| Sunday, 22nd March 2020, 1:32 pm

കൊവിഡ്-19നില്‍ വിറങ്ങലിച്ച് ലോകം; ചിത്രത്തിലേ ഇല്ലാതെ ഉത്തരകൊറിയ; കിമ്മിന്റെ നാട്ടില്‍ നടക്കുന്നതെന്ത്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്ത് 160 രാജ്യങ്ങളിലേറെയായി കൊവിഡ്-19 വ്യാപകമായി പടര്‍ന്നുപിടിച്ചിരിക്കുകയാണ്. മികച്ച ആരോഗ്യ പ്രവര്‍ത്തനമേഖലയുള്ളതും ആഗോള സാമ്പത്തിക ശക്തിയുമായ രാജ്യങ്ങളെയെല്ലാം കൊവിഡ്-19 കാര്യമായി ബാധിച്ചിട്ടുണ്ട്. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മഹാമാരിയില്‍ സ്തംഭിച്ച് നില്‍ക്കവെ ഉത്തരകൊറിയ എന്ന രാജ്യം മാത്രം തങ്ങളെ കൊവിഡ്-19 ബാധിച്ചിട്ടേയില്ല എന്നാണ് പറയുന്നത്.

രാജ്യത്ത് ഒരു കൊവിഡ്-19 രോഗി പോലും ഇല്ല എന്നാണ് കഴിഞ്ഞ മാസം ഉത്തരകൊറിയ അത്യാഹിത മെഡിക്കല്‍ കമ്മിറ്റി ഉദ്യോഗസ്ഥനായ സോങ് ഇന്‍ ബൊം മാധ്യമങ്ങളോട് പ്രതികരിച്ചത്.

എന്നാല്‍ അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ഉത്തരകൊറിയയില്‍ കൊവിഡ്-19 പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. മാത്രവുമല്ല അയല്‍ രാജ്യങ്ങളായ ദക്ഷിണകൊറിയയിലും ചൈനയിലും കൊവിഡ് രൂക്ഷമായി വ്യാപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ അതിര്‍ത്തികള്‍ അടയ്ക്കുകയും വിദേശ പൗരന്‍മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്‌തെങ്കിലും ഉത്തരകൊറിയയില്‍ ചിലര്‍ക്കെങ്കിലും കൊവിഡ് ബാധിച്ചിട്ടുണ്ടാകാം. പക്ഷെ ഇതിന്റെ കൃത്യമായ കണക്കെടുപ്പുകള്‍ നടത്തുക സാധ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. കാരണം ഉത്തരകൊറിയയിലെ ആരോഗ്യ രംഗം അത്ര വിപുലമോ മികച്ചതോ അല്ല,’ ദക്ഷിണകൊറിയിലെ ഡോക്ടറായ റൊഹ് ക്യംഗ് ഹോ പറഞ്ഞു.

‘ ഉത്തരകൊറിയിലെ ഒരു സാധാരണ പൗരന് ഈ വൈറസിനെ പറ്റി ശരിക്കും അറിയില്ല. ഒരു പേടിപ്പെടുത്തുന്ന രോഗമാണെന്നേ അവര്‍ക്കറിയൂ,’ ഉത്തരകൊറിയയില്‍ നിന്നും ദക്ഷിണകൊറിയയിലെത്തിയ ആക്ടിവിസ്റ്റായ സിയോ ജേ പ്യംഗ് പറഞ്ഞു.

ഇദ്ദേഹം ഉത്തരകൊറിയയിലെ ജനങ്ങളുമായി സംസാരിച്ചപ്പോള്‍ മനസ്സിലായത് ജനുവരി 27 ന് ഇവിടെ ആദ്യത്തെ കൊവിഡ്-19 കേസ് സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ്. ഇതിനുശേഷം ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നെന്നും ഇവര്‍ പറയുന്നു.

മാധ്യമങ്ങള്‍ക്ക് യാതൊരു സ്വാതന്ത്ര്യവും ഇല്ലാത്തിനാല്‍ തന്നെ ഇവിടെ എന്തു നടക്കുന്നു എന്ന് കൃത്യമായി അറിയാന്‍ ലോകത്തിനു മുന്നില്‍ വഴികളൊന്നുമില്ല.

അല്‍ ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം ഉത്തരകൊറിയയില്‍ കൊവിഡ്-19 സ്ഥിരീകരിക്കാനുള്ള ടെസ്റ്റ് കിറ്റുകള്‍ ലഭ്യമല്ല. അതിനാല്‍ രോഗലക്ഷണങ്ങളാണ് ഇവര്‍ കൊവിഡ് നിര്‍ണയത്തിനായി പ്രധാനമായും പരിഗണിക്കുന്നത്.

വിദേശമാധ്യമമായ ഡെയ്‌ലി എന്‍.കെ ഉത്തരകൊറിയയില്‍ നിന്നും ശേഖരിച്ച വിവരപ്രകാരം 83 പേരാണ് രാജ്യത്ത് ക്വാരന്റീനിലുള്ളത്. 23 പേര്‍ മരിക്കുകയും ചെയ്തു. എന്നാല്‍ ഇത് കുറേ ആഴ്ചകള്‍ക്കു മുമ്പാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ ഉത്തരകൊറിയയിലുണ്ടായ വെള്ളപ്പൊക്കവും ക്ഷാമവും കാരണം ഒരു കോടി ജനങ്ങള്‍ക്ക് ഭക്ഷണക്ഷാമം നേരിട്ടു എന്നാണ് യു.എന്നിന്റെ കണക്ക്. ഇത് വെച്ച് നോക്കുമ്പോള്‍ കൊവിഡ്-19 നും ഉത്തരകൊറിയന്‍ ജനതയെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഒരു ഉത്തരകൊറിയന്‍ പൗരനെ ഭരണാധികാരി കിംഗ് ജോങ് ഉന്‍ വെടിവെച്ച് കൊന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തയില്‍ ഇതുവരെ സ്ഥിരീരണമുണ്ടായിട്ടില്ല.

ഇതിനിടെ കൊവിഡ്-19 നില്‍ കുരുങ്ങിയിരിക്കവെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണവും നടത്തിയിരുന്നു. രണ്ട് ഹ്രസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചത്. മിസൈലുകള്‍ തങ്ങളുടെ അതിര്‍ത്തിക്ക് പുറത്ത് കടലില്‍ പതിച്ചതായി ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരുന്നു.\

 

We use cookies to give you the best possible experience. Learn more