| Thursday, 18th March 2021, 9:12 pm

ഭീം ആര്‍മി പ്രവര്‍ത്തകര്‍ എന്തിന് ആ ഗേറ്റ് പൊളിച്ചു, മലങ്കരയിലെ വിവാദമായ 'ജാതി ഗേറ്റ്' എന്താണ്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള മുട്ടം പാമ്പാടി ദളിത് കോളനിയിലേക്കുള്ള റോഡിന് കുറുകെ മലങ്കര എസ്‌റ്റേറ്റ് സ്ഥാപിച്ച ഗേറ്റ് ഭീം ആര്‍മി പ്രവര്‍ത്തകര്‍ പൊളിച്ചുമാറ്റിയത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു.

മാര്‍ച്ച് 16 ന് ചൊവ്വാഴ്ചയാണ് ഭീം ആര്‍മി പ്രവര്‍ത്തകര്‍ മലങ്കര എസ്റ്റേറ്റിലെത്തി ഗേറ്റ് തകര്‍ത്തത്. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ശേഷം ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍ പിറ്റേ ദിവസം രാവിലെ പൊലീസിന്റെ സംരക്ഷണത്തില്‍ എസ്റ്റേറ്റ് അധികൃതര്‍ വീണ്ടും ഗേറ്റ് പണിതതോടെ ഭീം ആര്‍മി പ്രവര്‍ത്തകര്‍ വീണ്ടും സ്ഥലത്തെത്തി പുതുതായി സ്ഥാപിച്ച ഗേറ്റും തകര്‍ക്കുകയായിരുന്നു.

ഇതോടെ ഭീം ആര്‍മി പ്രവര്‍ത്തകരെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. അതോടെ സംഭവം കൂടുതല്‍ വാര്‍ത്താ പ്രാധാന്യം നേടി. വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ഭീം ആര്‍മി ദേശീയ തലവന്‍ ചന്ദ്രശേഖര്‍ ആസാദ് രംഗത്ത് വന്നു. അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ കേരളത്തിലെത്തുമെന്നും ചന്ദ്രശേഖര്‍ ആസാദ് അറിയിക്കുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്തുകൊണ്ട് മലയാളത്തിലായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തത്.

ജാതി ഗെയ്റ്റ് എന്നാരോപിക്കപ്പെടുന്ന, പാമ്പാടി കോളനിയിലേക്കുള്ള വഴിയിലെ ഈ ഗെയ്റ്റ് യഥാര്‍ത്ഥത്തില്‍ എന്താണ്. എന്തുകൊണ്ടാണ് ഭീം ആര്‍മി പ്രവര്‍ത്തകര്‍ ഈ ഗെയിറ്റ് പൊളിക്കാനായി രംഗത്ത് വന്നത്. നമുക്ക് പരിശോധിക്കാം.

ഭൂരഹിതരായ ദളിത് കുടുംബങ്ങള്‍ക്ക് കാല്‍ നൂറ്റാണ്ട് മുമ്പ് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയിലാണ് പാമ്പാടി ദളിത് കോളനി സ്ഥിതി ചെയ്യുന്നത്. മലങ്കര എസ്‌റ്റേറ്റിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സര്‍ക്കാര്‍ വഴിയും അനുവദിച്ചിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് അധികൃതര്‍ ഈ വഴിയില്‍ ഗേറ്റ് സ്ഥാപിച്ച് 40 ദളിത് കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയാണുണ്ടായത്.

കഴിഞ്ഞ 26 വര്‍ഷത്തിലധികമായി തങ്ങള്‍ക്ക് വഴി നിഷേധിച്ചിരിക്കുകയാണെന്നും സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കമുള്ളവര്‍ വരെ മതില്‍ ചാടിക്കടന്നുകൊണ്ടാണ് പുറത്തുപോകുന്നതെന്നുമാണ് ഈ കുടുംബങ്ങള്‍ പറയുന്നത്. ഗേറ്റ് കടന്ന് വാഹനങ്ങള്‍ക്ക് ഉള്ളിലേക്ക് പോകാന്‍ സാധിക്കാത്തതിനാല്‍ രോഗികളടക്കമുള്ളവരെ പോലും ആശുപത്രിയിലെത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ക്യാന്‍സര്‍ രോഗികളടക്കമുള്ള നിരവധി പേര്‍ കോളനിയിലുണ്ടെന്നും ഇവരെല്ലാം കിലോമീറ്ററുകള്‍ നടക്കേണ്ടിവരികയാണെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കോളനിയില്‍ മരണപ്പെട്ട ഒരാളുടെ ജീര്‍ണിച്ച ശരീരം തലച്ചുമടായെടുത്ത് ഗേറ്റ് വരെ നടന്നുവരികയായിരുന്നുവെന്നും ഇവര്‍ പറയുന്നു.

ദളിത് കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്ന് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് നിലവിലുണ്ട്. എന്നിട്ടും മലങ്കര എസ്റ്റേറ്റ് അധികൃതര്‍ ഇത് പാലിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് കുടുംബങ്ങളുടെ പരാതി. കോളനിയിലേക്ക് വഴിയില്ലാത്തതിനാല്‍ ജീവിതം പ്രയാസത്തിലായ നിരവധി കുടുംബങ്ങള്‍ നേരത്തെ സ്ഥലമുപേക്ഷിച്ച് പോയിരുന്നു. ബാക്കി കുടുംബങ്ങള്‍ കൂടി ഇങ്ങനെ ഭൂമി ഉപേക്ഷിച്ച് പോയാല്‍ ആ ഭൂമി കൂടി സ്വന്തമാക്കാനുള്ള എസ്‌റ്റേറ്റ് അധികൃതരുടെ താത്പര്യമാണ് ഈ വിവേചനത്തിന് പിന്നിലെന്നാണ് കോളിനിയില്‍ നിന്നുള്ള കുടുംബങ്ങള്‍ പറയുന്നത്. ദളിത് കുടുംബങ്ങള്‍ക്ക് നേരെയുള്ള ഈ വിവേചനം ജാതി വിവേചനമാണെന്നും ഇവര്‍ പറയുന്നു.

എസ്റ്റേറ്റില്‍ തന്നെ പണിയെടുക്കുന്നവരാണ് കോളനി നിവാസികളില്‍ ഭൂരിഭാഗം പേരും. 5000 രൂപയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും കോളനി ഒഴിഞ്ഞുപോകണമെന്നും മാനേജ്മെന്റ് നേരത്തെ പറഞ്ഞതായി ഈ കുടുംബങ്ങള്‍ പറയുന്നു. അതിന് തയ്യാറാകാത്തതിനാലാണ് എസ്റ്റേറ്റ് മാനേജ്‌മെന്റ് തങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

വര്‍ഷങ്ങളായി ഈ ദുരിതം സഹിക്കുന്ന കോളനിവാസികള്‍ നേരത്തെ തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തഹല്‍സില്‍ദാര്‍ക്കും കളക്ടര്‍ക്കുമെല്ലാം പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതികളെല്ലാം എസ്റ്റേറ്റ് മാനേജ്മെന്റ് ഇടപെട്ട് അട്ടിമറിച്ചെന്നാണ് സമരസമിതി അംഗങ്ങള്‍ ആരോപിക്കുന്നത്. പരാതി നല്‍കിയ പലരെയും മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയെന്നും വ്യാപക പരാതിയുയര്‍ന്നിരുന്നു.

40ഓളം ദളിത് കുടുംബങ്ങളുടെ സഞ്ചരിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന എസ്‌റ്റേറ്റ് അധികൃതര്‍ക്കെതിരെ ഭരണകൂടം യാതൊരു നടപടിയും കൈക്കൊള്ളാത്തതിനാലാണ് തങ്ങള്‍ ഗേറ്റ് തകര്‍ക്കാന്‍ തയ്യാറായതെന്നാണ് ഭീം ആര്‍മി പ്രവര്‍ത്തകര്‍ പറയുന്നത്.


Content Highlight: What is Malankara Caste gate issue and why it was demolished by Bhim Army workers

Latest Stories

We use cookies to give you the best possible experience. Learn more