| Wednesday, 14th August 2019, 2:50 pm

മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ട സ്‌കാനര്‍ എന്താണ്? പുത്തുമലയില്‍ ഇത് ഫലപ്രദമാണോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ അകപ്പെട്ടവരെ കണ്ടെത്തുന്നതിന് സ്‌കാനര്‍ ലഭ്യമാക്കാന്‍ വയനാട് എം.പി രാഹുല്‍ ഗാന്ധി ദേശീയ ദുരന്ത നിവാസര സേന ഡയറക്ടര്‍ ജനറല്‍ എസ്.എന്‍ പ്രധാനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്താണ് ഈ സ്‌കാനര്‍? പുത്തുമലയില്‍ ഇത് എത്രത്തോളം ഫലപ്രദമാണ്?

ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ സംവിധാനത്തെയാണ് രാഹുല്‍ ഗാന്ധി സ്‌കാനര്‍ എന്നു പരാമര്‍ശിച്ചത്. ഭൂമിക്കടിയിലെ വസ്തുക്കള്‍ റഡാര്‍ സ്പന്ദനം ഉപയോഗിച്ച് കണ്ടെത്തുന്ന ജിയോ ഫിസിക്കല്‍ സംവിധാനമാണ് ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍. ഭൂമിക്കടിയിലെ വസ്തുക്കളില്‍ നിന്നുള്ള സിഗ്നലുകള്‍ വൈദ്യുതകാന്തിക വികിരണം ഉപയോഗിച്ച് കണ്ടെത്തുകയാണ് ഇതു ചെയ്യുന്നത്.

പാറകള്‍, മണ്ണ്, ഐസ്, ശുദ്ധജലം, തുടങ്ങിയവയിലെല്ലാം ജി.പി.ആര്‍ സംവിധാനം ഉപയോഗിക്കാം. അനുകൂലമായ സാഹചര്യത്തില്‍ ജി.പി.ആര്‍ സംവിധാനം ഉപയോഗിച്ച് ഭൂമിക്കടിയിലെ വിള്ളലുകളും വസ്തുക്കളുടെ മാറ്റവുമെല്ലാം കണ്ടെത്താം. ജി.പി.ആര്‍ ട്രാന്‍സ്മിറ്ററും ആന്റിനയും ഭൗമോപരിതലത്തിലേക്ക് വൈദ്യുതകാന്തിക തരംഗം പ്രസരിപ്പിക്കുകയാണ് ചെയ്യുക. ഇത് ഭൂമിക്കുള്ളിലേക്ക് തുളച്ചുകയറി അതിനുള്ളിലെ വസ്തുക്കളില്‍ തട്ടി തിരിച്ച് ഭൗമോപരിതലത്തിലേക്ക് പ്രതിഫലിക്കുകയാണ് ചെയ്യുന്നത്.

മണ്ണിനടിയില്‍ നിന്ന് അസ്ഥികള്‍ തിരിച്ചറിയാന്‍ ജി.പി.ആര്‍ സംവിധാനം വഴി സാധിക്കും. കഴിഞ്ഞവര്‍ഷം കോഴിക്കോട് കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലില്‍ ഒരു പരിധിവരെ സഹായകരമായിരുന്നു. ദല്‍ഹിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് ജി.പി.ആര്‍ സംവിധാനം എത്തിക്കേണ്ടത്.

എന്നാല്‍ പുത്തുമലയില്‍ ഈ സംവിധാനം അത്രത്തോളം ഫലപ്രദമാകില്ലെന്നാണ് സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറയുന്നത്. ‘ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മനുഷ്യ അസ്ഥികള്‍ ജി.പി.ആര്‍ വഴി തിരിച്ചറിയാം. ഇവിടെ, വലിയ പാറക്കഷണങ്ങളും മരത്തിന്റെ അവശിഷ്ടങ്ങളും കാരണം ജി.പി.ആറിന് അസ്ഥികള്‍ കണ്ടെത്താന്‍ കഴിയില്ല.’ എന്ന് ദല്‍ഹിയിലെ ഏജന്‍സി അറിയിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്.

ജി.പി.ആര്‍ സംവിധാനം മനുഷ്യശരീരം മാത്രമല്ല, മരങ്ങളും കല്ലുകളുമെല്ലാം കണ്ടെത്തും. പുത്തുമലയില്‍ പാറകളും മരങ്ങളും വെള്ളവും ചേര്‍ന്ന് മണ്ണ് നാലടിയിലേറെ കനത്തില്‍ കുഴഞ്ഞുകിടക്കുന്നതിനാല്‍ റഡാര്‍ ഉപയോഗിച്ചിട്ട് കാര്യമില്ലെന്നാണ് ഏജന്‍സി അറിയിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more