ്ടും ഒരേ കാരണത്തിന്റെ രണ്ട് വശങ്ങളാണെന്ന് കൂടി പറയാം.
പിന്നാക്ക വിഭാഗങ്ങളെ മുന്നോട്ടു കൊണ്ടുവരുന്നതിനായി ഓരോ വിഭാഗത്തിനും പ്രത്യേക സംരക്ഷണവും ആനുകൂല്യങ്ങളും നല്‍കണമെന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളിലൊന്നാണ്. സംവരണം നടപ്പിലാക്കുന്നതടക്കം ഈ ആശയം മുന്‍നിര്‍ത്തിയാണ്.
ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ അടിസ്ഥാന ആശയം തന്നെ ഓരോ വിഭാഗത്തിനും മുഖ്യധാരയിലെത്താന്‍ സഹായകമായ പ്രത്യേക പദ്ധതികള്‍ രൂപീകരിക്കുക എന്നതാണ്. ഈ ആശയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതിക്കെതിരെയാണ് ഇപ്പോള്‍ കോടതി വിധി ഉണ്ടായിരിക്കുന്നത്.
ന്യൂനപക്ഷങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതികമായിരിക്കണമെന്ന കോടതിയുടെ നിരീക്ഷണം സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ഇപ്പോള്‍ നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇനി മുതല്‍ ഒരു ന്യൂനപക്ഷ വിഭാഗത്തിന് വേണ്ടിയും അവരുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പിലാക്കാനുമാകാത്ത സ്ഥിതിയുണ്ടാകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.