ചണ്ഡീഗഡ്: രാജസ്ഥാനിലെ പ്രശ്‌ന പരിഹാരത്തിന് ശേഷം കോണ്‍ഗ്രസിന് തലവേദനയായി വളരുകയാണ് പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങും കോണ്‍ഗ്രസ് നേതാവും എം.പിയുമായ പര്‍താപ് സിങ് ബജ്‌വയും തമ്മിലുള്ള പോര്. വിഷമദ്യദുരന്തത്തെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ആക്കം കൂട്ടിക്കൊണ്ട് അമരീന്ദര്‍ സിങിന് മാനസിക സ്ഥിരത നഷ്ടപ്പെട്ടെന്ന ആരോപണവുമായി ബജ്‌വ രംഗത്തെത്തി.
‘121 പേരുടെ മരണത്തിനിടയാക്കിയ വിഷ മദ്യ ദുരന്തത്തെക്കുറിച്ച് ഞങ്ങള്‍ ചോദ്യങ്ങളുന്നയിച്ച് തുടങ്ങിയതോടെ ക്യാപ്റ്റന്‍ സാഹിബിന് മാനസിക സ്ഥിരത നഷ്ടപ്പെട്ടിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിയിലെ എം.പി തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നാണ് അദ്ദേഹം മനസിലാക്കിയിരിക്കുന്നത്’, ബജ്‌വ പറഞ്ഞു.
‘രണ്ട് വര്‍ഷം മുമ്പാണ് അമൃത്സറില്‍ 60 പേര്‍ കൊല്ലപ്പെട്ട റെയില്‍വേ അപകടമുണ്ടായത്. അത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഇതുവരെ ഒരു അന്വേഷണവും നടന്നിട്ടില്ല. പിന്നെ ബട്ടാലയിലെ ഫാക്ടറി ദുരന്തം. അപ്പോഴും പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ഒന്നും നടന്നില്ല. ഇപ്പോള്‍ വിഷമദ്യ ദുരന്തമുണ്ടായപ്പോള്‍ നിങ്ങള്‍ രൂപീകരിച്ച അന്വേഷണ സംഘത്തെക്കുറിച്ച് ഞങ്ങള്‍ ചോദ്യങ്ങളുന്നയിച്ചു. ജലന്ദര്‍ കമ്മീഷണര്‍ അന്വേഷിക്കുന്നത് എക്‌സൈസ് വകുപ്പ് ക്യാപ്റ്റന്റെ കീഴിലായതുകൊണ്ടാണോ? പൊലീസിന്റെ ചുമതലയുള്ള അഭ്യന്തര മന്ത്രിയല്ലേ അദ്ദേഹം’, ബജ്‌വ പറഞ്ഞു.
എക്‌സൈസ് വകുപ്പിന് വരുന്ന വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് ഞാന്‍ ഗവര്‍ണറെ സമീപിച്ചിരുന്നു. നിയമവിരുദ്ധമായ വിഷമദ്യ നിര്‍മ്മാണങ്ങളെക്കുറിച്ചും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. തുടര്‍ന്നാണ് വിഷയം സി.ബി.ഐയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ അന്വേഷിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതോടെ അമരീന്ദര്‍ സിങിന് അദ്ദേഹത്തിന്റെ മാനസിക സ്ഥിരത നഷ്ടപ്പെട്ടു. അത് എനിക്കുള്ള സുരക്ഷ എടുത്ത മാറ്റുന്നതിലേക്ക് വരെ എത്തിച്ചിരിക്കുകയാണെന്നും ബജ്വ ചൂണ്ടിക്കാട്ടി.
‘ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്നാണ് എനിക്ക് അമരീന്ദറിനോട് ചോദിക്കാനുള്ളത്. നിങ്ങള്‍ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചാബിന്റെ മുഖ്യമന്ത്രിയാണ്. അല്ലാതെ, പട്യാലയുടെ മഹാരാജാവല്ല. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സംസ്ഥാനത്തിന്റെ ക്രമസമാധാന നില സംരക്ഷിക്കുന്നതില്‍ ഉത്തരവാദിത്തമുണ്ട്’, അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ഒരു എം.പിയാണ്. അമരീന്ദറിന്റെ അതേ പാര്‍ട്ടിയില്‍ ഭരണഘടനാ ചുമതലയിലിരിക്കുന്ന വ്യക്തി. 1987ല്‍ മൗലിക വാദികളുമായുള്ള പോരാട്ടത്തിനൊടുവില്‍ കൊല്ലപ്പെട്ടതാണ് എന്റെ അച്ഛന്‍. 1990ല്‍ എന്നെ ഉന്നംവെച്ച് വലിയ ബോംബാക്രമണമുണ്ടായിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധത്തിലെ ഹീറോ ആയിരുന്നു എന്റെ സഹോദരന്‍. വധ ഭീഷണികളെത്തുടര്‍ന്ന് 1980 മുതല്‍ ഇപ്പോള്‍ വരെ പഞ്ചാബ് പൊലീസ് എനിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അതാണ് രാഷ്ട്രീയ വെറിയുടെ പേരില്‍ എടുത്തുമാറ്റിയിരിക്കുന്നത്. ഭീഷണി ആര്‍ക്കുമാവട്ടെ, അവരെ സംരക്ഷിക്കേണ്ടതും സുരക്ഷ ഒരുക്കേണ്ടതും സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്’, അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു കോണ്‍ഗ്രസ് എം.പിയായ ഷംഷെര്‍ സിങ് ദുള്ളൊയും സര്‍ക്കാരിനെതിരെ ബജ്വയ്ക്കൊപ്പം രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ അനധികൃത മദ്യമാഫിയയ്ക്ക് വളം വെക്കുകയാണെന്നായിരുന്നു ഇദ്ദേഹം കുറ്റപ്പെടുത്തിയത്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ഇരുവര്‍ക്കുമെതിരെ കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. കാബിനറ്റും എം.പിമാര്‍ക്കെതിരെ തിരിയുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Punjab CM Amarinder Singh has lost mental balance: Congress