| Wednesday, 31st March 2021, 5:19 pm

വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 500ലധികം പേര്‍; മ്യാന്‍മറില്‍ സംഭവിക്കുന്നത്

ഷഫീഖ് താമരശ്ശേരി

ലോക ചരിത്രം കണ്ടതില്‍ വെച്ച് തന്നെ ഏറ്റവും ക്രൂരമായ മനുഷ്യക്കുരുതിയും വംശഹത്യയും പലായനവും നടന്ന രാജ്യമാണ് മ്യാന്‍മര്‍. മ്യാന്‍മറില്‍ നിന്നുള്ള വെടിയൊച്ചകള്‍ ഇപ്പോഴുമവസാനിക്കുന്നില്ല. 500ല്‍പരം പൗരന്മാരെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മ്യാന്‍മര്‍ സൈന്യം നിഷ്ഠൂരമായ കൂട്ടക്കൊലക്ക് ഇരയായിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നവരെ പോലും ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങളുമുണ്ടായി. 3000 ത്തോളം പേര്‍ ഇപ്പോള്‍ തന്നെ ജീവന്‍ രക്ഷാര്‍ത്ഥം അതിര്‍ത്തി രാജ്യമായ തായ്‌ലന്‍ഡിലേക്ക് പലായനം ചെയ്തിട്ടുണ്ട്. മ്യാന്‍മറില്‍ ഇപ്പോഴും അരക്ഷിതാവസ്ഥകള്‍ തുടരുകയാണ്.

2020 നവംബര്‍ എട്ടിന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 80 ശതമാനം വോട്ടുകള്‍ നേടി മ്യാന്‍മറില്‍ വീണ്ടും അധികാരമുറപ്പിച്ച നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി എന്ന ഓങ് സാന്‍ സ്യൂചിയുടെ പാര്‍ട്ടി ഭരണത്തില്‍ കയറാനിരിക്കെ 2021 ഫെബ്രുവരി ഒന്നിന് മ്യാന്‍മര്‍ സൈന്യം ചില അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ചുമതലയേല്‍ക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഓങ് സാന്‍ സൂചിയെ സൈന്യമേധാവി മിങ് ഓന്‍ ഹ്ളെയിങും സംഘവും ചേര്‍ന്ന് തടവിലിട്ടു. പട്ടാളം മ്യാന്‍മറിന്റെ അധികാരം പിടിച്ചെടുത്തു. അടുത്ത ഒരു വര്‍ഷത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

മിങ് ഓന്‍ ഹ്‌ളെയിങ്‌

പട്ടാളനടപടിക്കെതിരായി രാജ്യത്തിന്റെ പലഭാഗങ്ങളിലും ജനകീയപ്രക്ഷോഭങ്ങളാരംഭിച്ചതോടെ പ്രതിഷേധിക്കുന്നവരെയെല്ലാം ചോരയില്‍ മുക്കിക്കൊല്ലുന്ന ഭീകരനടപടിയുമായി സൈന്യം മുന്നോട്ടുവന്നു. ദിനംപ്രതി അനേകം പേരെ മ്യാന്‍മര്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കൊളോണിയല്‍ ഭരണകാലം മുതല്‍ ജനാധിപത്യത്തിന് വേണ്ടി നിലവിളിക്കുന്ന ഒരു ജനത ഇന്നും പട്ടാളബൂട്ടുകള്‍ക്കടിയില്‍ ഞെരിഞ്ഞമരുന്ന കാഴ്ചയാണ് മ്യാന്‍മറില്‍ കാണുന്നത്.

പതിറ്റാണ്ടുകള്‍ നീണ്ട സൈനികാധിപത്യത്തിന്റെ ക്രൂരതകള്‍ സഹിച്ചുമടുത്ത മ്യാന്മര്‍ ജനത ഇനിയുമൊരു പീഡനകാലം സഹിക്കവയ്യാത്തതിനാല്‍ എല്ലാം വിട്ടെറിഞ്ഞുകൊണ്ടുള്ള പലായനവും ആരംഭിച്ചിരിക്കുകയാണ്. മ്യാന്‍മറില്‍ നേരത്തെ നടന്ന റോഹിങ്ക്യന്‍ വംശഹത്യ കാലത്ത് റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് അഭയം നല്‍കിയ ബംഗ്ലാദേശ്, തായ്‌ലാന്‍ഡ് പോലുള്ള രാജ്യങ്ങള്‍ ഇനിയും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളിലാണ്.

ഓങ് സാന്‍ സ്യൂചി

ആഗോള രാജ്യങ്ങളില്‍ നിന്ന് നിരവധി എതിര്‍പ്പുകള്‍ മ്യാന്‍മര്‍ സൈന്യത്തിനെതിരെ ഉയര്‍ന്നുവന്നിട്ടും അത് മുഖവിലയ്‌ക്കെടുക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. പ്രകടനങ്ങള്‍ അടിച്ചമര്‍ത്തുകയും പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ മ്യാന്‍മര്‍ സൈന്യം അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടെറസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മ്യാന്മറിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ഒരു പ്രതികരണവും ഇല്ല.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നവരെപ്പോലും ആക്രമിച്ച സംഭവങ്ങളെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ശക്തിയായി അപലപിക്കുകയുണ്ടായി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ പുനഃസ്ഥാപിക്കുന്നതുവരെ മ്യാന്മറുമായുള്ള എല്ലാ വ്യാപാരക്കരാറുകളും അമേരിക്ക റദ്ദ് ചെയ്യുകയും ചെയ്തു. യൂറോപ്യന്‍ യൂണിയന്റെ വിദേശനയ മുഖ്യന്‍ ജോസഫ് സോറനും മ്യാന്‍മറിനെതിരെ രംഗത്ത് വന്നിരുന്നു. മ്യാന്‍മറില്‍ ഏതാനും ദിവസം മുമ്പ് പട്ടാള ഭരണകൂടം നടത്തിയ സായുധസേന ദിനാചരണം ഭീതിയുടെയും നാണക്കേടിന്റെയും ദിനമായിരുന്നുവെന്നാണ് ജോസഫ് സോറന്‍ പ്രതികരിച്ചത്.

എന്നാല്‍ ഇതേസമയം ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ മ്യാന്‍മര്‍ സൈന്യത്തിന് പരോക്ഷ പിന്തുണ നല്‍കി എന്നതാണ് ഏറെ ഖേദകരമായ മറ്റൊരു കാര്യം. സൈന്യത്തിന്റെ ക്രൂരതകള്‍ക്കെതിരായുള്ള ജനകീയ പ്രക്ഷോഭം മൂര്‍ധന്യത്തിലെത്തിനില്‍ക്കെ, പട്ടാളനേതൃത്വം നടത്തിയ തുടര്‍വെടിവെപ്പുകള്‍ക്കും കൊലപാതകങ്ങള്‍ക്കുമിടയിലാണ് മ്യാന്മര്‍ സൈന്യം അവിടെ സായുധസേനദിനം ആഘോഷിച്ചത്. ഇന്ത്യയും ചൈനയും റഷ്യയും പാകിസ്താനും ബംഗ്ലാദേശും അടക്കം എട്ടോളം രാജ്യങ്ങള്‍ ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.
ഒരു രാജ്യത്തെ ഭരണകൂടം അവിടുത്തെ ജനതയെ കൂട്ടക്കൊല നടത്തിക്കൊണ്ടിരിക്കുന്നത് ആഗോളമാസകലം ചര്‍ച്ചയാകുന്നതിനിടയിലും ആ ഭരണകൂടത്തിന്റെ ആഘോഷങ്ങളില്‍ ഭാഗമാകുന്നത് ആ കൂട്ടക്കൊലയില്‍ ഭാഗമാകുന്നതിന് തുല്യമാണ്.

ഈ ലോകത്തില്‍ യഥാര്‍ത്ഥത്തില്‍ ഒരു തുറങ്കേ ഉള്ളൂ.. അത് ഭീതിയുടേതാണ്. ഒരേയൊരു സ്വാതന്ത്ര്യമേ ഉള്ളൂ അത് ഭീതിയില്‍ നിന്നുള്ളതാണ് എന്നാണ് ദീര്‍ഘകാലം പട്ടാളത്തിന്റെ തടവില്‍ കഴിഞ്ഞ, ജനാധിപത്യത്തിന്റെ രാഷ്ട്രമാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓങ് സാന്‍ സ്യൂചി ലോകത്തോട് പറഞ്ഞത്. മ്യാന്‍മര്‍ ജനതയുടെ ജനാഭിലാഷ പ്രകാരം ജനാധിപത്യപരമായി രാജ്യത്തിന്റെ പരമാധികാരിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും തന്റെ 75ാമത്തെ വയസ്സില്‍ ഓങ് സാന്‍ സ്യൂചി ഇപ്പോഴും തടവിലാണ്.

ദീര്‍ഘകാലം പട്ടാളത്തിന്റെ അടിച്ചമര്‍ത്തലുകളില്‍ ഞെരിഞ്ഞമര്‍ന്ന ഒരു രാജ്യത്ത് ഓങ്‌സാന്‍ സൂചിയും മ്യാന്മര്‍ ജനതയും പൊരുതിനേടിയെടുത്ത ഭാഗികമായ ജനാധിപത്യാവകാശങ്ങള്‍പോലും ഇത്രയും ഭീകരമായി അട്ടിമറിക്കപ്പെടുമ്പോള്‍ അതിനെതിരെ ആഗോള ചെറുത്തുനില്‍പ്പുകള്‍ ഉയരേണ്ടത് അനിവാര്യമാണ്. അവര്‍ വെടിവെക്കുമെന്നുറപ്പുണ്ടായിട്ടും നിശ്ചയദാര്‍ഡ്യത്തോടെ പട്ടാളത്തിന്റെ തോക്കിന്‍കുഴലിന് മുന്നിലേക്ക് നടന്നുനീങ്ങുന്ന മ്യാന്‍മറിലെ വിപ്ലവകാരികള്‍ ജനാധിപത്യത്തിന്റെ രക്തസാക്ഷികളാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Myanmar Protesters killed by military

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more