ഫ്രാന്‍സില്‍ നടക്കുന്ന പ്രക്ഷോഭങ്ങളിലേക്കാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഒരു ഭാഗത്ത് ഫ്രഞ്ച് ഭരണകൂടം. മറുഭാഗത്ത് ഇസ്ലാമിക ഗ്രൂപ്പുകള്‍. ഫ്രാന്‍സിലെ ഒരു സാധാരണ ചരിത്രാധ്യാപകനായ സാമുവല്‍ പാറ്റി തന്റെ ക്ലാസ് മുറിയില്‍വെച്ച് പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചുള്ള ഒരു കാര്‍ട്ടൂണ്‍ കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തു.
ഇത് വിവാദമായതിനെത്തുടര്‍ന്ന് തീവ്ര ഇസ്‌ലാമിക ഗ്രൂപ്പുകള്‍ അദ്ദേഹത്തെ കഴുത്തറുത്ത് കൊലപ്പെടുത്തി. പിന്നീട് ഫ്രാന്‍സില്‍ അരങ്ങേറിയത് സംഘര്‍ഷഭരിതമായ സാഹചര്യങ്ങളാണ്.
പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഫ്രാന്‍സിലെ പ്രമുഖ മാഗസിന്‍ ഷാര്‍ലെ ഹെബ്ദോയ്ക്ക് നേരെ 2015ല്‍ ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഫ്രാന്‍സില്‍ നടന്ന പ്രക്ഷോഭങ്ങളെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പാരീസ് നഗരം സാക്ഷ്യം വഹിച്ചത്.
ഇതിനിടയില്‍ നൈസ് നഗരത്തിലെ ഒരു ചര്‍ച്ചില്‍ ഇസ്ലാമിസ്റ്റുകള്‍ നടത്തിയ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഫ്രാന്‍സില്‍ തീവ്ര ഇസ്‌ലാമിക ഗ്രൂപ്പുകളും ഫ്രാന്‍സ് ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമായി മാറി. ഒരേസമയം അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിഷേധ സ്വരങ്ങള്‍ക്കൊപ്പം തന്നെ കുടിയേറ്റ വിരുദ്ധത, മുസ്‌ലിം വിരുദ്ധത തുടങ്ങിയവും അലയടിക്കുന്നു എന്നതാണ് നിലവില്‍ ഫ്രാന്‍സിലെ പ്രതിഷേധങ്ങളെ സങ്കീര്‍ണമാക്കുന്നത്. എന്താണ് ഫ്രാന്‍സില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഡൂള്‍ എക്്‌സ്പ്ലയിനര്‍ വിശദീകരിക്കുന്നു.
ഫ്രാന്‍സില്‍ ഇതുവരെ നടന്നത്
സെപ്തംബര്‍ ഒന്ന്
2015ല്‍ ഷാര്‍ലെ ഹെബ്ദോ മാഗസിനു നേരെ നടന്ന ഭീകരാക്രമണത്തിലെ പ്രതികളുടെ വിചാരണ ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ അന്ന് വിവാദമായ പ്രവാചകന്റെ കാര്‍ട്ടുണ്‍ പുനപ്രസിദ്ധീകരിക്കുമെന്ന് ഷാര്‍ലെ ഹെബ്ദോ മാഗസിന്‍ അറിയിക്കുന്നു.
വിഷയത്തിന്റെ പേരില്‍ മുന്‍പ് നിരവധി സംഘര്‍ഷങ്ങള്‍ ഫ്രാന്‍സില്‍ ഉണ്ടായിട്ടുണ്ടെങ്കിലും കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിക്കുന്നത് മാഗസിനുമായി ബന്ധപ്പെട്ട വിഷയമാണ്, അഭിപ്രായ സ്വതന്ത്ര്യത്തില്‍ താന്‍ ഇടപെടില്ല എന്ന നിലപാടായിരുന്നു ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന്റേത്.
ഒരു മാധ്യമ സ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ തീരുമാനത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല, അത് മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ് എന്നായിരുന്നു മാക്രോണ്‍ വ്യക്തമാക്കിയത്.
സെപ്തംബര്‍ 25
2020 സെപ്തംബര്‍ 25 ന് വീണ്ടും ഷാര്‍ലെ ഹെബ്ദോ മാഗസിനു നേരെ ആക്രമണം നടന്നു. 2015ല്‍ ആക്രമണം നടന്നിടത്തു തന്നെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ പാകിസ്താന്‍ വംശജനായ യുവാവ് കസ്റ്റഡിയിലാകുകയും ചെയ്തു.
ഒക്ടോബര്‍ 2
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഇസ്‌ലാം ആഗോള തലത്തില്‍ പ്രതിസന്ധി നേരിടുകയാണ് എന്നു പറഞ്ഞു. ഇത് മുസ്‌ലിം രാഷ്ട്രങ്ങളില്‍ മാക്രോണിനെതിരായി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.
ഇസ്ലാമിക് റാഡിക്കലിസത്തില്‍ നിന്നും ഫ്രഞ്ചിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കാന്‍ പുതിയ നിയമ നിര്‍മ്മാണുള്‍പ്പെടെ നടത്തുമെന്നും മാക്രോണ്‍ അന്ന് വ്യക്തമാക്കിയിരുന്നു. 1905 ലെ നിയമത്തെ ശക്തിപ്പെടുത്താന്‍ ഡിസംബറില്‍ പുതിയ ബില്ലവതരിപ്പിക്കുമെന്നും മാക്രോണ്‍ പറഞ്ഞു.
ഓക്ടോബര്‍ 16
പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചുള്ള വിവാദ കാര്‍ട്ടൂണ്‍ ക്ലാസ്മുറിയില്‍ കാണിച്ച 47കാരനായ ചരിത്രാധ്യാപകന്‍ സാമുവല്‍ പാറ്റിയെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇസ്ലാമിസ്റ്റ് ഭീകരവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി.
ഒക്ടോബര്‍ 20
സാമുവല്‍ പാറ്റിയുടെ കൊലപാതകത്തിന് പിന്നാലെ ശക്തമായ നടപടികളിലേക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നീങ്ങി. ഇതിന്റെ ഭാഗമായി പാരിസീലെ ഒരു പ്രമുഖ മസ്ജിദ് അധികൃതര്‍ അടച്ചുപൂട്ടി. പാരീസിലെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഈ മസ്ജിദിലെ അധികൃതര്‍ കൊല്ലപ്പെട്ട അധ്യാപകനെ വിമര്‍ശിച്ചുകൊണ്ട് വീഡിയോ ഇറക്കിയിരുന്നു.
ഒക്ടോബര്‍ 22
കൊല്ലപ്പെട്ട ചരിത്രാധ്യാപകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാരീസിലെ തെരുവുകളില്‍ പ്രതിഷേധങ്ങളിരമ്പി. പതിനായിരങ്ങള്‍ തെരുവുകളില്‍ സംഘടിച്ചു. നിശബ്ദനായ ഹീറോ എന്നാണ് ഇമ്മാനുവല്‍ മാക്രോണ്‍ സാമുവല്‍ പാറ്റിയെ വിശേഷിപ്പിച്ചത്.
നമ്മള്‍ ഒരിക്കലും കാര്‍ട്ടൂണുകള്‍ ഉപേക്ഷിക്കില്ലെന്നും ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി. ആദരസൂചകമായി സാമുവല്‍ പാറ്റിക്ക് ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ ബഹുമതിയും ഇമ്മാനുവല്‍ മാക്രോണ്‍ നല്‍കി.
ഫ്രാന്‍സിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കായുള്ള പോരാട്ടത്തിനുള്ള ആദരവാണ് പുരസ്‌കാരമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നമ്മുടെ ഭാവി ഇസ്‌ലാമിസ്റ്റുകള്‍ക്ക് വേണമെന്നതിനാലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. പക്ഷേ അതൊരിക്കലും അവര്‍ക്ക് ലഭിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 24
ഫ്രഞ്ച് ഭരണകൂടവും ഇസ്‌ലാമിക രാജ്യങ്ങളും തമ്മില്‍ തര്‍ക്കം മുറുകി. ബോയ്‌കോട്ട് ഫ്രാന്‍സ് ക്യാമ്പയിന്‍ ഇസ്‌ലാമിക രാജ്യങ്ങളില്‍ ശക്തമായി. തുര്‍ക്കിയുടെ പ്രസിഡന്റ് റജബ് തയിബ് എര്‍ദോഗാന്‍ ബോയ്‌കോട്ട് ഫ്രാന്‍സ് ക്യാമ്പയിന് പിന്തുണ നല്‍കി നിരവധി ട്വീറ്റുകളും രേഖപ്പെടുത്തി. പ്രതിഷേധം പാകിസ്താന്‍, ബംഗ്ലാദേശ്, ഫലസ്തീന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, തുടങ്ങിയ രാജ്യങ്ങളിലും അലയടിച്ചു.
ഒക്ടോബര്‍ 29
ഒക്ടോബര്‍ 29 ന് നൈസ് നഗരത്തിലെ ചര്‍ച്ചില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പട്ടു. ടുണീഷ്യയില്‍ നിന്ന് ഫ്രാന്‍സിലെത്തിയ അക്രമി മൂന്ന് പേരെ കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ ഫ്രാന്‍സില്‍ സംഘര്‍ഷാവസ്ഥ വീണ്ടും രൂക്ഷമായി.
യൂറോപ്യന്‍ രാജ്യങ്ങള്‍ തീവ്ര മുസ്ലിം ഗ്രൂപ്പുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി.
ഷാര്‍ലെ ഹെബ്ദോയില്‍ നിന്ന് വീണ്ടും തുടങ്ങിയ വിവാദങ്ങള്‍
2015 ജനുവരി ഏഴിന് ഷാര്‍ലെ ഹെബ്ദോ മാഗസിനിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ ഏഴ് ജീവനക്കാരുള്‍പ്പെടെ പന്ത്രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അല്‍ ഖ്വയ്ദയുടെ അറേബ്യന്‍ ഉപമേഖലയിലെ ശാഖ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഫ്രാന്‍സ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്‌ലാമോഫോബിയ വര്‍ധിച്ചതില്‍ പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു ഷാര്‍ലെ ഹെബ്ദോ കൂട്ടക്കൊല.
ഷാര്‍ലെ ഹെബ്ദോ ആക്രമണം നടത്തിയ സെയ്ദ്, ഷരീഫ് എന്നീ സഹോരങ്ങളായ പ്രതികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സംഭവത്തിനു പിന്നാലെ ആഴ്ചകളോളം നീണ്ട സംഘര്‍ഷത്തില്‍ 17 പേര്‍ കൂടി കൊല്ലപ്പെട്ടു.
ഫ്രാന്‍സിനെ പിടിച്ചു കുലുക്കിയ ഈ സംഭവത്തിനു ശേഷം വീണ്ടും ഭീകരാക്രമണങ്ങള്‍ രാജ്യത്ത് നടന്നിരുന്നു. 2016 ല്‍ 86 പേരുടെ മരണത്തിനിടയാക്കിയ ഐ.എസ് ഭീകരരുടെ ട്രക്ക് ആക്രമണം ഇതിനുദാഹരണമാണ്. 456 പേര്‍ക്ക് ആ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഫ്രാന്‍സിന്റെ ദേശീയ ദിനമായ ജൂലൈ 14 ന് ആഘോഷം നടത്തുന്ന ആള്‍ക്കൂട്ടത്തിലേക്ക് ഐ.എസ് അനുഭാവിയായ ഒരാള്‍ ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സിറിയന്‍ ആഭ്യന്തര സംഘര്‍ഷകാലത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഐ.എസിലേക്ക് ചേര്‍ന്ന യൂറോപ്യന്‍ രാജ്യവും ഫ്രാന്‍സ് ആയിരുന്നു.
ഈ സാഹചര്യത്തില്‍ അക്രമങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന തരത്തില്‍ വീണ്ടും കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാനുള്ള നീക്കത്തെ ഇമ്മാനുവല്‍ മാക്രോണ്‍ ചെറുക്കാത്തതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ രൂപപ്പെട്ടിരുന്നു. എന്നാല്‍ ഫ്രാന്‍സിന്റെ ഭരണഘടനാ മൂല്യങ്ങളെ സംബന്ധിച്ചിടത്താളം മാക്രോണിന്റെ നടപടി തെറ്റല്ലെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളാണ് താന്‍ നടത്തുന്നത് എന്നാണ് മാക്രോണ്‍ ആവര്‍ത്തിക്കുന്നത്.
വിഷയത്തില്‍ മാക്രോണിന്റെ നിലപാട്
വിവാദങ്ങള്‍ കടുത്തതിന് പിന്നാലെ ഫ്രാന്‍സ് എതിര്‍ക്കുന്നത് ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെയാണ് അല്ലാതെ ഇസ്‌ലാം മതത്തെയല്ലെന്ന നിലപാടാണ് ഫ്രഞ്ച് പ്രസിഡന്റ് ഏറ്റവും ഒടുവില്‍ അല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
ഭീകരാക്രമണങ്ങള്‍ തങ്ങളുടെ 300ലധികം വരുന്ന പൗരന്മാരുടെ ജീവനെടുത്തെന്നും ഫ്രാന്‍സ് ഇപ്പോള്‍ ചെയ്യുന്നത് ഭീകരവാദത്തെ എതിര്‍ക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുകയുമാണെന്നും മാക്രോണ്‍ ആവര്‍ത്തിക്കുന്നു.
പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചതുകൊണ്ട് മുസ്ലിങ്ങളുടെ ഇടയിലുണ്ടായ ഞെട്ടല്‍ താന്‍ മനസിലാക്കുന്നുവെന്നും എന്നാല്‍ തീവ്രഇസ്ലാമിസ്റ്റുകള്‍ എല്ലാവര്‍ക്കും ഭീഷണിയാണ്, പ്രത്യേകിച്ചും മുസ്‌ലിങ്ങള്‍ക്കെന്ന് അദ്ദേഹം അല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. എപ്പോഴും, സ്വതന്ത്രമായി ചിന്തിക്കാനും, സംസാരിക്കാനും, എഴുതാനും, വരയ്ക്കാനുമുള്ള എന്റെ രാജ്യത്തിന്റെ അവകാശങ്ങളെ സംരക്ഷിക്കുമെന്നുമാണ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞത്.
മാക്രോണിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍
ഫ്രഞ്ച് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഇമ്മാനുവല്‍ മാക്രോണ്‍ തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങളെ മറച്ചു പിടിക്കാന്‍ മുസ്‌ലിം വിരുദ്ധത മറയാക്കുന്നു എന്നാണ് ഉയരുന്ന ഒരു വിമര്‍ശനം. 2022ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് ഫ്രാന്‍സില്‍ ഇതെല്ലാം നടക്കുന്നതെന്നും നിരീക്ഷണങ്ങള്‍ ഉയരുന്നു. 2019ല്‍ ഫ്രാന്‍സിലെ പല ഭരണപരിഷ്‌കരണങ്ങളും വ്യാപകമായ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു എന്നതാണ് ഈ വാദത്തെ പിന്തുണക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ധനവില, തൊഴില്‍ ഇല്ലായ്മ, പൊലീസ് അതിക്രമം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഇമ്മാനുവല്‍ മാക്രോണ്‍ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
2017ല്‍ മാക്രോണ്‍ തെരഞ്ഞെടുക്കപ്പെടുന്ന സമയത്ത് അദ്ദേഹത്തിനുണ്ടായിരുന്ന പിന്തുണ 60 ശതമാനത്തില്‍ നിന്ന് 2018 ഡിസംബര്‍ ആയപ്പോഴേക്കും 23 ശതമാനമായി കുറഞ്ഞെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
2022ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപിന്തുണ ആര്‍ജിക്കേണ്ടത് മാക്രോണിന്റെ ആവശ്യമാണെന്നും മുസ്‌ലിം വിരുദ്ധത തീവ്ര വലതുപക്ഷത്തിന്റേയും വംശീയവാദികളുടെയും പിന്തുണ ഉറപ്പാക്കാന്‍ സഹായിക്കുമെന്നാണ് മക്രോണ്‍ കണക്കുകൂട്ടുന്നത് എന്നും നിരീക്ഷണങ്ങളുണ്ട്.
മതേതര വാദത്തില്‍ ഉറച്ചു നില്‍ക്കുന്ന ഒരു വിഭാഗം ഇടതുപക്ഷത്തിന്റെ പിന്തുണയും ഇതുവഴി മാക്രോണിന് ലഭിക്കുമെന്നും നിരീക്ഷണങ്ങള്‍ ഉയരുന്നു.
തീവ്ര ഇസ്‌ലാമിക ഗൂപ്പുകള്‍
ചര്‍ച്ചുകളെ രാജ്യത്തെ ഭരണ നിര്‍വഹണ സംവിധാനത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുന്ന 1905 ല്‍ നടപ്പാക്കിയ നിയമം വീണ്ടും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഇമ്മാനുവല്‍ മാക്രോണിന്റെ പ്രഖ്യാപനം തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളെ പ്രകോപിച്ചിരുന്നു.
ഫ്രാന്‍സിലെ മുസ്‌ലിം ഗ്രൂപ്പുകള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കുന്നത് കുറയ്ക്കുന്നതിനുള്ള പദ്ധതികളും മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. മസ്ജിദുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഫണ്ടിംഗ് വിലക്കുന്ന ശക്തമായ നിയമങ്ങളാണ് പുതുതായി അദ്ദേഹം കൊണ്ടുവന്നത്.
ഒപ്പം പള്ളികളിലെ ഇമാമിന് ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക ടെസ്റ്റ് പാസാവണം. വിദേശത്തു നിന്നും ഫ്രാന്‍സിലേക്ക് ഇമാമുകളെ അയക്കുന്നതിനും വിലക്കുണ്ട്.
കുട്ടികള്‍ക്ക് മതപഠനം കുറയ്ക്കാനായി വീടുകളില്‍ നിന്നുള്ള വിദ്യാഭ്യാസം ഒഴിവാക്കുന്നുണ്ട്. ഈ നയങ്ങള്‍ പ്രകാരം ഫ്രാന്‍സിലെ മുസ്‌ലിം സംഘടനകള്‍ക്ക് ഇനി വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഫണ്ടിംഗ് ഗണ്യമായി കുറയും. ഇതെല്ലാം തീവ്ര ഇസ്ലാമിക ഗ്രൂപ്പുകള്‍ക്കിടയില്‍ വലിയ എതിര്‍പ്പിനാണ് വഴിവെച്ചത്.
ഫ്രാന്‍സിന്റെ ഭരണഘടന
എല്ലാ പൗരന്മാരെയും അവരുടെ വംശത്തെയോ മതത്തെയൊ പരിഗണിക്കാതെ തുല്യമായി പരിഗണിക്കുന്ന ഒരു മതേതര, ജനാധിപത്യ സോഷ്യല്‍ റിപ്പബ്ലിക്കാണ് ഫ്രാന്‍സിന്റേത്. മതവും ഭരണവും രണ്ടായാണ് ഇവിടെ കാണുന്നത്.
അതായത് മതത്തിന് ഭരണ നിര്‍വഹണ പ്രക്രിയയില്‍ ഒരു പങ്കുമില്ല. 1905ലെ സെപ്പറേഷന്‍ ഓഫ് ചര്‍ച്ച് ഫ്രം ദ സ്റ്റേറ്റ് എന്ന നിയമ പ്രകാരമാണിത്. ഒരു മതത്തിനും ഫ്രാന്‍സ് പ്രത്യേക പരിഗണന നല്‍കുന്നില്ല.
മതപരമായ വിശ്വാസങ്ങള്‍ പ്രകടമാക്കുന്ന വസ്ത്രമോ വസ്തുക്കളോ പൊതു സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നതും ഫ്രാന്‍സ് വിലക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മതനിന്ദയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഫ്രാന്‍സില്‍ സ്വാീകാര്യത ലഭിക്കില്ല.
ഫ്രാന്‍സില്‍ തീവ്ര ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകള്‍ നീങ്ങിയിരിക്കുന്നത് രൂക്ഷമായി വിമര്‍ശിക്കപ്പെടേണ്ട പ്രവൃത്തികളിലേക്കാണ്. നൈസിലെ ചര്‍ച്ചില്‍ നടന്നതുപോലെയുള്ള ആക്രമണങ്ങള്‍ ഇതിന് ഉദാഹരമാണ്.
തീവ്ര ഗ്രൂപ്പുകള്‍ നിഷ്‌കളങ്കര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ ഫ്രാന്‍സില്‍ വിഭാഗീയത രൂക്ഷമാക്കുകയാണ്. ഇത് ഫലത്തില്‍ ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ ഇസ്ലാമോഫോബിക് നിലപാടുകള്‍ക്ക് സ്വീകാര്യത ലഭിക്കാന്‍ കാരണമാകുകയും ചെയ്യും.
ഇതാകട്ടെ ഫ്രാന്‍സിലെ കുടിയേറ്റ വിഭാഗക്കാര്‍ക്ക് തിരിച്ചടിയുമാകും. ഇസ്‌ലാമിക് സ്റ്റേറ്റെന്ന ആശയത്തില്‍ വിശ്വസിക്കുന്ന തീവ്രവാദ സംഘടകളായ അല്‍ ഖ്വയ്ദ പോലുള്ളവയുടെ ആശയത്തില്‍ വിശ്വസിക്കുന്നവാരണ് ഇതിന് പിന്നിലുള്ളത് എന്ന യാഥാര്‍ത്ഥ്യം മനസിലാക്കികൊണ്ട് മാത്രമേ ഫ്രാന്‍സ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യാനുള്ള നടപടി ക്രമങ്ങളിലേക്ക് നീങ്ങാന്‍ പാടുള്ളൂ.
അത് അവിടുത്തെ സാധാരണ മുസ്ലിം വിഭാഗത്തെ ബാധിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയും ഉണ്ടാകേണ്ടതുണ്ട്. യൂറോപ്പില്‍ ആകെ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന കുടിയേറ്റ വിരുദ്ധതയും ഇസ്‌ലാമാഫോബിയയും നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും വര്‍ധിച്ചാല്‍ അത് തിരിച്ചടിയാകാന്‍ പോകുന്നത് അസംഖ്യം സാധാരണ കുടിയേറ്റക്കാര്‍ക്കായിരിക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: what is happening in France