| Monday, 18th January 2021, 7:37 pm

വീട്ടുതടങ്കലിലായ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ബോബി വൈന്‍; ഉഗാണ്ടയില്‍ സംഭവിക്കുന്നത്

അനീഷ് മാത്യു

ആഫ്രിക്കയിലെ ഒരു രാജ്യത്തു കൂടി കഴിഞ്ഞ ദിവസം പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. കിഴക്കന്‍ ആഫ്രിക്കയിലെ ഉഗാണ്ട 35 വര്‍ഷമായി ഭരിക്കുന്ന യുവേരി മുസേവാനി എന്ന പ്രസിഡന്റ് 65 ശതമാനം വോട്ടോടെ ആറാമതും തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. പ്രധാന എതിരാളിയും ഉഗാണ്ടയിലെ ഏറ്റവും പ്രശസ്തനായ പോപ്പ് മ്യൂസിക് ഗായകനുമായ ബോബി വൈന്‍ തെരഞ്ഞെടുപ്പ് നടന്ന കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ യാതൊരുവിധ കമ്മ്യൂണിക്കേഷന്‍ ബന്ധങ്ങളും ഇല്ലാതെ കമ്പാലയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ തടങ്കലിലാണ്.

ഉഗാണ്ടയുടെ അയല്‍രാജ്യമായ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഏതാണ്ട് അറുപതിനായിരത്തോളം പേര്‍ അവിടെ നിന്നം പലായനം ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 27നായിരുന്നു ആ തെരഞ്ഞെടുപ്പ്. അതിനു ശേഷം ആഫ്രിക്കയില്‍ വരുന്ന അടുത്ത തെരഞ്ഞെടുപ്പ് വാര്‍ത്തയാണ് ഉഗാണ്ടയിലേത്.

ബോബി വൈന്‍

ഉഗാണ്ട എന്നാല്‍ നമ്മള്‍ മലയാളികള്‍ക്ക് ലോകത്തിന്റെ അറ്റത്തുള്ള, ആര്‍ക്കും പോകേണ്ടാത്ത സ്ഥലമാണ്. ഒരു പരിധിവരെ അതിന്റെ കാരണം ഇദി അമീന്‍ എന്ന ക്രൂരനായ ഏകാധിപതിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ മാത്രമാണ് ഉഗാണ്ടയെപ്പറ്റി നമ്മള്‍ കേട്ടിരിക്കുന്നത് എന്നതായിരിക്കാം.

1962ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടിയ ഉഗാണ്ടയില്‍ ഇന്ന് വരെ ഒരിക്കല്‍ പോലും അധികാരം സമാധാനപരമായി കൈമാറപ്പെട്ടിട്ടില്ല. ബ്രിട്ടീഷ് ആര്‍മിയില്‍ പാചകക്കാരനായി ചേര്‍ന്ന ഇദി അമീന്‍ ആര്‍മിയില്‍ വളര്‍ന്നു. സ്വാതന്ത്ര്യത്തിനു ശേഷം ആര്‍മിയുടെ പരമോന്നത പദവിയായ ചീഫ് ഓഫ് സ്റ്റാഫ് ആയെങ്കിലും ആര്‍മിയുടെ പണം വകതിരിച്ചു വിട്ടു എന്ന കാരണത്താല്‍ അദ്ദേഹത്തിനെ പുറത്താക്കാന്‍ ശ്രമിച്ചതിനെതിരെ ഉണ്ടാക്കിയ സൈനിക അട്ടിമറി വഴി അധികാരത്തില്‍ വന്നു.

ഇദി അമീന്‍

പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പിന്തുണയോടെ അധികാരത്തില്‍ വന്ന ഇദി അമീന്‍ അതൊക്കെ വിട്ടു അധികാരസ്ഥാനങ്ങള്‍ മുഴുവന്‍ തന്റെ ഗോത്രക്കാരായ കാക്കുവാക്കാരെ കൊണ്ട് നിറച്ചു. എതിര്‍ക്കുന്നവരെ എല്ലാവരെയും കൊന്നൊടുക്കി.

ഉഗാണ്ടയുടെ സാമ്പത്തിക വ്യവസ്ഥയില്‍ ഏറ്റവും പ്രധാന പങ്കുവഹിച്ചിരുന്ന ഇന്ത്യന്‍ വംശജരോട് മുഴുവന്‍ 90 ദിവസത്തിനകം നാട് വിടുവാന്‍ ആവശ്യപ്പെട്ടതോടെ 40,000ത്തിലധികം ഇന്ത്യന്‍ വംശജര്‍ എല്ലാ ബിസിനസും സ്വത്തുക്കളും ഉപേക്ഷിച്ചോ അല്ലെങ്കില്‍ വളരെ കുറഞ്ഞ വിലക്കു വിറ്റോ നാടുവിട്ടു ഇംഗ്ലണ്ടിലേക്കും ഇന്ത്യയിലേക്കും പലായനം ചെയ്തു. അതോടെ ബിസിനസുകളെല്ലാം നിലച്ചു. രാജ്യം സാമ്പത്തികമായി തകര്‍ന്നു തുടങ്ങി.

എന്തായാലും തൊട്ടടുത്ത രാജ്യമായ ടാന്‍സാനിയന്‍ ആര്‍മിയുടെ പിന്തുണയോടെ ഉഗാണ്ടന്‍ ആര്‍മിയുടെ ഒരു വിഭാഗം ഇദി അമീനെ പുറത്താക്കി അധികാരം മിലിറ്ററിക്കു വീണ്ടും കൈമാറി. അന്ന് ലിബിയ ഭരിച്ചിരുന്ന ഗദ്ദാഫിയുടെ പിന്തുണ ഉണ്ടായിട്ടുപോലും അദ്ദേഹം രാജ്യം വിട്ടു സൗദി അറബ്യേയില്‍ അഭയം തേടി. സൗദി അറബ്യേയില്‍ താമസിച്ച ഇദി അമീന്‍ അവിടെ കിടന്നു തന്നെ മരിച്ചു.

ആഫ്രിക്ക കണ്ട ഏറ്റവും ക്രൂരനായ ഈ ഏകാധിപതിയെ പുറത്താക്കാനായി അന്നു ഉഗാണ്ടയിലെ കലാപങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാവായിരുന്നു യോവേരി മുസേവേനി. ഇദി അമീനെയും അമീന് മുമ്പും പിന്നീടും ഭരിച്ച മറ്റൊരു ഏകാധിപതിയായ മില്‍ട്ടണ്‍ ഒബോട്ടെയെയും പുറത്താക്കുന്ന സൈനിക കലാപങ്ങള്‍ നയിച്ച മുസേവേനി 1996ല്‍ ഉഗാണ്ടയുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ചു ഭരണത്തില്‍ കയറി.

മില്‍ട്ടണ്‍ ഒബോട്ടെ

അന്നുമുതല്‍ 35 വര്‍ഷങ്ങള്‍ക്കു ശേഷവും ഉഗാണ്ട ഭരിക്കുന്നത് മുസേവേനി എന്ന ‘ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്ന’ ഏകാധിപതി ആണ്.

ആദ്യമൊക്കെ നല്ല ഭരണാധികാരി ആയിരുന്നു മുസേവേനി. സൗജന്യ വിദ്യാഭ്യാസം, ആഫ്രിക്കയുടെ പ്രധാനപ്രശ്നമായ ഗോത്രങ്ങള്‍ക്കുള്ള അനാവശ്യമായ അവകാശങ്ങള്‍ നിര്‍ത്തലാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ നടപ്പിലാക്കിയ അദ്ദേഹം, പൊതുവേ സോഷ്യലിസ്റ്റായ കിഴക്കന്‍ ആഫ്രിക്കയില്‍, അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കു കൂടെ നിന്നു തന്റെ സ്ഥാനം ഉറപ്പിച്ചു. 2006ല്‍ പത്തു വര്‍ഷം തികഞ്ഞപ്പോള്‍ രണ്ടു തവണ മാത്രം നിജപ്പെടുത്തിയിരുന്ന പ്രസിഡന്റിന്റെ കാലാവധി അദ്ദേഹം ഭരണഘടനയില്‍ നിന്നും എടുത്തു മാറ്റി വീണ്ടും മത്സരിച്ചു. പിന്നീട് 2011ലും 2016ലും അദ്ദേഹം തന്നെ തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞവര്‍ഷം ഭരണഘടനയില്‍ പ്രസിഡന്റിന്റെ 75 വയസ് പ്രായപരിധി എടുത്തുകളയാനായുള്ള പ്രമേയം മുസേവേനി പാര്‍ലമെന്റില്‍ കൊണ്ടുവന്നപ്പോഴാണ് ഈ കഴിഞ്ഞ ആഴ്ചയിലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബോബി വൈന്‍ ആദ്യമായി ലോകശ്രദ്ധയില്‍ വരുന്നത്.

മുസേവേനി

ഒരു തരത്തിലും ജനാധിപത്യപരമല്ലാതെ നടന്ന തെരഞ്ഞെടുപ്പ് ആയിരുന്നു ഉഗാണ്ടയില്‍ ഈ വ്യാഴാഴ്ച നടന്നത്. നാല് കോടി, അതായത് കേരളത്തിനേക്കാളും 50 ലക്ഷം മാത്രം കൂടുതല്‍ ജനസംഖ്യയുള്ള ഉഗാണ്ടയില്‍ ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും ലോകശ്രദ്ധ നേടിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി പ്രഖ്യാപിച്ച് നവംബറില്‍ പ്രചാരണം തുടങ്ങിയപ്പോള്‍ ബോബി വൈനെയും മുഴുവന്‍ മ്യൂസിക് ക്രൂവിനെയും ആര്‍മി അറസ്റ്റ് ചെയ്തു. ഒരാഴ്ച കഴിഞ്ഞാണ് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടത്. മൂന്ന് പേരില്‍ കൂടുതല്‍ ഉള്ള എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും പോലീസ് ചീഫിന്റെ അനുവാദമില്ലാതെ നടത്താന്‍ പാടില്ലായിരുന്നു. മുസേവേനിയുടെ പ്രൈവറ്റ് സെക്യൂരിറ്റിയുടെ ചുമതലയുള്ള മകന് രാജ്യസുരക്ഷയുടെ ചുമതല കൂടി നല്‍കിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ബോബി വൈനിന്റെ ഡ്രൈവര്‍ ആര്‍മിയുടെ വെടിയേറ്റ് മരിച്ചു. വേറെ ഒരു ഇരുപതോളം പേരും കൊല്ലപ്പെട്ടു. പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിനല്ല പകരം തെരഞ്ഞെടുപ്പ് റാലി നടത്തി എന്നതാണ് ഏക കാരണം. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മെറ്റും വെച്ചാണ് അദ്ദേഹം പ്രചാരണം നടത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പ് ബോബി അദ്ദേഹത്തിന്റെ കുട്ടികളെ അമേരിക്കയിലേക്ക് മാറ്റി. ബോബി ഇപ്പോഴും വീട്ടുതടങ്കലില്‍ ആണ്. അദ്ദേഹത്തിന്റ പ്രൈവറ്റ് സെക്യൂരിറ്റിയുടെ മുഴുവന്‍ ആയുധങ്ങളും തോക്കുകളും ആര്‍മി പിടിച്ചെടുത്തു. ബോബിയുടെ മിക്കവാറും എല്ലാ പോളിംഗ് ഏജന്റുമാരും ജയിലിലായിരുന്നു.

ഇതൊന്നും കൂടാതെ മുഴുവന്‍ ഇന്റര്‍നെറ്റ് സേവനങ്ങളും തെരഞ്ഞെടുപ്പിന്റെ തലേന്ന് നിരോധിച്ചു. ഒരാഴ്ച മുന്‍പേ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെല്ലാം നിരോധിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ ബോബി വൈന്‍ വീട്ടുതടങ്കലില്‍ ആണ്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് പോലും അദ്ദേഹത്തിന്റെ വീട്ടിലേക്കു പ്രവേശനം ഇല്ല.

ഉഗാണ്ടയിലെ ഏതാണ്ട് 80 ശതമാനം പേരും 30 വയസില്‍ താഴെയുള്ളവര്‍ ആണ്. അതായത് മുസേവേനിയല്ലാതെ ഒരു പ്രസിഡന്റിനെ 80 ശതമാനം ഉഗാണ്ടക്കാര്‍ക്കും അറിയില്ല. ബോബി വൈനു മുപ്പത്തൊന്‍പത് വയസേ ഉള്ളു. എല്ലാ നിയന്ത്രണങ്ങളെയും പൊലീസ് മര്‍ദ്ദനങ്ങളേയും അറസ്റ്റുകളെയും നേരിട്ട്, തെരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം മുപ്പത് ശതമാനം വോട്ടുകള്‍ നേടി.

‘Freedom comes to those who fight- not to those who cry, because the more you cry, the more your people continue to die. So Rise & Defend your rights ‘ ഇതായിരുന്നു ബോബി വൈനിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാചകം.

കേരളത്തിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ പോലെയുള്ള ഭൂപ്രകൃതിയാണ് ഉഗാണ്ടയുടേത്. ചെറിയ ചെറിയ കുന്നുകളും എല്ലായിടത്തും കാണുന്ന വാഴയും വിക്ടോറിയ ലേക്കിലെ തിലോപ്യയും എപ്പോഴും 20 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടക്കുള്ള കാലാവസ്ഥയും. ജീവിക്കാന്‍ ലോകത്തിലെ തന്നെ ഏറ്റവും നല്ല സ്ഥലമാണ് ഉഗാണ്ട.

അടുത്ത തവണ ബോബി വൈന്‍ ജയിക്കും എന്ന് പ്രതീക്ഷിക്കാം. അതുവരെ അദ്ദേഹത്തിന്റെ ജീവന്‍ സുരക്ഷിതമായിരിക്കും എന്നും.

Content Highlight: What is happening in Uganda – Anish Mathew Writes

അനീഷ് മാത്യു

We use cookies to give you the best possible experience. Learn more