കശ്മീരില്‍ എന്താണ് സംഭവിക്കുന്നത്, മുഹമ്മദ് യൂസഫ് തരിഗാമി എഴുതുന്നു
Discourse
കശ്മീരില്‍ എന്താണ് സംഭവിക്കുന്നത്, മുഹമ്മദ് യൂസഫ് തരിഗാമി എഴുതുന്നു
മുഹമ്മദ് യൂസഫ് തരിഗാമി
Thursday, 6th August 2020, 8:08 pm

ജമ്മു കശ്മീരിനെ എഴുപതാണ്ട് സ്വതന്ത്ര ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി നിലനിര്‍ത്തിയ ഭരണഘടനയുടെ 370-ാം അനുച്ഛേദം ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കിയിട്ട് ബുധനാഴ്ച ഒരു വര്‍ഷമാകുന്നു. ഇവിടത്തെ ജനങ്ങള്‍ അനുഭവിച്ചുവന്ന പ്രത്യേക ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് 35 എ അനുച്ഛേദം എടുത്തുകളഞ്ഞതും 2019 ആഗസ്ത് അഞ്ചിനാണ്. കശ്മീര്‍ ജനതയെയും രാജ്യത്തെയും അരക്ഷിതാവസ്ഥയിലേക്കും അശാന്തിയിലേക്കും നയിച്ച വഞ്ചനാപരമായ ഈ തീരുമാനത്തിനു പിന്നില്‍ ബി.ജെ.പിയുടെ സങ്കുചിത രാഷ്ട്രീയ അജന്‍ഡ മാത്രമായിരുന്നു. അതിര്‍ത്തി സംസ്ഥാനത്തെ രണ്ടാക്കി വെട്ടിമുറിച്ച് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലാക്കി ഒരു വര്‍ഷം പിന്നിടുമ്പോഴും പ്രഖ്യാപനങ്ങള്‍ ഒന്നും യാഥാര്‍ഥ്യമായില്ല. തടങ്കല്‍ പാളയത്തിലെന്നപോലെ കഴിയുന്ന ജനങ്ങളുടെ ജീവിതദുരിതം ഇരട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍.

ജമ്മു കശ്മീരിലെ ജനങ്ങള്‍ മുസ്ലിം രാഷ്ട്രമായ പാകിസ്ഥാനോടൊപ്പം നില്‍ക്കാതെ ഇന്ത്യയോടൊപ്പം നിന്നത് വെറും കൂട്ടിച്ചേര്‍ക്കല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നില്ല. ഇന്ത്യ ഒരു മതനിരപേക്ഷ, ജനാധിപത്യ, ബഹുസ്വരത നിലനിര്‍ത്തുന്ന രാഷ്ട്രമായി നിലകൊള്ളുമെന്ന പ്രഖ്യാപനവും ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് പ്രത്യേക പദവിയും പരമാവധി സ്വയംഭരണവും ഉറപ്പുനല്‍കിയതുകൊണ്ടാണ് യൂണിയന്റെ ഭാഗമായത്.

ഈ വാഗ്ദാനങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം 370ലും ജമ്മു കശ്മീരിന്റെ ഭരണഘടനയിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത് ഭരണഘടനാ ബാധ്യതയാണ്. ഈ ബാധ്യത നിറവേറ്റിയില്ലെങ്കില്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായിക്കൊണ്ടുള്ള കരാര്‍ വ്യര്‍ഥമാകും. നിര്‍ഭാഗ്യവശാല്‍ പതിറ്റാണ്ടുകളായി ഭരണഘടന നല്‍കുന്ന ഈ ഉറപ്പിനെ അധികൃതര്‍ കാര്‍ന്നുതിന്നുകയായിരുന്നു. ഇത് ജമ്മു കശ്മീര്‍ ജനതയുടെ മനസ്സില്‍ അന്യവല്‍ക്കരണം ശക്തിപ്പെടുത്തി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഒപ്പം നിന്നതില്‍ എതിര്‍ക്കുന്നവര്‍ ജനങ്ങളുടെ അസംതൃപ്തിയെ ചൂഷണം ചെയ്ത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയായിരുന്നു. 1990കള്‍ മുതല്‍ കശ്മീര്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്.

കഴിഞ്ഞ ആഗസ്ത് അഞ്ച് ജമ്മു കശ്മീരിനെ സംബന്ധിച്ച് ഇരുണ്ട ദിനമായി മാറി. മുന്‍ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, രാഷ്ട്രീയപാര്‍ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ തടങ്കലിലാക്കി. യഥാര്‍ഥത്തില്‍ കശ്മീര്‍ താഴ്വരയെ മുഴുവന്‍ വലിയൊരു ജയിലാക്കി മാറ്റിക്കൊണ്ടാണ് ഭരണഘടന ഉറപ്പുനല്‍കിയ അവകാശങ്ങള്‍ കവര്‍ന്നെടുത്തത്. വിപുലമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ച് എല്ലാവിധ വാര്‍ത്താവിനിമയ സംവിധാനങ്ങളും അടച്ചിട്ടു. അമിതാധികാര വാഴ്ചയുടെ അപകടകരമായ അരങ്ങേറ്റമായിരുന്നു അന്ന് പാര്‍ലമെന്റിലും കണ്ടത്. ജമ്മു കശ്മിരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദം 370 ഭരണഘടനാവിരുദ്ധമായി എടുത്തുകളഞ്ഞു. ഇതോടൊപ്പം ജമ്മു കശ്മീര്‍ പുനഃസംഘടന ആക്ട് 2019ലൂടെ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കിയത് കശ്മീര്‍, ജമ്മു, ലഡാക്ക് എന്നീ മേഖലകളിലെ ജനങ്ങള്‍ക്ക് വലിയ ആഘാതമായി.

ലോകവും രാജ്യവും ജമ്മു കശ്മീരും കോവിഡ് മഹാമാരിയില്‍പ്പെട്ട് ഉഴലുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യവിരുദ്ധ മാര്‍ഗത്തിലൂടെയും ഏകപക്ഷീയമായും പുതിയ സ്ഥിരതാമസക്കാര്‍ക്കായി ചട്ടങ്ങള്‍ ഉണ്ടാക്കി. ഈ മേഖലയിലെ ജനങ്ങള്‍ ഇതുവരെ അനുഭവിച്ചിരുന്ന അവകാശം എടുത്തുകളഞ്ഞിരിക്കുകയാണ് ഇതിലൂടെ. പുതിയ വ്യവസ്ഥകളിലൂടെ മേഖലയുടെ ജനസംഖ്യാനുപാതം തന്നെ മാറ്റിമറിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കശ്മീര്‍ ജനതയുടെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുകയാണ് ഇതിലൂടെ.

സംസ്ഥാനത്തിന്റെ പ്രത്യേകപദവി എടുത്തുകളയുന്നതുവരെ ഭരണഘടനയിലെ 35എ അനുച്ഛേദം പ്രകാരം സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ ആരാണെന്ന് നിര്‍വചിക്കാനുള്ള അധികാരം ജമ്മു കശ്മീര്‍ നിയമസഭയ്ക്കായിരുന്നു. സ്ഥിരതാമസക്കാര്‍ക്ക് മാത്രമേ ജോലിക്ക് അപേക്ഷിക്കാനും സ്ഥാവരസ്വത്തുകള്‍ സ്വന്തമാക്കാനും അവകാശമുണ്ടായിരുന്നുള്ളൂ. കശ്മീര്‍ താഴ്വരയിലെ ജനങ്ങള്‍ മാത്രമല്ല, ജമ്മു, ലഡാക്ക് മേഖലയിലെ ജനങ്ങളും പുതിയ സ്ഥിരതാമസ നിയമത്തില്‍ ആശങ്കാകുലരാണ്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കേന്ദ്രനിയമവും ഇവിടെ ബാധകമാക്കിയിരിക്കുകയാണ്. ഇത് ജനങ്ങളുടെ ഇടയിലെ അസംതൃപ്തി ശക്തിപ്പെടുത്തും.

ജമ്മു കശ്മീരിലെ ജനാധിപത്യം പൂര്‍ണമായും ഇല്ലാതാക്കി പൗരാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും അടിച്ചമര്‍ത്തി എന്നതൊഴിച്ചാല്‍ 370 അനുച്ഛേദം എടുത്തുകളഞ്ഞതിലുടെ മറ്റ് നേട്ടങ്ങളൊന്നുമുണ്ടായില്ല. യു.എ.പി.എ, പൊതുസുരക്ഷാ നിയമം തുടങ്ങിയ കരിനിയമങ്ങള്‍ പക്ഷപാതപരമായി നടപ്പാക്കുന്നതിലൂടെ ജനങ്ങളുടെ, പ്രത്യേകിച്ച് യുവാക്കളുടെ ജീവിതം ദുരിതപൂര്‍ണമായി. സുരക്ഷാസേനയെ ആശ്രയിച്ച് സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിലൂടെ കശ്മീരിലെ ജനങ്ങളും ഇന്ത്യന്‍ യൂനിയനും തമ്മിലുള്ള ബന്ധം വഷളാക്കുകയാണ്.

സംസ്ഥാനത്തിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും പ്രഖ്യാപിച്ചത് ഇത് മേഖലയുടെ വികസനത്തിന് ആക്കംകൂട്ടുമെന്നാണ്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എന്ത് വികസനമാണ് ഇവിടെ ഉണ്ടായതെന്ന് വ്യക്തമാക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ട നിക്ഷേപം എവിടെ, തൊഴില്‍ സാധ്യത എവിടെ എന്നതിന് ഉത്തരമില്ല. പുതിയ വികസനമോ തൊഴിലവസരങ്ങളോ സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല, നിലവില്‍ ദിവസവേതനത്തിനും താല്‍ക്കാലികമായി ജോലി ചെയ്യുന്നവര്‍ക്കും വിവിധ പദ്ധതിതൊഴിലാളികള്‍ക്കും മാസങ്ങളായി അര്‍ഹതപ്പെട്ട വേതനം നല്‍കുന്നില്ല.

ആറ് വര്‍ഷമായി ബിജെപി സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ വികസനത്തെ കുറിച്ചാണ് പറയുന്നത്. എന്നാല്‍, റംബാന്‍ മുതല്‍ റംസു വരെയുള്ള ദേശീയപാതയുടെ അറ്റകുറ്റപ്പണിപോലും നടത്താന്‍ ഇതുവരെ കേന്ദ്രത്തിന് സാധിച്ചിട്ടില്ല. ജനങ്ങള്‍ക്ക് അടിസ്ഥാന ജീവനോപാധികള്‍ ലഭ്യമാക്കുന്നതില്‍ ജമ്മു കശ്മീര്‍ ഭരണകൂടം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്.

ഒരു വര്‍ഷത്തിനിടയില്‍ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക മേഖലകളിലെ തിരിച്ചടി വളരെ ഗുരുതരമാണ്. ഒരു വര്‍ഷത്തെ അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള കാലയളവ് താഴ്വരയുടെ സമ്പദ്വ്യവസ്ഥയെ പൂര്‍ണമായും തകര്‍ത്തു. 40,000 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കശ്മീര്‍ ചേംബര്‍ ഓഫ് കോമേഴ്സ് വിലയിരുത്തിയിരിക്കുന്നു. ജമ്മുവിലെ സ്ഥിതിയും വ്യത്യസ്തമല്ല. സ്വകാര്യമേഖലയില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ജമ്മു കശ്മീരിലെ തൊഴില്‍രഹിതനിരക്ക് ദേശീയ ശരാശരിയേക്കാള്‍ രണ്ടിരട്ടിയാണ്. വിനോദസഞ്ചാരം, ഗതാഗതം, കരകൗശല മേഖലകളും കൃഷിയും അനുബന്ധമേഖലകളും കടുത്ത തകര്‍ച്ചയിലാണ്.

ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ സാമ്പത്തിക ദുരിതത്തിലാണ്. കഴിഞ്ഞ ആഗസ്ത് അഞ്ചുമുതല്‍ സംസ്ഥാനത്തെ ടൂറിസം മേഖല പൂര്‍ണമായൂം നിശ്ചലമായി. ഇത് കരകൗശല വിപണിയെയും നിശ്ചലമാക്കി. സംസ്ഥാനത്തിലെ നദികളില്‍നിന്ന് മണല്‍ വാരുന്നതുള്‍പ്പെടെയുള്ള ഖനന കരാറുകള്‍ പുറത്തുള്ളവര്‍ക്ക് നല്‍കുന്നതും വലിയ തിരിച്ചടിയാണ്. പ്രദേശത്തെ ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായൂം പുനഃസ്ഥാപിക്കാത്തത് ഏറ്റവും വലിയ ആഘാതമായി. മണല്‍വാരല്‍ ഉള്‍പ്പെടെയുള്ള ടെന്‍ഡറുകളില്‍ പങ്കെടുക്കേണ്ടത് ഓണ്‍ലൈനായാണ്. ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ ഈ പ്രദേശത്തുകാര്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല.

മുഹമ്മദ് യൂസഫ് തരിഗാമി

4ജി സംവിധാനം തുടര്‍ച്ചയായി വിച്ഛേദിച്ചിരിക്കുന്നതുമൂലം വിദ്യാര്‍ഥികളും മറ്റ് ഉദ്യോഗാര്‍ഥികളും ഏറെ പ്രയാസത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ പഠനത്തിന് ഇപ്പോള്‍ ഓണ്‍ലൈന്‍ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് ഇവിടത്തെ ഭരണസംവിധാനം. ഡിജിറ്റല്‍ ഇന്ത്യയിലൂടെ എല്ലാവര്‍ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുമ്പോള്‍ ഒരു മേഖലയിലെ ജനങ്ങള്‍ക്ക് 4ജി സംവിധാനം നിഷേധിക്കുന്നത് വിരോധാഭാസമാണ്. ജൂണില്‍ തയ്യാറാക്കിയ പുതിയ മാധ്യമനയത്തിലൂടെ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടാനാണ് ശ്രമിക്കുന്നത്. ഇത് മാധ്യമപ്രവര്‍ത്തകരില്‍ ഏറെ പ്രയാസം സൃഷ്ടിക്കും. മാധ്യമസ്വാതന്ത്ര്യത്തില്‍ സര്‍ക്കാരിന് നേരിട്ട് ഇടപെടാനുള്ള ലക്ഷ്യത്തോടെയാണ് മാധ്യമനയം തയ്യാറാക്കിയിരിക്കുന്നത്. വിമര്‍ശിക്കുന്നവരുടെ വായ മൂടുകയാണ് ഉദ്ദേശ്യം. അപ്രഖ്യാപിത സെന്‍സര്‍ഷിപ്പിന് തുല്യമാണിത്.

തീവ്രവാദികളെന്ന് ആരോപിച്ച് വെടിവച്ചുകൊല്ലുന്നവരുടെ മൃതദേഹംപോലും കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നില്ല. കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മത്തിന് അവസരം നല്‍കാതെ നിയമവിരുദ്ധമായി വിദൂരപ്രദേശങ്ങളില്‍ ഇത്തരത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതോടെ തീവ്രവാദം അവസാനിപ്പിക്കാനാകുമെന്നായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍, അടുത്തകാലത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ താഴ്വരയില്‍ വര്‍ധിച്ചിരിക്കുകയാണ്. നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നിരവധി യുവാക്കള്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ ചേരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റവും വര്‍ധിച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷം തുടര്‍ന്നുകൊണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഭരണം ഏറ്റെടുത്തിട്ടും തീവ്രവാദം അമര്‍ച്ച ചെയ്യാനായിട്ടില്ല.

കശ്മീര്‍ ജനതയെയും രാജ്യത്തെയും അരക്ഷിതാവസ്ഥയിലേക്കും അശാന്തിയിലേക്കും നയിക്കുന്ന വഞ്ചനാപരമായ തീരുമാനമാണ് യഥാര്‍ഥത്തില്‍ ഒരു വര്‍ഷംമുമ്പ് നടപ്പാക്കിയത്. ബി.ജെ.പിയുടെ സങ്കുചിത രാഷ്ട്രീയ അജന്‍ഡയാണ് നടപ്പില്‍ വരുത്തിയത്. ജനങ്ങളെ വിശ്വാസത്തിലെടുത്തും മതനിരപേക്ഷതയെ വിലമതിച്ചും മാത്രമേ കശ്മീരിന്റെ മുറിവുണക്കാനാകുകയുള്ളൂ. ഇത് മതനിരപേക്ഷ, ജനാധിപത്യശക്തികള്‍ തിരിച്ചറിയേണ്ടതാണ്.

കടപ്പാട്: ദേശാഭിമാനി

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: What is Happening in Kashmir, Mohammed Yousuf Tarigami Writes

മുഹമ്മദ് യൂസഫ് തരിഗാമി
സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം, ജമ്മു കശ്മീരിലെ മുന്‍ എം.എല്‍.എ