| Monday, 6th January 2025, 10:29 am

എന്താണ് എച്ച്.എം.പി.വി ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചൈനയിലെ എച്ച്.എം.പി.വി വൈറസിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. ചൈന ഇതുവരെ രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലെ ആദ്യ കേസ് ഇന്ന് (6/1/25) സ്ഥിരീകരിച്ചു കഴിഞ്ഞു. ബെംഗളൂരുവില്‍ നിന്നുള്ള എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്താണ് എച്ച്.എം.പി.വി അഥവാ അഥവാ ഹ്യൂമന്‍ മെറ്റാ ന്യൂമോ വൈറസ് ?

ന്യൂമോവിരിഡേ കുടുംബത്തില്‍പ്പെട്ട മെറ്റാന്യൂമോ വൈറസാണ് എച്ച്.എം.പി.വി. 2001ല്‍ നെതര്‍ലാന്റ്സില്‍ നിന്നുള്ള ഗവേഷകരാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്. ചുമ,ജലദോഷം, ശ്വാസം മുട്ടല്‍, പനി എന്നിവയെല്ലാം ആ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ് രോഗത്തിന്റെ ഇന്‍ക്യൂബേഷന്‍ പിരിയഡ്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലും പ്രായമായവരിലും പ്രതിരോധശക്തി കുറഞ്ഞവരിലും എച്ച്.എം.പി.വി ബാധിക്കാന്‍ സാധ്യത കൂടുതലാണ്.

ഇന്‍ഫ്ലുവന്‍സ വൈറസ് ബാധ പോലെ മൂക്കിലും തൊണ്ടയിലും ഇന്‍ഫെക്ഷന്‍ വരുത്തുന്ന വൈറസാണിത്. ശരീരത്തില്‍ കടന്നാല്‍ 2 മുതല്‍ 5 ദിവസത്തില്‍ തുമ്മലും, തൊണ്ടവേദനയും പനിയുമായി അസുഖം തുടങ്ങും.

മിക്കവാറും ഇത് മൂക്കിലും തൊണ്ടയിലും ഉള്ള കോശങ്ങളെ ആണ് ബാധിക്കുക. ചിലപ്പോള്‍ ശ്വാസകോശങ്ങളെ ബാധിച്ച് ന്യൂമോണിയ പോലുള്ള കഠിനമായ അവസ്ഥയിലേക്കും രോഗി എത്തിയേക്കാം.

ജലദോഷം പകരുന്ന പോലെയാണ് എച്ച്.എം.പി.വിയും പകരുന്നത്. രോഗമുള്ള വ്യക്തിയുടെ തുമ്മല്‍, ചുമ എന്നിവയിലെ കണങ്ങളില്‍ കൂടി വൈറസ് അടുത്ത് ഇടപെടുന്ന ആളില്‍ എത്തും. പ്രതലങ്ങളില്‍ വീഴുന്ന കണങ്ങളില്‍ വൈറസ് ഉണ്ടെങ്കില്‍ അത് സ്പര്‍ശിച്ച കൈകൊണ്ട് മൂക്കിലും മുഖത്തും സ്പര്‍ശിച്ചാലും രോഗം പകരാന്‍ സാധ്യതയുണ്ട്.

ഇന്‍ഫ്ലുവന്‍സയ്ക്ക് പ്രത്യേകിച്ച് മരുന്നില്ല എന്ന പോലെതന്നെ എച്ച്.എം.പി.വിക്കും ഇതുവരെ വാക്സിനുകള്‍ കണ്ടുപിടിച്ചിട്ടില്ല. വല്ലപ്പോഴും ചികിത്സ ഇല്ലാതെ തനിയെ മാറുന്ന അസുഖമാണെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു. എന്നാല്‍ ശ്വാസകോശത്തെ ബാധിക്കാതെ നോക്കേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ന്യൂമോണിയയും ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണററി ഡിസീസുവെരെയായി രോഗം വഷളാവാന്‍ സാധ്യതയുണ്ട്.

ശീതകാലങ്ങളില്‍ ഈ രോഗം ചൈനയില്‍ വ്യാപകമാകാറുണ്ട് എന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് അറിയിച്ചിരുന്നു. നിലവിലെ ഈ രോഗബാധ കഴിഞ്ഞ ശൈത്യകാലത്തേക്കാള്‍ തീവ്രത കുറവാണെന്നും അതിനാല്‍ ചൈനയിലേക്ക് വരുന്ന വിദേശികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ചുരുക്കത്തില്‍ ഈ രോഗബാധയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നു.

കൂടാതെ ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ലോകത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് ചൈനയില്‍ അല്ല. 2011,12 വര്‍ഷങ്ങളില്‍ യു.എസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ എച്ച്.എം.പി.വി കേസുകള്‍ വ്യാപകമായി കൂടിയിരുന്നു. ചുരുക്കത്തില്‍ ആശങ്കപ്പെടേണ്ടെന്ന് സാരം. എന്നാല്‍ ജാഗ്രത കൈവിടുകയും വേണ്ട.

Content Highlight: what is HMPV Virus?

Latest Stories

We use cookies to give you the best possible experience. Learn more