| Friday, 7th May 2021, 7:56 pm

ബംഗാളില്‍ ഹിന്ദുവേട്ടയെന്ന വ്യാജ പ്രചരണങ്ങളുടെ സത്യാവസ്ഥകളെന്ത്?

അന്ന കീർത്തി ജോർജ്

ബംഗാളില്‍ അധികാരം പിടിക്കാനായി സര്‍വസന്നാഹങ്ങളുമായി ഇറങ്ങിയ ബി.ജെ.പിക്ക് നാണംകെട്ട തോല്‍വിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സംഭവിച്ചത്. പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ നീക്കങ്ങളിലൂടെ ബംഗാളില്‍ ഇനിയൊരു ചുവട് മുന്നോട്ടുവെക്കാന്‍ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ ബി.ജെ.പി സംസ്ഥാനത്ത് വലിയൊരു കലാപത്തിന് കോപ്പ് കൂട്ടുന്ന കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്. ബംഗാളില്‍ ഹിന്ദുക്കള്‍ കൂട്ടമായി വേട്ടയാടപ്പെടുന്നു എന്നാണ് സംഘപരിവാര്‍ നേതാക്കള്‍ ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മരണഭയത്താല്‍ ഹിന്ദുക്കള്‍ ബംഗാളില്‍ നിന്നും പലായനം ചെയ്യുകയാണെന്ന രീതിയില്‍ വ്യാജ വീഡിയോകളും ഫോട്ടോകളുമടക്കം ചേര്‍ത്താണ് സംഘപരിവാര്‍ വൃത്തങ്ങളുടെ പ്രചാരണം.

വര്‍ഗീയ കലാപങ്ങളിലൂടെ അട്ടിമറികള്‍ സൃഷ്ടിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ അധികാരത്തിലേറിയ ബി.ജെ.പി ബംഗാളിലും അത് പുതിയ രീതിയില്‍ പരീക്ഷിക്കുന്നതിന്റെ ചിത്രങ്ങളാണ് നാം ഇപ്പോള്‍ കാണുന്നത്. ഇതിനായി നേരത്തെ അവര്‍ ഗോദ്രയിലും മുസാഫര്‍ നഗറിലുമെല്ലാം നടത്തിയ വ്യാജപ്രചരണങ്ങളുടെ അതേ മാതൃകയില്‍ നവമാധ്യങ്ങളുടെ കൂടി സഹായത്തോടെ കൂടുതല്‍ രൂക്ഷമായ തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളെയും കൊലപാതകങ്ങളെയുമാണ് സംഘപരിവാര്‍ മുസ്‌ലിങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്.

ദേശീയ മാധ്യമങ്ങളും ബംഗാളിലെ പ്രാദേശിക മാധ്യമങ്ങളും പുറത്തുവിടുന്ന ഭൂരിഭാഗം റിപ്പോര്‍ട്ടുകളും പരിശോധിക്കുമ്പോള്‍, ഒട്ടുമിക്ക അക്രമസംഭവങ്ങള്‍ക്ക് പിന്നിലും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മുന്‍കാലങ്ങളിലെ ബംഗാള്‍ തെരഞ്ഞെടുപ്പുകളിലെല്ലാം സമാനമായ രീതിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ വലിയ അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്തും, പ്രസംഗവേദികളില്‍ മമത ബാനര്‍ജിയും അമിത് ഷായും വാക്കുകള്‍ കൊണ്ട് പോരടിച്ചപ്പോള്‍ അണികള്‍ തമ്മില്‍ നേരിട്ടുള്ള സംഘട്ടനകള്‍ നടന്നിരുന്നു.

എന്നാലിപ്പോള്‍, ബംഗാളില്‍ നടക്കുന്ന ഈ രാഷ്ട്രീയ പകപ്പോക്കലുകള്‍ക്ക് മതത്തിന്റെയും സമുദായത്തിന്റെയും നിറം നല്‍കി, സംസ്ഥാനത്തെ വര്‍ഗീയ കലാപത്തിലേക്ക് തള്ളിവിടാനുള്ള നീക്കങ്ങളാണ് ബി.ജെ.പി നടത്തുന്നതെന്ന് കാണാന്‍ കഴിയും. സംസ്ഥാന ഭരണത്തെ അട്ടിമറിക്കാനുള്ള, തെരഞ്ഞെടുപ്പില്‍ നാണം കെട്ട തോല്‍വിയേറ്റുവാങ്ങിയ ബി.ജെ.പിയുടെ ശ്രമമായാണ് ഈ സംഭവങ്ങളെ വിലയിരുത്തേണ്ടത്.

കൊലപാതക രാഷ്ട്രീയത്തെ ഒരിക്കലും ന്യായീകരിക്കാനോ കുറച്ചു കാണാനോ കഴിയില്ല. എന്നാല്‍ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്നങ്ങളെ ഹിന്ദു – മുസ്ലിം കലാപമായി ചിത്രീകരിക്കുന്ന ബി.ജെ.പിയുടെ ഈ നടപടികള്‍ തൃണമൂല്‍ നടത്തിവരുന്ന അക്രമണങ്ങളേക്കാള്‍ അപകടകരമാണ് എന്ന് പറയേണ്ടി വരും. തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങളില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ചിലിയിടങ്ങളില്‍ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെടുകയും ചെയ്തു. എന്നാല്‍ സി.പി.ഐ.എം ഈ സംഘര്‍ഷങ്ങളെ രാഷ്ട്രീയമായി തന്നെയാണ് നേരിട്ടിട്ടുള്ളത്.

ബംഗാളില്‍ അക്രമസംഭവങ്ങള്‍ ആരംഭിച്ചതിന്റെ ആദ്യ ഘട്ടത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വമടക്കം, ബി.ജെ.പി പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയാണ് എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ വൈകാതെ ഇത് മുസ്‌ലിം തൃണമൂല്‍ പ്രവര്‍ത്തകര്‍ ബി.ജെ.പിക്കാരെ, പ്രത്യേകിച്ച് ബി.ജെ.പിയിലെ സ്ത്രീകളെ ആക്രമിക്കുന്നു രീതിയിലേക്കും, പിന്നീട് ഹിന്ദുക്കളെ മുസ്ലിം പ്രവര്‍ത്തകര്‍ ആക്രമിക്കുന്നു എന്ന രീതിയിലേക്കും മാറുകയായിരുന്നു.

ഹിന്ദുക്കള്‍ ബംഗാളില്‍ നിന്നും പലായനം ചെയ്യുകയാണെന്നും ഹിന്ദു സ്ത്രീകളെ മുസ്‌ലിം പ്രവര്‍ത്തകര്‍ കൂട്ട ബലാത്സംഗത്തിനിരയാക്കുകയാണെന്നും ബി.ജെ.പി അക്കൗണ്ടുകളില്‍ നിന്നും ട്വീറ്റുകള്‍ വന്നു. തൃണമൂലിനൊപ്പം മുസ്‌ലിം ലീഗിനെയും ജിന്നയെയുമെല്ലാം ചേര്‍ത്തുവെച്ചുകൊണ്ടായിരുന്നു ചില ട്വീറ്റുകള്‍.

കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കാല്‍നടയായി വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിതരായ അതിഥി തൊഴിലാളികളുടെ ചിത്രങ്ങളെടുത്ത്, ബംഗാള്‍ ഉപേക്ഷിച്ച് പോകുന്ന ഹിന്ദുക്കള്‍ എന്ന രീതിയിലും അവര്‍ പ്രചരണം നടത്തി. ബി.ജെ.പി മഹിള മോര്‍ച്ചയുടെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവി, ബംഗാളിലെ അക്രമങ്ങള്‍ എന്ന പേരില്‍ വ്യാജ വീഡിയോളാണ് പ്രചരിപ്പിച്ചത്. നവമാധ്യമങ്ങളിലൂടെ മറ്റനേകം വ്യാജ വാര്‍ത്തകളും പ്രചരിക്കപ്പെട്ടിരുന്നു.

പൊലീസും മാധ്യമങ്ങളും പല വ്യജവാര്‍ത്തകളുടെയും നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നുണ്ടെങ്കിലും ബി.ജെ.പി ഐ.ടി സെല്ലുകള്‍ വഴി അതിവേഗമാണ് ഈ വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെ ഹിന്ദുക്കളെ അക്രമിക്കുന്നവരെ തിരിച്ചടിയ്ക്കണമെന്ന രീതിയിലുള്ള ക്യാംപെയ്നുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നുമുണ്ട്. സംഘപരിവാര്‍ അനുകൂലിയായ നടി കങ്കണ റണാവത്തിന്റെ ട്വീറ്റ് ഇത്തരത്തിലുള്ള കലാപാഹ്വാനമായിരുന്നു,

ഗുണ്ടയെ കൊല്ലാന്‍ സൂപ്പര്‍ ഗുണ്ടയെ വേണമെന്നും മമതയിപ്പോള്‍ ചങ്ങലയഴിച്ചുവിട്ട രക്തരക്ഷസിനെ പോലെയാണെന്നും അവരെ മെരുക്കി നിര്‍ത്താന്‍ 2000ങ്ങളിലെ മോദി തിരിച്ചുവരണമെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്. 2000ത്തിലെ ആദ്യ വര്‍ഷങ്ങളില്‍ നൂറ് കണക്കിന് മുസ്ലിങ്ങള്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്ന ഈ ട്വീറ്റ്. ബംഗാള്‍ അക്രമത്തെ കുറിച്ചുള്ള ട്വീറ്റുകളുടെ പേരില്‍ കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്.

ഇതിനിടിയില്‍ ചില ബി.ജെ.പി – സംഘപരിവാര്‍ പ്രൊഫൈലുകളില്‍ കോളിഫ്ളവര്‍ ഫാര്‍മര്‍, ബംഗാളില്‍ കോളിഫ്ളവര്‍ കര്‍ഷകരില്ലേ, എന്നിങ്ങനെ ചില ടാഗുകളും ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള അക്രമാഹ്വാനമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 1989ല്‍ നടന്ന ബാഗല്‍പൂര്‍ കലാപത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ പ്രയോഗമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് മുന്നോടിയായി നടന്ന രാമജന്മഭൂമി രഥയാത്ര കടന്നുപോകുന്ന സമയത്ത് ബീഹാറിലെ ബാഗല്‍പൂരില്‍ വലിയ ഹിന്ദു മുസ്‌ലിം കലാപങ്ങള്‍ നടക്കുകയും ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 1989ല്‍ നടന്ന ഈ സംഭവത്തില്‍ ലാഗെയ്ന്‍ എന്ന ഗ്രാമത്തില്‍, 116 മുസ്ലിങ്ങളെ കൊന്നുകുഴിച്ചു മൂടിയശേഷം വിവരം പുറത്തറിയാതിരിക്കാനായി കൊലപാതകികള്‍ കോളിഫ്ളവര്‍ നട്ടുവളര്‍ത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവരുന്ന കോളിഫ്ളവര്‍ പ്രയോഗത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അന്നത്തെ സംഘപരിവാര്‍ നേതാക്കളും അനുകൂലികളും ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത ചില വ്യാജവാര്‍ത്തകളെ തുടര്‍ന്നായിരുന്നു ബാഗല്‍പൂര്‍ ചോരക്കളമായി മാറിയത്. ഇന്നും സമ്മാനമായ ശ്രമങ്ങള്‍ തന്നെയാണ് ബി.ജെ.പി ബംഗാളില്‍ ആവര്‍ത്തിക്കുന്നത്. ഒളിഞ്ഞും തെളിഞ്ഞുമുള്ള ഈ കലാപാഹ്വാനങ്ങള്‍ക്കൊപ്പം തന്നെ ബംഗാളില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടു കൊണ്ടുള്ള ക്യാംപെയ്നുകളും സജീവമാകുന്നുണ്ട്.

ബംഗാളിലെ പാര്‍ട്ടി അക്രമങ്ങളെ കലാപമാക്കി തീര്‍ക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധമുയരുന്നുണ്ട്. തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ പ്രവര്‍ത്തകരില്‍ നിന്നും വലിയ അക്രമങ്ങള്‍ നേരിടേണ്ടി വന്ന സി.പി.ഐ.എമ്മും ബി.ജെ.പിയുടെ ഈ കലാപ ശ്രമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ബംഗാളില്‍ മറ്റൊരു ഗുജറാത്ത് ആവര്‍ത്തിക്കാതിരിക്കാന്‍, ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കിരകളായി രാജ്യത്ത് ആയിരക്കണക്കിന് മുസ്ലിങ്ങളുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ സംഘപരിവാര്‍ തന്ത്രങ്ങളെ രാജ്യം ഒന്നിച്ചുനിന്നെതിര്‍ക്കണ്ടത് അനിവാര്യതയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: What is happening in Bengal – Facts

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more