| Tuesday, 14th November 2023, 7:50 pm

തോല്‍വിയിലും അവസാനിക്കുന്നില്ല; പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ പതനം; കഴിഞ്ഞ രണ്ടാഴ്ചയില്‍ സംഭവിച്ചത്

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ പാകിസ്ഥാന്‍ പുറത്തായിരുന്നു. ഒമ്പത് മത്സരത്തില്‍ നാല് ജയവും അഞ്ച് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായാണ് പാകിസ്ഥാന്‍ ലോകകപ്പിനോട് വിട പറഞ്ഞത്.

21ാം നൂറ്റാണ്ടില്‍ ഇത് അഞ്ചാം തവണയാണ് പാകിസ്ഥാന്‍ ലോകകപ്പിന്റെ നോക്ക് ഔട്ട് സ്‌റ്റേജില്‍ ഇടം നേടാന്‍ സാധിക്കാതെ പുറത്താകുന്നത്. 2011ല്‍ നടന്ന ലോകകപ്പില്‍ സെമിയില്‍ പ്രവേശിച്ചതൊഴിച്ചുനിര്‍ത്തിയാല്‍ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് ഇക്കഴിഞ്ഞ 23 വര്‍ഷങ്ങളായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചിരുന്നില്ല.

2023 ലോകകപ്പിലെ മോശം പ്രകടനങ്ങളില്‍ പല സംഭവവികാസങ്ങളും പാക് ക്രിക്കറ്റ് ബോര്‍ഡില്‍ സംഭവിച്ചിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്നും പ്രമുഖര്‍ രാജിവെച്ചത് മുതല്‍ ടീമിന്റെ തോല്‍വി വരെ എത്തിനില്‍ക്കുന്നതാണിത്.

ചീഫ് സെലക്ടര്‍ സ്ഥാനത്ത് നിന്നും പാക് ഇതിഹാസ താരം ഇന്‍സമാം ഉള്‍ ഹഖും ബൗളിങ് കോച്ചിന്റെ സ്ഥാനത്ത് നിന്നും മോണി മോര്‍കലുമാണ് രാജി വെച്ചത്.

പാകിസ്ഥാന്റെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകനടങ്ങളിലൊന്ന് പുറത്തെടുത്താണ് ബാബറും സംഘവും ലോകകപ്പിനോട് വിടപറഞ്ഞത്.

ഇതിന് പുറമെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സെലക്ഷന്‍ കമ്മറ്റിയെ പൂര്‍ണമായും പുറത്താക്കിയിരിക്കുകയാണ്. പാകിസ്ഥാന്‍ ടീമിലെ വെട്ടിനിരത്തലിന്റെ ആദ്യ സൂചനകളാണ് പി.സി.ബി നല്‍കിക്കൊണ്ടിരിക്കുന്നത്.

ജി.എന്‍.എമ്മിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ചീഫ് സെലക്ടറുടെ റോളിലേക്ക് മുന്‍ പാക് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രിദിയാകും രംഗത്തെത്തുക.

ബാറ്റിങ് കോച്ചായി ലെജന്‍ഡറി യൂനിസ് ഖാനെയും പി.സി.ബി പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുള്ള ടീമിനെ പുതിയ സെലക്ഷന്‍ കമ്മിറ്റിയാകും തെരഞ്ഞെടുക്കുക എന്നാണ് റിപ്പോര്‍ട്ട്.

ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിയും ത്രിശങ്കുവിലാണ്. ക്രിക്കറ്റ് ബോര്‍ഡ് പാക് നായകനോട് രാജി ആവശ്യപ്പെട്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. അഫ്രിദി പാക് ടീമിന്റെ ചീഫ് സെലക്ടറാവുകയാണെങ്കില്‍ ബാബറിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിനും ഇളക്കം തട്ടിയേക്കും.

ഏഷ്യാ കപ്പടക്കമുള്ള ബിഗ് ഇവന്റുകളില്‍ പാകിസ്ഥാന്റെ പ്രകടനം മോശമായിരുന്നു. എന്നാല്‍ മെന്‍ ഇന്‍ ഗ്രാന്‍ അതില്‍ നിന്നെല്ലാം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: What is happening in Pakistan cricket?

We use cookies to give you the best possible experience. Learn more