ഇഷ്ടപ്പെട്ട പാട്ടിന്റെ ഈണം മാത്രം ഓര്‍മ്മ വന്ന് വരികള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവസ്ഥ ഒട്ടുമിക്കവര്‍ക്കും വന്നു കാണും. അവസാനം എത്ര ആലോചിച്ചിട്ടും പാട്ടിന്റെ പേരോ ആല്‍ബമോ സിനിമാപ്പാട്ടോ ആണെങ്കില്‍ അതില്‍ അഭിനയിച്ച ആള്‍ക്കാരെയോ ഒക്കെ ഓര്‍ത്തെടുത്ത് തെരഞ്ഞുപ്പിടിക്കാറുമുണ്ട് നമ്മളില്‍ പലരും. പാട്ട് ഓര്‍ത്തെടുക്കാന്‍ പറ്റിയില്ലെങ്കില്‍ ഉറക്കം കിട്ടാത്തവര്‍ വരെയുണ്ട്. ഈ കഷ്ടപ്പാടും ബുദ്ധിമുട്ടുമൊക്കെ അവസാനിപ്പിക്കാനുള്ള പുതിയ വിദ്യയുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍.
ഗൂഗിളില്‍ സെര്‍ച്ച് ബാറിലെ മൈക്ക് ഐക്കണില്‍ ടാപ്പ് ചെയ്ത് ഏതാണ് ഈ പാട്ടെന്ന് ചോദിക്കുകയോ അല്ലെങ്കില്‍ സെര്‍ച്ച് എ സോംഗ് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.
ശേഷം മനസ്സിലെ പാട്ടിന്റെ ഈണം മൂളിക്കൊടുത്താല്‍ മതി. കൃത്യമായി പാടിയില്ലേലും കുഴപ്പമില്ല, ഏകദേശം തുമ്പൊക്കെ വെച്ച് ഗൂഗിള്‍ തന്നെ കണ്ടുപിടിക്കും.
10 മുതല്‍ 15 സെക്കന്റ് വരെ മൂളിയാല്‍ മതി. ആ ട്യൂണിനോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന പാട്ടും വരികളും പാട്ടുകാരും തുടങ്ങി എല്ലാ വിവരങ്ങളും കണ്‍മുന്നിലെത്തും.
സാധാരണ സെര്‍ച്ചിംഗ് പോലെ, ഗൂഗിളിന്റെ അല്‍ഗൊരിതം അസംഖ്യം പാട്ടുകളിലൂടെ കടന്നുപോയി ഏറ്റവും ചേര്‍ച്ചയുള്ള പാട്ടുകള്‍ കണ്ടെത്തുക തന്നെയാണ് ഇവിടെയും ചെയ്യുന്നത്.
പാട്ട് ഏതാണെന്നും ചോദിച്ച് ഒരു മാസത്തില്‍ തന്നെ കോടി കണക്കിന് തവണയാണ് ആളുകള്‍ സെര്‍ച്ച് ചെയ്യാറുള്ളതെന്നും അതുകൊണ്ടാണ് പുതിയ ഫീച്ചറുമായി വരാന്‍ തീരുമാനിച്ചതെന്നും ഗൂഗിള്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Google’s new feature hum to search to find songs