1500 ല്‍ അധികം കൊവിഡ് രോഗികള്‍, ആരോഗ്യപ്രവര്‍ത്തകരടക്കം 18 മരണങ്ങള്‍, 40 ല്‍ അധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധ, കൊവിഡ് പ്രതിരോധത്തിനെത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്ന സ്ഥിതിവിശേഷം, മരണപ്പെടുന്ന കൊവിഡ് രോഗികളുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍, കൊവിഡ് മൂലമെന്ന് സംശയിക്കുന്ന നിരവധി മരണങ്ങള്‍, തങ്ങള്‍ക്ക് സുരക്ഷാ സജ്ജീകരണങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് പറയുന്ന ആരോഗ്യപ്രവര്‍ത്തകര്‍. കൊവിഡ് കാലത്ത് തമിഴ്‌നാട്ടില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭയം ജനിപ്പിക്കുന്നതാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ തമിഴ്നാട്ടില്‍ നടക്കുന്നത്.
മാര്‍ച്ച് 7 നാണ് തമിഴ്നാട്ടില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമാനില്‍ നിന്നും ചെന്നൈയിലെത്തിയ കാഞ്ചിപുരം സ്വദേശിക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 18 ന്് അടുത്ത കേസും തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. ദല്‍ഹിയില്‍ നിന്ന് തമിഴ്നാട്ടില്‍ എത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 25 ഓടെ അദ്യ കൊവിഡ് മരണവും തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. മധുരൈ സ്വദേശിയായ 54 വയസുകാരനാണ് മരണപ്പെട്ടത്. അതേ ദിവസം തന്നെ 4 ഇന്തോനേഷ്യന്‍ പൗര•ാര്‍ അടക്കം 5 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ഏപ്രില്‍ ഒന്നാം തിയ്യതിയാപ്പോഴേക്കും 229 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നിസാമുദ്ധീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് എത്തിയ 110 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഈ ദിവസമാണ്. തുടര്‍ന്ന് അങ്ങോട്ട് ഉള്ള ദിവസങ്ങളില്‍ ഒരോ ദിവസവും തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടി കൂടി വന്നു.
ഏപ്രില്‍ 22 വരെയുള്ള കണക്കുകള്‍ പ്രകാരം 1629 കേസുകളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 18 പേര്‍ ഇതിനകം മരണപ്പെടുകയും ചെയ്തു. തമിഴ്നാട്ടില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് 46 ദിവസം പിന്നിടുമ്പോള്‍ ഗുരുതരമായ നിരവധി വീഴ്ചകള്‍ സംഭവിച്ചുവെന്നാണ് തമിഴ്നാട് ആരോഗ്യവകുപ്പിന് നേരെ ഉയരുന്നത്.
കൊവിഡ് ബാധ മൂലം മരണപ്പെടുന്ന ഒരു വ്യക്തിയുടെ മൃതദേഹം വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പ്രോട്ടോക്കോള്‍ പ്രകാരമാണ് സംസ്‌ക്കരിക്കേണ്ടത്. മൃതദേഹം അണുവിമുക്തമാക്കുകയും സുരക്ഷാകവചമായി പോളിത്തീന്‍ കവര്‍ ഉപയോഗിക്കുകയും ചെയ്യണം.
മൃതദേഹം പാക്ക് ചെയ്താല്‍ അത് തുറക്കുകയോ ആരെയും കാണിക്കുകയോ ചെയ്യരുതെന്നും, ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കണമെന്നുമാണ് നിര്‍ദ്ദേശം.
എന്നാല്‍ കൊവിഡ് ബാധിച്ച് മരിച്ച രാമനാഥ പുരം സ്വദേശിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത് ഈ സുരക്ഷ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ്. സുരക്ഷാകവചമായ പോളിത്തീന്‍ കവര്‍ തുറന്ന്, മതാചാരപ്രകാരമാണ് മൃതദേഹം സംസ്‌കരിച്ചത്. 50 ഓളം പേര്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. ഇയാളുടെ ടെസ്റ്റ് റിസല്‍ട്ട് പുറത്തുവന്നിരുന്നില്ല എന്നതാണ് മൃതദേഹം വിട്ടുനല്‍കുന്നതിന് കാരണമായി തമിഴ്‌നാട് സര്‍ക്കാര്‍ പറഞ്ഞത്.
തമിഴ്നാട്ടിലെ ഒരു ആശുപത്രിയില്‍ മാത്രം കൊവിഡ് ലക്ഷണങ്ങളോടെ മരിച്ച 70ല്‍ അധികം പേരെ ന്യൂമോണിയ ബാധിച്ചുള്ള മരണമായി കാണിച്ച് സംസ്‌ക്കാരം നടത്തിയതെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത തമിഴ്നാട്ടിലെ ഒരു മലയാളി ഡോക്ടര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
ഏപ്രില്‍ 8 ന് 4 കൊവിഡ് രോഗികളെ രോഗം ഭേദമാവാതെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും വാര്‍ത്തകള്‍ പുറത്തുവന്നു.വിഴുപുരം ഗവ. ആശുപത്രിയില്‍ നിന്നാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തത്.
ഇതിനിടയില്‍ തങ്ങള്‍ക്ക് മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയുമായി ചെന്നൈയിലെ ഡോക്ടര്‍മാരും രംഗത്ത് വന്നിരുന്നു. ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും ഐസിഎംആര്‍ നിര്‍ദ്ദേശിച്ച മുന്‍കരുതലുകള്‍ പാലിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പരാതിപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇത് ചൂണ്ടികാണിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ആശുപത്രികളില്‍ പലപ്പോഴും പി.പി കിറ്റ്, മാസ്‌ക് തുടങ്ങിയ അടിസ്ഥാന സുരക്ഷാ സൗകര്യങ്ങള്‍ പോലും ലഭിക്കുന്നില്ലെന്നാണ് തമിഴ്‌നാട്ടിലെ ഒരു ഡോക്ടര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
ആരോഗ്യപ്രവര്‍ത്തകരുടെ ഈ ഉത്കണഠയ്ക്ക് കാരണങ്ങള്‍ ധാരാളമുണ്ട്. ആശുപത്രിയില്‍ കൊവിഡ് സംശയം മൂലം എത്തുന്ന രോഗികളെ ചികിത്സിക്കുന്നതിന് മുമ്പായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുന്നില്ല. സാമൂഹിക അകലം പാലിക്കുക എന്ന അടിസ്ഥാന പ്രതിരോധ മാര്‍ഗം പോലും സംസ്ഥാനത്തെ ആശുപത്രികളില്‍ നടക്കുന്നില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളുടെ വിശ്വാസതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഏപ്രില്‍ 20 വരെയുള്ള കണക്കുകള്‍ പ്രകാരം അതുവരെ റിപ്പോര്‍ട്ട് ചെയ്ത 1520 കേസുകളില്‍ 1302 കേസും ദല്‍ഹിയിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. അതായത് മൊത്തം കേസിന്റെ 86 ശതമാനം.
കേന്ദ്രസര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം 501 പേര്‍ മാത്രമാണ് തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തമിഴ്നാട്ടില്‍ എത്തിയത്. എന്നാല്‍ തമിഴ്നാട് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം 1500 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയും 1135 പേര്‍ തിരികെ തമിഴ്നാട്ടില്‍ എത്തുകയും ചെയ്തിട്ടുണ്ട്. ഇതില്‍ പലരുടെയും യാത്ര വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകരോട് ഇത് മെഡിക്കല്‍ എത്തിക്സിന് എതിരാണ് എന്ന് മാത്രമാണ് തമിഴ്നാട് ആരോഗ്യമന്ത്രി പറഞ്ഞിരുന്നത്.
തമിഴ്‌നാട് സംസ്ഥാനം മുഴുവനായും കൊവിഡ് ഭീഷണി പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 38 ജില്ലകളില്‍ 35 ഉം ഗുരുതരമായ കൊവിഡ് ഭീഷണിയിലാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ സാധാരണക്കാരായ വ്യക്തികളില്‍ പലരും ഇപ്പോഴും കൊവിഡ് ഭീതിയെ കുറിച്ച് കൃത്യമായ അവബോധം ഉള്ളവരല്ല എന്നതാണ് സത്യം.
ചെന്നൈയില്‍ മാത്രം 373 പേരാണ് കൊവിഡ് ബാധിതരായിരിക്കുന്നത്. എന്നാല്‍ അപ്പോഴും നഗരത്തിനകത്തുള്ള ചേരികളില്‍ പോലും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കൃത്യമായി നടക്കുന്നില്ല.
തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ നഗരങ്ങളില്‍ ചിലയിടങ്ങളില്‍ മാത്രമാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാകുന്നത് എന്നാണ് നാമക്കല്‍ സ്വദേശിയായ ശബരി ഡൂള്‍ന്യൂസിനോട് പറഞ്ഞത്. നഗരങ്ങളില്‍ പോലും ആളുകള്‍ പൂര്‍ണമായും മാസ്‌ക് ധരിക്കുന്നില്ല എന്നും അദ്ദേഹം പറയുന്നു.
തീര്‍ത്തും അശാസ്ത്രീയമായ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളും തമിഴ്നാട്ടില്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തമിഴ്‌നാട്ടിലെ രാമനാഥപുരമടക്കമുള്ള ചിലയിടങ്ങളില്‍ കൊറോണ പ്രതിരോധത്തിനായി മഞ്ഞള്‍-കറിവേപ്പ് മിശ്രിതം ചേര്‍ത്ത വെള്ളം ടാങ്കുകളിലാക്കി പൊതുവിടങ്ങളിലും വീടുകളിലും തെളിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരുന്നത്.
കൊവിഡ് പ്രതിരോധത്തിലുള്ള തമിഴ്നാടിന്റെ വീഴ്ചകളുടെ ആഴം കൂടുതല്‍ വ്യക്തമാക്കുന്നതാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് കൊവിഡ് ബാധിക്കുന്ന സംഭവങ്ങള്‍. ഇതിനകം നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. പലയിടത്തും ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളും തമിഴ്നാട്ടില്‍ നടന്നിരുന്നു. കൊവിഡ് ബാധിച്ച് മരിച്ച ഒരു ഡോക്ടറുടെ മൃതദേഹവുമായി സെമിത്തേരിയിലേക്ക് പോയ സംഘത്തെ പ്രദേശവാസികള്‍ ആക്രമിച്ച ദാരുണമായ വാര്‍ത്തയും ചെന്നെയില്‍നിന്ന് പുറത്തുവന്നിരുന്നു.
ആരോഗ്യപ്രവര്‍ത്തകരെ പോലെ തന്നെ ആശങ്കയുളവാക്കുന്നതാണ് തമിഴ്‌നാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും വ്യാപകമായി കൊവിഡ് രോഗം സ്ഥിരീകരിക്കുന്നു എന്നത്. അന്‍പതിലധികം മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് സംസ്ഥാനത്ത് ഇതിനകം രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലെ ഒരു പ്രമുഖ ചാനലിന്റെ പ്രവര്‍ത്തനം പോലും ഇതുമൂലം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നിരുന്നു.
ആരോഗ്യ സെക്രട്ടറിയുടെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഒരു മാധ്യമപ്രവര്‍ത്തകനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. അതിന് പുറമേ മറ്റു രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഈ മാധ്യമ പ്രവര്‍ത്തകരുമായി അടുത്തിടപഴകിയവരെയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവരയെും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
എന്നാല്‍ തൊട്ടടുത്ത ദിവസം ഈ റിസല്‍റ്റ് വരുന്നതിനും മുമ്പ് രോഗം സ്ഥിരീകരിച്ച റിപ്പോര്‍ട്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത അതേ സ്ഥലത്ത് ആരോഗ്യ മന്ത്രി സി. വിജയഭാസ്‌കര്‍ വീണ്ടും വാര്‍ത്താ സമ്മേളനം നടത്തി എന്ന് മാതൃഭൂമി ചാനലിന്റെ ചെന്നൈ റിപ്പോര്‍ട്ടറായ കെ. അനൂപ് ദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. 7 കോടിയിലധികം ജനസംഖ്യയുള്ള തമിഴ്നാട്ടില്‍ ഇതുവരെ ടെസ്റ്റ് ചെയ്തത് 59023 സാമ്പിളുകള്‍ മാത്രമാണ്. കൊവിഡ് പ്രതിരോധത്തില്‍ ഗുരുതരമായ വീഴ്ചകള്‍ ഇതിനകം തന്നെ സംഭവിച്ചിട്ടുള്ള തമിഴ്നാട്ടില്‍ ഇനിയെങ്കിലും ജാഗ്രതയോടെയുള്ള നീക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ സംസ്ഥാനം വലിയ അപകടങ്ങളിലേക്ക് നീങ്ങുമെന്നാണ് സ്ഥിതിവിശേഷങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
DoolNews Video