| Saturday, 1st June 2024, 5:46 pm

സുഡാനും കത്തുന്നു; ആഭ്യന്തര യുദ്ധത്തിനിടയിൽ രാജ്യം പട്ടിണി ദുരിതത്തിലെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഖാര്‍ത്തൂം: ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ മാനുഷിക സഹായം എത്തുന്നത് തടഞ്ഞാല്‍ അതിഭീകരമായ പട്ടിണിയിലേക്ക് രാജ്യം നീങ്ങുമെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര മാനുഷിക സംഘടനകള്‍.

19 അന്താരാഷ്ട്ര മാനുഷിക സംഘടനകളുടെ തലവന്‍മാര്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിലാണ് അതിരൂക്ഷമായ പട്ടിണിയിലേക്കാണ് രാജ്യത്തെ തള്ളിവിടുന്നതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതില്‍ 12 എണ്ണം യു.എന്‍ സംഘടനകളാണെന്ന് അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടിയന്തര സഹായം എത്തുന്നത് തടഞ്ഞാല്‍ പട്ടിണി മൂലം കൂടുതല്‍ ആളുകള്‍ മരിച്ച് വീഴുമെന്ന് മാനുഷിക സംഘടനകളുടെ തലവന്‍മാര്‍ അവരുടെ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. അതിനാല്‍ സിവിലിയന്‍മാരെ സംരക്ഷിക്കണമെന്നും, അടിയന്തര സഹായ വിതരണം സുഗമമാക്കണമെന്നും അടിയന്തരമായി വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

2023 ഏപ്രില്‍ പകുതി മുതലാണ് സുഡാനില്‍ ആഭ്യന്തര കലാപം ശക്തമായത്. അബ്ദുല്‍ ഫത്താഹ് അല്‍ബുര്‍ഹാന്റെ നേതൃത്വത്തിലുള്ള സൈന്യവും മുഹമ്മദ് ഹംദാന്‍ ദാഗ്ലോയുടെ നേതൃത്വത്തിലുള്ള റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള സംഘര്‍ഷത്തില്‍ 15,000ത്തോളം ആളുകള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

എട്ട് ലക്ഷത്തിലധികം ആളുകള്‍ക്ക് യുദ്ധത്തില്‍ വീടുകള്‍ നഷ്ടമാവുകയും ചെയ്തു. രാജ്യത്താകെ കടുത്ത പട്ടിണി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ജനീവയില്‍ നടന്ന പത്രസമ്മേളനത്തില്‍ യു.എന്‍ എയ്ഡ് കോര്‍ഡിനേഷന്‍ ഓഫീസ് ഒ.സി.എച്ച്.എ വക്താവ് ജെന്‍സ് ലാര്‍കെ പറഞ്ഞു.

യുദ്ധവും പട്ടിണിയും മൂലം ഇനിയും നിരവധി ആളുകള്‍ രാജ്യത്ത് നിന്ന് പലായനം ചെയ്യുമെന്നും കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം കഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സുഡാനില്‍ 18 ദശലക്ഷം ആളുകള്‍ നിലവില്‍ കടുത്ത പട്ടിണി അഭിമുഖീകരിക്കുന്നുണ്ടെന്നും 3.6 ദശലക്ഷം കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ടെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകള്‍ക്കെതിരെ വ്യാപകമായി ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതാണ്.

Content Highlight: Sudan, 19 international organisations warn of imminent famine

We use cookies to give you the best possible experience. Learn more