ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഭീതിയിലും നഷ്ടങ്ങളിലുംപെടുത്തി വര്‍ഷാവര്‍ഷം കടന്നുപോകുന്ന ചുഴലിക്കൊടുങ്കാറ്റുകളുണ്ട്. ടി.വി സ്‌ക്രീനുകളില്‍ മാത്രം ഒതുങ്ങുന്ന എന്ന് മലയാളികള്‍ വിശ്വസിക്കുന്ന മഹാവിപത്തുകള്‍. അതങ്ങു തമിഴ്‌നാട്ടിലല്ലേ.. കേരളത്തിലല്ലല്ലോ. ആശ്വാസം.
കഥകളിലും സിനിമകളിലുമായി മലയാളിക്ക് പരിചയമുള്ള മറ്റൊരു ചുഴലികൂടിയൂണ്ട്. 2015 ലെ കണക്കെടുപ്പ് പ്രകാരം ലോകത്തിലെ 39 മില്യണ്‍ ജനങ്ങളെ ബാധിച്ചിട്ടുള്ള അസുഖം. ഇതില്‍ 80 ശതമാനവും വികസ്വര ലോകത്തിലെ ജനതയാണ് പോലും.
മനുഷ്യമനസിന്റെ സ്ഥിരതയെ ഒരു നിമിഷനേരം കൊണ്ട് താറുമാറാക്കി നിന്ന നില്‍പ്പില്‍ നിന്നും തറയിലേക്ക് എറിയപ്പെട്ട് ചുറ്റിലെ ആളുകളുടെ ദയയോ അവജ്ഞയോ ഭീതിയോ എന്ന് ഉറപ്പിക്കാനാവാത്ത നോട്ടങ്ങളിലേക്ക് മനുഷ്യനെ വീശിയെറിയുന്ന ചുഴലിക്കൊടുങ്കാറ്റ്. ഒരാളുടെ ശരീരത്തിലേക്ക് മറ്റെന്തോ ആവേശിച്ചെന്ന് ഗ്രീക്കുകാര്‍ കരുതിയ, യക്ഷിബാധ ഒഴിപ്പിക്കാനെന്ന വണ്ണം ഇരുമ്പുതാക്കോല്‍ നിരന്തരം വെട്ടുന്ന കൈകാലുകളിലേക്ക് പഴമക്കാര്‍ വച്ചുതന്നിരുന്ന അപസ്മാരം.
” അപ ബ്രഹ്മസ സമരണേ” ! ബോധമനസിനെ നഷ്ടപ്പെടുത്തുന്ന അവസ്ഥാന്തരം. ചെറുപ്രായക്കാര്‍തൊട്ട് മുതിര്‍ന്നവര്‍ വരെ, ഇന്നും നേര്‍ചികിത്സ എന്തെന്ന് വ്യക്തതയില്ലാതെ ആശുപത്രിയിലും ക്ലിനിക്കുകളിലും മരുന്നിന് കാത്തിരിക്കുന്ന വിചിത്ര രോഗം. അപകടങ്ങളില്‍പ്പെട്ട് രക്തം വാര്‍ന്നൊലിക്കുന്നവരെപ്പോലും ഒട്ടും മടികൂടാതെ ഓടിച്ചെന്ന് സഹായിക്കാന്‍ വെമ്പുന്ന മലയാളികള്‍ പലപ്പോഴും മടിച്ചുനില്‍ക്കും, മൂന്നിലൊരാള്‍ അപസ്മാര ഗ്രസ്തനായിരിക്കുമ്പോള്‍. എന്താണ് ചെയ്യേണ്ടതെന്നറിയാത്തതോ, അല്ലെങ്കില്‍ സഹായം ആവശ്യമില്ലെന്ന് കരുതുന്നതോ ആവാം കാരണം.
ഇത്തരം കാഴ്ചപ്പാടുകള്‍ മാറ്റുന്നതിലേക്കായി ലോകമെല്ലാവര്‍ഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ തിങ്കളാഴ്ച ലോക അപസ്മാര ദിനമായി ആചരിക്കുന്നു. ഇക്കൊല്ലം ഫെബ്രുവരി 10 ാം തിയതി. ” ഫ്രണ്ട്ഷിപ്പ് ആന്‍ഡ് ഇന്‍ക്ലൂഷന്‍” (friendship and inclusion). അപസ്മാര രോഗികളോട് സൗഹൃദം കാണിക്കാമെന്നും അവരെ നമ്മുടെ ജീവിതത്തിലുള്‍പ്പെടുത്താമെന്നും പ്രായഭേദമന്യേ ലോകജനതയെ ഉദ്‌ബോധിപ്പിക്കുന്ന ദിനം.
രോഗികളോട് സഹാനുഭൂതിക്ക് പുറമെ മറ്റൊരു കാര്യത്തില്‍കൂടി നമുക്ക് ശ്രദ്ധ ചെലുത്താനുണ്ടെന്ന് ഈ ദിനത്തില്‍ മനസിലാക്കൂ!
അപസ്മാരം മരുന്നിലൂടെ ചികിത്സിക്കാം. സാധാരണ ജീവിതത്തിലേക്ക് അവര്‍ക്കും തിരിച്ചുവരാം. പലരുടേയും അപസ്മാരം മുഴുവന്‍ നിയന്ത്രണത്തിലേക്ക് എത്തുന്നു. ദിനചര്യയും ഭക്ഷണരീതിപോലും ഇന്ന് അപസ്മാരത്തെ തടുക്കാന്‍ ഉപയോഗിക്കുന്നു.
ചെറുപ്രായങ്ങളിലെ വിട്ടുമാറാത്ത അപസ്മാരം കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയെ തളര്‍ത്തും. ഒരു കുടുംബം തന്നെ മുഴുവന്‍ വ്യാധിയിലേക്ക് തള്ളിവിടപ്പെടുന്ന ഈ അവസ്ഥ ഇന്ന് മാറിത്തുടങ്ങിയിരിക്കുന്നു. പുതിയ പുതിയ മരുന്ന് എന്ന ചിന്തയില്‍ നിന്ന് തുടങ്ങിയ വൈദ്യലോകം ഇന്ന് അപസ്മാരത്തിനെ തുടച്ചുനീക്കാമോ എന്ന ആശയങ്ങള്‍ ചര്‍ച്ച ചെയ്തുതുടങ്ങിക്കഴിഞ്ഞു.
അപസ്മാരം പൂര്‍ണമായി മാറ്റാമോ?
മാറ്റാം എങ്ങനെ?
അപസ്മാരം എന്നത് ഒരൊറ്റ രോഗമല്ല, അത് ഉദ്ഭവിക്കുന്നത് തലച്ചോറില്‍ പല പല ഭാഗങ്ങളില്‍ നിന്നാണ് എന്ന വെളിപാടാണ് ഈ ഒരു ആശയം മുന്നോട്ട് കൈപിടിച്ച് നയിക്കുന്നത്. അപസ്മാരം തലച്ചോറിലൂടെ സഞ്ചരിക്കുന്നത് ഒരു ചിലന്തിവല പാതയിലൂടെയാണെന്ന് കരൂതൂ. അങ്ങനെയെങ്കില്‍ ചിലന്തിയെ വഴിയില്‍ തടഞ്ഞാലോ? അല്ലെങ്കില്‍ ചിലന്തിയെ അത് യാത്ര തുടങ്ങുംമുന്‍പ് തന്നെ വലയില്‍ നിന്ന് എടുത്തുമാറ്റിയാലോ അപസ്മാരം നിയന്ത്രിക്കാനാവില്ലേ?
ഇന്ന് ശാസ്ത്രസമൂഹത്തിന് തലച്ചോറിലെ ഈ ചിലന്തിവലകളെ കുറിച്ച് മനസിലായിത്തുടങ്ങിയിരിക്കുന്നു. ഓപ്പറേഷന്‍ ഉള്‍പ്പെടെയുള്ള അത്ഭുതകരമായ ഈ ചികിത്സാരീതികള്‍ ലോകമെമ്പാടുമുള്ള രോഗികള്‍ക്ക് പ്രതീക്ഷയും സന്തോഷവും നല്‍കിത്തുടങ്ങിയിട്ടുണ്ട്.
തലച്ചോറിന്റെ അവയവങ്ങളിലൊന്നായ ടെംപോറല്‍ ലോബില്‍ കടല്‍ക്കുതിരയെപ്പോലെ തോന്നിക്കുന്ന ഒരു ഭാഗം ഉണ്ട്. ” ഹിപ്പോകാമ്പസ്” ! ഇതിന് കേടുപാടുകള്‍ വന്നാല്‍( ഹിപ്പോകോമ്പല്‍ സ്‌ക്ലീറോസിസ് ) അപസ്മാരം തുടക്കമിടുന്നു. ഈ ഭാഗം നീക്കം ചെയ്താല്‍ അപസ്മാരം പൂര്‍ണമായും നിലക്കുകയും ചെയ്യുന്നു.
മരുന്നുകള്‍ക്ക് പലപ്പോഴും കീഴ്‌പ്പെടാത്ത ഇത്തരം അപസ്മാരങ്ങള്‍ ഇന്ന് ലോകമെമ്പാടും ശസ്ത്രക്രിയയിലൂടെ നേരിടുന്നു. രോഗിക്ക് ഭാവിയില്‍ ഒരിക്കലും അപസ്മാരം ഉണ്ടാകാത്ത, മരുന്ന് ആവശ്യമില്ലാത്ത ഒരു കാലം നല്‍കാന്‍ നമുക്ക് സാധിക്കണം. വളര്‍ച്ചാകാലത്തിലെപ്പോഴോ തലച്ചോറില്‍ സംഭവിച്ചുപോകുന്ന ചില വൈകൃതകള്‍ ( ഫോക്കല്‍ കോര്‍ട്ടിക്കല്‍ ഡിസ്പ്ലാസിയ ) യാതൊരു കോട്ടവും ശരീരത്തില്‍ സംഭവിക്കാതെ മുറിച്ചുമാറ്റാവുന്നതാണ്.
കാന്‍സര്‍ പോലെയല്ലാതെ തലച്ചോറില്‍ വളര്‍ന്നുവന്നേക്കാവുന്ന ചെറിയ മുഴകള്‍ (ലോ ഗ്രേഡ് ഗ്ലിയോമ, ഡി.എന്‍.ഇ.ടി തുടങ്ങിയവ), രക്തക്കലകള്‍ (കാവെര്‍ണോമ), അപകടങ്ങള്‍ മൂലം ഉണ്ടായേക്കാവുന്ന മുറിപ്പാടുകള്‍ ( ഗ്ലിയോസിസ്) ഇവയെല്ലാം ഓപ്പറേഷനിലൂടെ നീക്കം ചെയ്യാവുന്നതും രോഗിക്ക് ചിലപ്പോള്‍ അപസ്മാരത്തില്‍ നിന്നും സമ്പൂര്‍ണ വിമുക്തി നല്‍കുന്നതുമാണ്.
ഈ വിധമല്ലാതെ തന്നെ ചിലന്തിവല കണ്ണികളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ആ പാതകള്‍ തടസ്സപെടുത്തി ( ഡിസ്‌കണക്ഷന്‍ സര്‍ജറി ) അപസ്മാരത്തിന്റെ തോത് കുറക്കാനാകും. തലച്ചോറിന്റെ ഇടതും വലതും ഭാഗം തമ്മില്‍ സംസാരിക്കുന്നത് ചില നാഡീ സജ്ഞയം മൂലമാണ്. ഇത് വേര്‍പ്പെടുത്തുന്ന കോര്‍പ്പസ് കലോസോടോമി, ഒരു തലച്ചോറിന്റെ ഉള്‍ഭാഗം അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നത് തടസ്സപ്പെടുത്തുന്ന ഹെമിസ്ഫറോടോമി പോലെയുള്ള സര്‍ജറികളും ഉപയോഗപ്രദമാകാറുണ്ട്.
റേഡിയോ തെറാപ്പി, ഡീപ്പ് ബ്രെയിന്‍ സ്റ്റിമുലേഷന്‍, റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ എന്നിവയില്‍ തുടങ്ങി അള്‍ട്രാ സൗണ്ട് ഉപയോഗിച്ച് തലച്ചോറില്‍ മുറിവേ ഉണ്ടാക്കാത്ത ശസ്ത്രക്രിയ വരെ ഇന്ന് വികസിത രാജ്യങ്ങളിലൂടെ ഭാരതത്തിലേക്ക് എത്തിക്കഴിഞ്ഞു.
ഈ പരിശ്രമങ്ങളൊക്കെ കൂടി പുതിയ വൈദ്യശാസ്ത്രമേഖലക്കാണ് ജന്മനല്‍കിക്കഴിഞ്ഞിട്ടുള്ളത്.
എപ്പിലെപ്‌റ്റോളജി (Epileptology)!
എപ്പിലെപ്‌റ്റോളജി എന്ന ഈ പ്രസ്ഥാനം മുന്നോട്ടു നയിക്കുന്നത് ആരാണെന്നല്ലേ?
എന്റെ കുട്ടിക്ക് അപസ്മാരം ഉണ്ടെന്ന് തിരിച്ചറിയുന്ന മാതാപിതാക്കള്‍, അത് ചികിത്സിച്ചുമാറ്റുമെന്ന് തീരുമാനിക്കുമ്പോള്‍ കൂടെയൊരു താങ്ങായി നിലകൊള്ളുന്ന ബന്ധുക്കള്‍, അയല്‍പ്പക്കം, സുഹൃത്തുക്കള്‍. അപസ്മാര രോഗിയെ കൃത്യമായ ചികിത്സയ്ക്ക് ദിശ കാണിച്ചുകൊടുക്കുന്ന അയല്‍പ്പക്കത്തെ നല്ലവനായ ഡോക്ടര്‍ (പ്രൈമറി കെയര്‍ ഫിസിഷ്യന്‍, പീഡിയാട്രിഷ്യന്‍), രോഗിയോട് സ്‌നേഹത്തോടും രോഗത്തോട് അതിലെത്രയോ ഉപരി വിദ്വേഷത്തോടും പെരുമാറുന്ന അപസ്മാര ചികിത്സാ വിദഗ്ധന്‍.
എല്ലാം നോര്‍മല്‍ എന്ന് വിധിയെഴുതപ്പെടുന്ന എം.ആര്‍.ഐ സ്‌കാന്‍ വീണ്ടും വീണ്ടും ചൂഴ്ന്ന് നോക്കി പരിശോധിച്ച് അപസ്മാര കലകളെ കണ്ടുപിടിക്കുന്ന റേഡിയോളജിസ്റ്റും ന്യൂക്ലിയര്‍ മെഡിസിന്‍ ഡോക്ടറും. രോഗിയേയും കുടുംബത്തേയും ആശ്വസിപ്പിക്കുകയും എന്നാല്‍ അവരുടെ മനസിന്റെ താളപ്പിഴകള്‍ ഗ്രഹിച്ചെടുക്കുന്ന ന്യൂറോ സൈക്കോളജിസ്റ്റ്.
ഒരു ട്യൂമര്‍ പോലെ തലച്ചോറില്‍ വ്യക്തമായി കാണാന്‍ പറ്റാത്ത രോഗകലകളെ വൈദ്യുത തരംഗങ്ങള്‍ ഉപയോഗിച്ച് കണ്ടുപിടിക്കുന്ന ന്യൂറോ ടെക്‌നീഷ്യന്‍സ്, വിചിത്രമായ ഈ കലകളെ സൂക്ഷമതോടെ ഓപ്പറേഷന്‍ ചെയ്തുനീക്കുന്ന ന്യൂറോ സര്‍ജന്‍, ഇവരെ വ്യക്തിജീവിതത്തിലേക്ക് തിരിച്ചെത്താന്‍ പ്രാപ്തരാക്കാന്‍ പാടുപെടുന്ന ഫിസിയോതെറാപ്പിസ്റ്റ്, റീഹാബിലിറ്റേഷന്‍ വിദഗ്ധന്‍.
എല്ലാത്തിലുമുപരി അപസ്മാര രോഗികളെ സ്വന്തം സുഹൃത്തായി കരുതുന്ന ഒരു ജനസമൂഹം. ഈ വരുന്ന ലോക അപസ്മാര ദിനത്തില്‍ നമുക്കെല്ലാവര്‍ക്കും ഒത്തുകൂടി ഇങ്ങനെയൊരു എപ്പിലെപ്‌സി ടീം ഉണ്ടാകാം.
എന്തുപറയുന്നു?
എപ്പിലെപ്‌സി ടീം,
ആസ്റ്റര്‍ മിംസ്
(സ്‌പോണ്‍സേര്‍ഡ് കണ്ടന്റ്)