| Tuesday, 13th July 2021, 9:01 pm

തമിഴ്‌നാട്ടിലെ ബി.ജെ.പിയുടെ പുതിയ സുവർണാവസരം'; എന്താണ് കൊങ്കുനാട്, വിവാദത്തിന് പിന്നിലെ ലക്ഷ്യങ്ങൾ എന്ത് ?

അശ്വിന്‍ രാജ്

ജൂലായ് 10 ശനിയാഴ്ച, തമിഴ്‌നാട്ടിലെ പ്രമുഖ ദിനപത്രമായ ദിനമലരിൽ പ്രധാനവാർത്ത കണ്ട തമിഴ് ജനത ഒന്നാകെ ഞെട്ടി. തമിഴ്‌നാട് രണ്ടായി വിഭജിക്കാൻ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും കൊങ്കുനാട് എന്ന പേരിൽ പുതിയ സംസ്ഥാനമോ കേന്ദ്ര ഭരണപ്രദേശമോ രൂപീകരിക്കുമെന്നായിരുന്നു ആ വാർത്ത.

വാർത്ത പുറത്തുവന്നതോടെ ട്വിറ്ററിൽ അടക്കം കൊങ്കുനാട് എന്ന ചർച്ച സജീവമായി. ആദ്യ ദിനം പ്രതികരിക്കാതിരുന്ന തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ വാർത്തയ്‌ക്കെതിരെ രംഗത്ത് എത്തി. പത്രം കത്തിക്കുന്നതടക്കമുള്ള പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തു.

തമിഴ്‌നാട്ടിൽ ചൂടേറിയ ചർച്ചകൾക്ക് വഴി വെച്ച കൊങ്കുനാട് എന്താണ്, കൊങ്കുനാടിന്റെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലം എന്താണ് ?, കൊങ്കുനാട് വാദത്തിൽ ബി.ജെ.പി. ഉന്നം വെയ്ക്കുന്നത് എന്താണ് ?

തമിഴ്‌നാട്ടിലെ തെക്കു – പടിഞ്ഞാറ് ഭാഗത്തുള്ള പ്രദേശങ്ങളാണ് കൊങ്കുനാട് എന്ന പേരിൽ അറിയപ്പെടുന്നത്. ഭൂമി ശാസ്ത്രപരമായി കൊങ്കുനാടിന് പ്രത്യേക അതിർവരമ്പുകൾ ഇല്ലെങ്കിലും തമിഴ്‌നാട്ടിലെ അഞ്ചിലധികം ജില്ലകളും കേരളത്തിന്റെയും കർണാടകത്തിന്റെയും ചില ഭാഗങ്ങളും ഉൾപ്പെട്ടതാണ് കൊങ്കുനാട്.

7,500 ചതുരശ്ര മൈൽ വലിപ്പം കണക്കാക്കുന്ന കൊങ്കുനാടിൽ തമിഴ്നാട് ജില്ലകളായ നാമക്കൽ, കോയമ്പത്തൂർ, ഈറോഡ്, ധർമ്മപുരി, സേലം, നീലഗിരി എന്നിവയും ദിണ്ടിഗൽ, കരൂർ, മധുര എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളും ഉൾപ്പെടുന്നു. കേരളത്തിലെ പാലക്കാട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളും കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഭാഗങ്ങളുമാണ് കൊങ്കുനാട് എന്നറിയപ്പെടുന്നത്.

തമിഴ്‌നാട്ടിലെ 67 നിയമസഭ മണ്ഡലങ്ങളും 11 ലോക്‌സഭ മണ്ഡലങ്ങളുമാണ് കൊങ്കുനാട്ടിൽ ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 67ൽ 44 നിയമസഭാ സീറ്റുകൾ അണ്ണാ ഡി.എം.കെയ്ക്കായിരുന്നു ലഭിച്ചത്. ബി.ജെ.പിക്ക് തമിഴ്‌നാട്ടിൽ ലഭിച്ച നാല് സീറ്റുകളിൽ രണ്ടും കൊങ്കുനാട് പ്രദേശത്ത് നിന്നായിരുന്നു.

രണ്ടാം എൻ.ഡി.എ. സർക്കാരിന്റെ മന്ത്രിസഭ പുനസംഘടനയിൽ ബി.ജെ.പിയുടെ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനായിരുന്ന എൽ. മുരുകൻ കേന്ദ്രസഹമന്ത്രിയായി. എന്നാൽ കൊങ്കുനാട്ടിൽ നിന്നുള്ള കേന്ദ്രമന്ത്രിയെന്നായിരുന്നു ബി.ജെ.പി. മുരുകന്റെ സ്ഥാന നേട്ടത്തെ വിശേഷിപ്പിച്ചിരുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് സംഘപരിവാർ അനുകൂല നിലപാട് എടുക്കുന്ന പത്രം എന്ന് വിലയിരുത്തപ്പെടുന്ന ദിനമലർ, കൊങ്കുനാട് എന്ന് വലിയ തലക്കെട്ടോടെ തമിഴ്‌നാട് വിഭജിക്കാൻ ഉള്ള തീരുമാനം വന്നേക്കാം എന്ന തരത്തിൽ ഒന്നാം പേജിൽ വാർത്ത നൽകിയത്.

അധികാരത്തിൽ ഏറിയത് മുതൽ സ്റ്റാലിൻ സർക്കാർ ബി.ജെ.പിക്കും കേന്ദ്രസർക്കാരിനുമെതിരെ നിലപാടുകൾ എടുത്തതും കേന്ദ്രസർക്കാർ എന്നതിന് പകരം ഇനിമുതൽ യൂണിയൻ സർക്കാർ അഥവാ ഒൻഡ്രിയ അരസ് എന്നുമാത്രമേ ഉപയോഗിക്കുകയുള്ളു എന്ന് പ്രസ്താവിച്ചതും ബി.ജെ.പിയെ ചൊടിപ്പിച്ചെന്നും ഇതിന്റെ ഭാഗമായിട്ടാണ് കൊങ്കുനാട് രൂപീകരണത്തിന് ബി.ജെ.പി. ഇപ്പോൾ മുൻകൈയെടുക്കുന്നതെന്നും ഈ വാർത്തയിൽ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ കൊങ്കുനാട് പീപ്പിൾസ് പാർട്ടി, കൊങ്കുനാട് പീപ്പിൾസ് നാഷണൽ പാർട്ടി , കൊങ്കുനാട് മുന്നേറ്റ കഴകം, കൊങ്കോളീസ് കൗണ്ടി കൗൺസിൽ, തമിഴ്നാട് കൊങ്കോഗോളീസ് യൂത്ത് കൗൺസിൽ, കൊങ്കോഗോളീസ് പീപ്പിൾസ് പാർട്ടി എന്നീ പ്രാദേശിക പാർട്ടികൾ കൊങ്കുനാടിനായി വാദമുന്നയിച്ച് മുന്നോട്ട് വന്നു. കൊങ്കുനാട് വാദത്തെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ കെ. നാഗരാജനും രംഗത്ത് എത്തി.

എന്നാൽ ദ്രാവിഡപാർട്ടികളും ഇടതുപക്ഷ പാർട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. ഇതിന് പുറമെ എ.എം.എം.കെ, ഡി.എം.ഡി.കെ. തുടങ്ങി ബി.ജെ.പിയുടെ സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ. വരെ കൊങ്കുനാട് വാദത്തിനെതിരെ രംഗത്ത് എത്തി.

കൊങ്കുനാട് എന്ന ചർച്ച ഉയർത്തികൊണ്ടുവരുന്നതിൽ ബി.ജെ.പിക്ക് കൃത്യമായ ചില ലക്ഷ്യങ്ങൾ ഉണ്ട്. തമിഴ്‌നാടിന്റെ വാണിജ്യ, വ്യാപാരരംഗത്ത് നിർണായകമായ സ്ഥാനമാണ് കൊങ്കുനാടിനുള്ളത്. തമിഴ്‌നാട്ടിലെ നിരവധി വ്യവസായ സ്ഥാപനങ്ങൾ കൊങ്കുനാട് മേഖലയിലാണ്. പാൽ, ചിക്കൻ, ചോളം, കരിമ്പ്, അരി, പട്ട്, തേങ്ങ, വാഴപ്പഴം പോലുള്ള കാർഷിക ഉൽപ്പന്നങ്ങളും, പേപ്പർ , ഓട്ടോമോട്ടീവ് സ്‌പെയർ പാർട്സ് എന്നിവയുമെല്ലാം ഈ മേഖലകളിലാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്.

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ പച്ചക്കറി ഉൽപാദന സ്ഥലം ദിണ്ടിഗൽ ജില്ലയാണ്. ഇതിനുപുറമെ തമിഴ്‌നാട്ടിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളിൽ ഒന്നായ കോയമ്പത്തൂർ, വസ്ത്രവ്യാപാരത്തിന് പേര് കേട്ട തിരുപ്പൂർ, മുട്ട ഉൽപാദനം നടക്കുന്ന നാമക്കൽ, മാമ്പഴകൃഷിക്ക് പേര് കേട്ട സേലം, വിനോദസഞ്ചാര കേന്ദ്രങ്ങളായ നീലഗിരി, കൊടൈക്കനാൽ, ഹൊഗനക്കൽ തുടങ്ങിയവയും കൊങ്കുനാട്ടിൽ ഉൾപ്പെടുന്നു.

സ്വാഭാവികമായി തമിഴ്‌നാട്ടിൽ നിന്ന് കൊങ്കുനാട് വേർതിരിക്കണമെന്ന ചർച്ച ഉയർന്നുവന്നാൽ വലിയ തലവേദനയായിരിക്കും ഡി.എം.കെ. സർക്കാരിന് ഇതുണ്ടാക്കുക. ഇതിനുപുറമെ കൊങ്കുനാട് ചർച്ചയിൽ വരുന്നതോട് കൂടി തമിഴ്‌നാടുമായി ബന്ധപ്പെട്ട് നിൽക്കുന്ന പല പ്രാദേശിക വാദങ്ങൾ കൂടി ശക്തമാകും.

തമിഴ്‌നാടിന്റെ തലസ്ഥാനം തിരുപ്പൂർ ആക്കണമെന്നതാണ് ഈ വാദങ്ങളിൽ ഒന്ന്, കന്യാകുമാരി ജില്ല കേരളത്തിനോട് ചേർക്കണമെന്നുള്ളതും തമിഴ്‌നാടിനെ അഞ്ച് പ്രവിശ്യകളായി തിരിച്ച് ഭരണം നടത്തണമെന്ന വാദങ്ങളും ശക്തമാകും. ഇതും ബി.ജെ.പി. ലക്ഷ്യം വെയ്ക്കുന്നുണ്ട്.

മറ്റൊന്ന് സാമുദായിക വോട്ടുകൾ വിഭജിക്കാനും അതിലൂടെ തങ്ങളുടെ വോട്ട് ബാങ്ക് വർധിപ്പിക്കാനുമുള്ള ബി.ജെ.പി. ലക്ഷ്യമാണ്. ഐതിഹ്യങ്ങളും ചരിത്രവും പരിശോധിക്കുകയാണെങ്കിൽ ജാതിക്ക് ഏറെ പ്രധാന്യം ലഭിക്കുന്ന പ്രദേശങ്ങളാണ് കൊങ്കുനാട്. തമിഴ്‌നാട്ടിലെ മൊത്തം കണക്കുകൾ പരിശോധിക്കുമ്പോൾ ദളിതർക്കെതിരായ അക്രമസംഭവങ്ങളിൽ കൂടുതലും നടക്കുന്നത് കൊങ്കുനാട് ഉൾപ്പെട്ട പ്രദേശങ്ങളിലാണ്.

തമിഴ്‌നാട്ടിലെ ഗൗണ്ടർ സമുദായത്തിന് കൂടുതൽ പ്രാതിനിധ്യം ഈ പ്രദേശങ്ങളിൽ ഉണ്ട്. ഇവിടുത്തെ വലിയ വോട്ടുബാങ്കുകളിൽ ഒന്നാണ് ഗൗണ്ടർ സമുദായ വോട്ടുകൾ.

മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിലെ പ്രൊഫസർ ലക്ഷ്മണന്റെ അഭിപ്രായപ്രകാരം ‘തമിഴ്‌നാട്ടിലെ മറ്റു ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ദളിതരും മറ്റ് സമുദായക്കാരും തമ്മിലുള്ള സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ വിഭജനം കൊങ്കു പ്രദേശത്ത് വളരെ വലുതാണ്.’.

എവിഡൻസ്, എന്ന തമിഴ്‌നാട്ടിലെ ഒരു എൻ.ജി.ഒ. കൊങ്കുനാടിനെ ‘തമിഴ്നാടിന്റെ ദുരഭിമാന കൊലപാതക തലസ്ഥാനം’ എന്നാണ് വിശേഷിപ്പിച്ചത്. 2019ൽ പുറത്തുവന്ന കണക്കുകൾ പ്രകാരം, 2014 മുതൽ 2019 വരെയുള്ള അഞ്ച് വർഷക്കാലം സംസ്ഥാനത്ത് നടന്ന 185 ജാതികൊലപാതകങ്ങളിൽ കൂടുതലും കൊങ്കുനാട് പ്രദേശത്താണ് നടന്നത്.

സ്വാഭാവികമായി ദളിത് ഇതര വിഭാഗങ്ങളുടെ വോട്ട് കേന്ദ്രീകരിച്ചാൽ തമിഴ്‌നാട്ടിൽ വലിയ നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ബി.ജെ.പി. കണക്കുകൂട്ടലുകൾ.

തമിഴ്‌നാട്ടിൽ നിന്ന് കേന്ദ്രസഹമന്ത്രിയായ എൽ. മുരുകൻ, അദ്ദേഹത്തിന്റെ പിൻഗാമിയായി തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷനായ കെ. അണ്ണാമലൈ, മഹിളാ മോർച്ച ദേശീയ അധ്യക്ഷ വനതി ശ്രീനിവാസൻ തുടങ്ങിയവർ കൊങ്കുനാട് പ്രദേശത്ത് നിന്നുള്ളവരാണ്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രമായ പഴനിയിൽ നിന്ന് വേൽ യാത്രയും ബി.ജെ.പി. ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് പുതിയ വിവാദത്തെ വിലയിരുത്തുന്നത്.

കൊങ്കുനാട് വാദത്തെ തമിഴ്‌നാട്ടിലെ ഒരു സുവർണാവസരമായിട്ടാണ് ബി.ജെ.പി. കണക്കാക്കുന്നത്. വിവാദങ്ങൾക്കിടെയും കൊങ്കുനാട് എന്ന പേരിൽ തമിഴ്‌നാട് മുറിക്കുമെന്നത് ബി.ജെ.പി. അടക്കമുള്ള ചിലരുടെ സ്വപ്നം മാത്രമാണെന്ന് ഡി.എം.കെ. നേതാവ് കനിമൊഴി പ്രഖ്യാപിച്ചു.

ഇതിന് പിന്നാലെ കൊങ്കുനാട് വിവാദത്തിൽ പ്രതിഷേധിച്ച് അണ്ണാ ഡി.എം.കെയിൽ നിന്ന് നിരവധി പേർ ഡി.എം.കെയിൽ ചേരുകയും ചെയ്തു.
ഈറോഡിലെ മുതിർന്ന അണ്ണാ ഡി.എം.കെ. നേതാവും മുൻ മന്ത്രിയുമായിരുന്ന തോപ്പ് വെങ്കടാചലവും ഇക്കൂട്ടത്തിൽപ്പെടും.

നിലവിലെ അവസ്ഥയിൽ കൊങ്കുനാട് വാദം തങ്ങളുടെ ഉള്ള പിന്തുണ പോലും ഇല്ലാതാക്കുമെന്ന് അണ്ണാ ഡി.എം.കെ. ഭയക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കൊങ്കുനാട് വേണമെന്നത് ബി.ജെ.പിയുടെ അജണ്ടയിൽ നിലവിൽ ഇല്ലെന്ന് വിശദീകരിച്ചുകൊണ്ട് തന്റെ മുൻ നിലപാടിൽ നിന്ന് മാറി ബി.ജെ.പി. നേതാവ് കെ. നാഗരാജൻ രംഗത്ത് എത്തിയത്.

തുടർദിവസങ്ങളിലും കൊങ്കുനാട് വിവാദം കൂടുതൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴി തെളിക്കാനുള്ള സാധ്യതകൾ തമിഴ്‌നാട്ടിൽ ഉണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

What is Kongu Nadu and what are the motives behind the controversy?

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.